2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാൻ ഒരു മാസം കൂടി; സമയപരിധി നീട്ടുന്നത് മൂന്നാം തവണ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ, റെസ്റ്റൊറൻറ്, ബേക്കറി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. ഒരു മാസം കൂടിയാണ് സമയം നൽകിയിരിക്കുന്നത്. കാർഡ് എടുക്കാൻ സർക്കാർ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് വീണ്ടും നീട്ടി നൽകിയത്.

ഇത് മൂന്നാം തവണയാണ് സമയം നീട്ടി നൽകുന്നത്. ഫെബ്രുവരി ഒന്നിന് മുമ്പ് ഹെൽത്ത് കാർഡ് എടുക്കണമെന്നായിരുന്നു ആദ്യ നിർദേശം. പിന്നീട് ഫെബ്രുവരി 28വരെ നീട്ടി. ഹോട്ടൽ ആൻഡ് റെസ്റ്റൊറൻറ് അസോസിയേഷനിലെ നിരവധി ജീവനക്കാർ ഇനിയും കാർഡ് എടുക്കാൻ ഉണ്ടെന്നതിനാലാണ് ഇപ്പോൾ വീണ്ടും സമയപരിധി നീട്ടിയത്.

മൂന്ന് ലക്ഷത്തിലേറെ ജീവനക്കാർ ഹെൽത്ത് കാർഡ് എടുക്കാനുണ്ടെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ അവസാന കണക്കുകൾ. ഹെൽത്ത് കാർഡിന് നിർബന്ധമാക്കിയ ടൈഫോയിഡ് വാക്‌സിൻ ഇപ്പോഴും സർക്കാർ മേഖലയിൽ ലഭ്യമാക്കാനായിട്ടില്ല. നിബന്ധനകൾ പാലിച്ച് ബാക്കിയുളളവർക്ക് കൂടി ഹെൽത്ത് കാർഡ് എടുക്കാൻ സാവകാശം നൽകിയ ശേഷമായിരിക്കും നിയമ നടപടികളിലേയ്ക്ക് കടക്കുകയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ വ്യാപകമാതോടെയാണ് ഭക്ഷ്യവിതരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. രജിസ്‌ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലെ ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള സർട്ടിഫിക്കറ്റാണ് വേണ്ടത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടികളാണുണ്ടാകുക.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.