തിരുവനന്തപുരം: നൂറ് ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ കേരളത്തിന് സാധിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് 9,000 കോടി രൂപ ലാഭിക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ക്ലൈമറ്റ് റിസ്‌ക് ഹൊറൈസണ്‍ എന്ന ഏജന്‍സി തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. വിലകൂടിയ കല്‍ക്കരി വൈദ്യുതിക്ക് പകരം സൗരോര്‍ജം, കാറ്റ് തുടങ്ങിയ പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നുള്ള വൈദ്യുതിയിലേക്ക് (ഹരിത വൈദ്യുതി) പൂര്‍ണമായും മാറിയാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 969 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്‍ക്കരി അധിഷ്ഠിത വൈദ്യുതി കരാറുകളില്‍ നിന്ന് പുറത്തുവന്നാല്‍ 1,843 കോടി രൂപ അധിക വരുമാനമുണ്ടാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
ജലാശയപ്പരപ്പുകളുടെ 20 ശതമാനം ഭാഗത്ത് സൗരനിലയങ്ങള്‍ സ്ഥാപിച്ചാല്‍ത്തന്നെ എട്ടുജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായും കാലാവസ്ഥാപരമായും സാധ്യമായ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം, കല്‍ക്കരി ഉപയോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ 30,000 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി പുനരുപയോഗ ഊര്‍ജ സ്രോതസില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കേരളത്തിന് കഴിയും. മേല്‍ക്കൂരയിലെ സോളാര്‍, ജലാശയങ്ങളിലെ ഫ്‌ലോട്ടിങ് സോളാര്‍ തുടങ്ങിയ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് നിര്‍ദേശം.
ഹരിത വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഇന്ത്യയുടെ ഹരിത ഊര്‍ജ കയറ്റുമതി കേന്ദ്രമായി മാറാനും കേരളത്തിന് അപാരമായ ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തുകൊണ്ട് ഊര്‍ജവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പറഞ്ഞു. കേരളം ദൈനംദിന ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ആവശ്യമായ ഊര്‍ജത്തിന്റെ 70% വരെ ഇറക്കുമതി ചെയ്യുകയാണ്. ഇത് മാറ്റുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം. സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ ഹരിത ഊര്‍ജം വഴി പരിഹരിച്ച ശേഷം, മിച്ചം വരുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാനാകുന്ന അവസ്ഥയിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.