2021 January 22 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കോഫിയും സ്പൂണും ഉപയോഗിച്ച് റഹില വരച്ചു കൊവിഡ് പ്രതിരോധ പോരാളികള്‍ക്കായി ഒരു സ്‌നേഹസമ്മാനം ‘ദ അണ്‍ സങ് ഹീറോസ്’

കാസര്‍കോട്: മരണം മണക്കുന്ന ഇടനാഴികളിലൂടെ സ്വയം മറന്ന മറ്റുള്ളവര്‍ക്കായി ഓടിനടക്കുന്ന ഒരു സംഘമുണ്ട്. ലോകമെങ്ങുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍. നാം കണ്ടതിനും കേട്ടതിനും എത്രയോ അപ്പുറത്താണ് അവരുടെ ത്യാഗം. അവര്‍ഹിക്കുന്നിടത്തോളമെത്തിയില്ലെങ്കിലും പല രീതിയില്‍ അവര്‍ ആദരങ്ങളേറ്റുവാങ്ങിയിട്ടുണ്ട്. ഇവിടെയിതാ തീര്‍ത്തും വ്യത്യസ്തമായ രീതിയില്‍ അവര്‍ക്ക് ആദരവായി ഒരു സ്‌നേഹസമ്മാനമൊരുക്കിയിരിക്കുകയാണ് കാസര്‍കോട് കഞ്ഞങ്ങാട്ടുകാരിയായ ഒരു യുവ ആര്‍ക്കിടെക്ട് റഹില അബ്ദുള്ള റംസിര്‍.

നിറക്കൂട്ടുകള്‍ക്കു പകരം കോഫിയും ബ്രഷിനു പകരം സ്പൂണും ഉപയോഗിച്ച് ക്യാന്‍വാസില്‍ ഒരുക്കിയ ‘ദ അണ്‍ സങ് ഹീറോസ്’ മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വേറിട്ട ആദരമായി. കാപ്പിപ്പൊടി നിറത്തില്‍ സ്‌തെതകോപ്പും കഴുത്തിലിട്ട് പി.പി.ഇ കിറ്റ് ആണിഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെയും വിജയപ്രതീക്ഷയോടെയും നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകനെയാണ് ചിത്രീകരിച്ചിട്ടുള്ളത്.

നിലവില്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തിക്കുന്ന ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് ‘ദ അണ്‍ സങ് ഹീറോസ്’ റഹില അബ്ദുള്ള റംസിര്‍ കൈമാറി. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ബാബു ആദരചിത്രം ഏറ്റുവാങ്ങി.

ലോക്ഡൗണ്‍ സമയമായതിനാല്‍ ചിത്രകലാ സൃഷ്ടിക്ക് ആവശ്യമായ സാധനങ്ങളൊന്നും കൈവശമുണ്ടായിരുന്നില്ല. അങ്ങനെ റഹിലയും സുഹൃത്തും കൂടി ‘നോ ടൂള്‍ ചലഞ്ച്’ എന്ന പേരില്‍ ക്യാമ്പെയിന് തുടക്കമിട്ടു. കൈവശമുള്ള വസ്തുക്കള്‍ വെച്ച് ആര്‍ട് വര്‍ക്ക് ചെയ്യാനുള്ള ക്യാമ്പെയിനായിരുന്നു നോ ടൂള്‍ ചാലഞ്ച്. ഇതിന്റെ കൂടി ഭാഗമായാണ് റഹില വേറിട്ട ചിത്രമൊരുക്കിയത്.

ചിത്രകലയില്‍ പുതുസങ്കേതങ്ങളും ആശയങ്ങളും പരീക്ഷിക്കുന്ന റഹില നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ചിത്രകലയോടൊപ്പം കാലിഗ്രഫിയിലും പ്രതിഭ തെളിയിച്ചു. ചിത്രരചനയില്‍ ആക്രിലിക്ക് ആണ് ഇഷ്ട മാധ്യമം. കോഴിക്കോട് ജില്ലയിലെ കക്കോടി സ്വദേശി ഭര്‍ത്താവ് റംസീര്‍ വൈദ്യമ്പത്ത് എല്ലാ പിന്തുണയുമായി എന്നും ഒപ്പമുണ്ട്.

പരേതനായ കമ്മാടം കുഞ്ഞബ്ദുള്ളയുടെയും റംലയുടെയും മകളാണ്. കോഴിക്കോടാണ് താമസം. ഏക മകന്‍ റെന്‍സ് അബ്ദുല്ല റംസിര്‍. റെജുല, റഷ, അബീര്‍ പര്‍വീണ്‍ എന്നിവരാണ് സഹോദരങ്ങള്‍. ചിത്രകലക്കൊപ്പം യാത്രയും സംഗീതവും പുസ്തകങ്ങളെയും ഏറെ ഇഷ്ടപ്പെടുന്നുണ്ട് ഈ യുവപ്രതിഭ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.