2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അവശതയിലും തളരാതെ നിരാഹാരം; മുഖം തിരിച്ച് സര്‍ക്കാര്‍, രണ്ടാഴ്ച്ച പിന്നിട്ട് സമരം

തിരുവനന്തപുരം: വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ഓരോ നിമിഷവും കാര്‍ന്നുതിന്നുമ്പോഴും സ്വന്തം ആരോഗ്യത്തെ പോലും അവഗണിച്ച് സമരത്തിന് വീര്യം പകരുകയാണ് ദയാബായി. ജീവന്‍പോയാലും കുഴപ്പമില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നുകൊണ്ട് ആരംഭിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ആവശ്യങ്ങള്‍ക്കായി സെക്രട്ടറിയേറ്റിനു മുന്‍പില്‍ ആരംഭിച്ച നിരാഹാരസമരം 12 ദിവസം പിന്നിട്ടു കഴിഞ്ഞു. എന്നാല്‍ ഇവരുടെ ആവശ്യങ്ങളില്‍
ഇതുവരെ ഒരു ചര്‍ച്ചക്ക് പോലും തയ്യാറാകാത്ത തരത്തിലുള്ള രൂക്ഷസമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവര്‍ത്തകയായ ദയാബായി അനിശ്ചിതകാലസമരം ആരംഭിച്ചത്. 82വയസ്സും നിറയെ ശാരീരിക അസ്വസ്ഥതകളുമുള്ള ഇവര്‍ ക്ഷീണം പോലും വകവെക്കാതെ വെറും തറയിലാണ് കിടപ്പ്. വെയിലും മഴയും പ്രതിരോധിക്കാന്‍ ഒരു മോല്‍ക്കൂര പോലും ആശ്രയിച്ചിട്ടില്ല. മൂന്നുതവണ പോലീസെത്തി ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കുമാറ്റിയെങ്കിലും ആശുപത്രിക്കിടക്കയിലും നിരാഹാരംതുടര്‍ന്നു. സ്വന്തം ഉത്തരവാദിത്വത്തില്‍ വിടുതല്‍തരണമെന്ന് എഴുതി നല്‍കിയാണ് വീണ്ടും സമരസ്ഥലത്തേക്ക് എത്തിയത്.

കാസര്‍കോട്ടെ ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നതാണ് ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. അഞ്ചു വര്‍ഷമായി ജില്ലയില്‍ പുതിയ എന്‍ഡോസള്‍ഫാന്‍ ഇരകളെ കണ്ടെത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ പോലും നടന്നിട്ടില്ല. ജില്ലയില്‍ ആശുപത്രി സംവിധാനങ്ങള്‍ വളരെ പരിമിതമാണ്. ലോക്ഡൗണ്‍ കാലത്ത് അതിര്‍ത്തി അടച്ചതുകൊണ്ടുമാത്രം മതിയായ ചികിത്സകിട്ടാതെ ഇരുപതോളംപേര്‍ മരിച്ചതായി ഇവര്‍ പറയുന്നു. സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയാല്‍ സമരം അവസാനിപ്പിക്കും. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സമരത്തിന്് അനുകൂലമായ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. യു.ഡി.എഫ്. നേതാക്കളും മനുഷ്യാവകാശ സംഘടനകളും സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയറ്റു നടയില്‍ എത്തുന്നുണ്ട്.

   

ഇനിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരം ഏറ്റെടുക്കാന്‍ ഒരുക്കാമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ മാര്‍ച്ചിലാണ് സതീശന്‍ പിന്തുണ അറിയിച്ചത്. എല്ലാ ജില്ലകളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ദയാബായിയുടെ സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു കത്തു നല്‍കിയെങ്കിലും ഇതുവരെ ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.