2023 March 24 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലൂണയും രാഹുലും നയിച്ചു; ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ പിറന്നതിങ്ങനെ…

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ അഡ്രിയാന്‍ ലൂണ, കെ പി രാഹുല്‍ എന്നിവാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. അബ്ദെനാസര്‍ എല്‍ ഖയാതിയുടെ വകയായിരുന്നു ചെന്നൈയിനിന്റെ ഏകഗോള്‍.

രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടികൊണ്ട് ചെന്നൈയിന്‍ ആണ് കളിയിൽ ഞെട്ടിച്ചത്. പീറ്റര്‍ സ്ലിസ്‌കോവിച്ചിന്റെ സഹായത്തില്‍ ഖയാതിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് നിരന്തരം ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചെങ്കിലും സമനില ഗോൾ പിറക്കാൻ 38-ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു.

പന്തുമായി മുന്നേറാനുള്ള സഹല്‍ അബ്ദു സമദിന്റെ ശ്രമം ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞിട്ടു. എന്നാല്‍ ലൂണയുടെ ഹാഫ്‌വോളി ചെറുക്കാന്‍ ചെന്നൈ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ക്കും സാധിച്ചില്ല. അതിമനോഹരമായി എല്ലാവരെയും കാഴ്ചക്കാരാക്കി ബോൾ ഗോൾ വര ഭേദിച്ച് വലയിൽ. മത്സരം 1 – 1 സമനില.

തിരിച്ചടിച്ച് ലീഡ് നേടാൻ ചെന്നൈയിൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. മറുവശത്ത് ലീഡ് നേടാൻ ബ്ലാസ്റ്റേഴ്സിന്റെയും തീവ്ര ശ്രമം. ലീഡ് നേടാനുള്ള ശ്രമം ഒടുവിൽ വിജയം കണ്ടത് ബ്ലാസ്റ്റേഴ്സിന്റേത് ആയിരുന്നു. ഇത്തവണ കൊമ്പന്മാരുടെ പാപ്പാനായത് രാഹുൽ ആയിരുന്നു.

64-ാം മിനിറ്റില്‍ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തു. നിഷു കുമാറിന്റെ ത്രോബോള്‍ സ്വീകരിച്ച ലൂണ വലത് വിംഗിലൂടെ പന്തുമായി മുന്നോട്ട്. പിന്നാലോ ബോക്‌സിലേക്ക് നിലംപറ്റെയുള്ള ക്രോസ്. രാഹുലിന് കാല് വെക്കേണ്ടതേ ഉണ്ടായിരുന്നുള്ളു ആ ക്രോസിൽ. ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടി പന്ത് ഗോള്‍വര കടന്നു. ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ഈ ലീഡ് കളിയവസാനം വരെ കാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞതോടെ വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.