കൊച്ചി: പ്ലേഓഫിലേക്കുള്ള വഴിയിൽ തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നത് മൂന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. തുടർച്ചയായ എട്ടു മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ മഞ്ഞപ്പട മുംബൈയോടും ഗോവയോടും തോറ്റതിന്റെ ക്ഷീണം ഇന്ന് പരിഹരിക്കണം. അതിനാൽ മഞ്ഞപ്പടക്ക് ഇന്ന് വിജയം അനിവാര്യം.
ഈ സീസണിൽ ഓരേയൊരു മത്സരം മാത്രം ജയിച്ചിട്ടുള്ള പോയിന്റ് പട്ടികയിലെ ഏറ്റവും അവസാനസ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് മിന്നുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാക്കിയുള്ള ആറ് മത്സരങ്ങൾക്കായി ശരിയായ സമീപനം സ്വീകരിക്കാൻ ഞങ്ങൾ സാമർഥ്യരായിരിക്കേണ്ടതുണ്ടെന്നാണ് വുകോമാനോവിച്ച് പറയുന്നത്. മുംബൈ സിറ്റിയും ഹൈദരാബാദും ഉറപ്പിച്ച പ്ലേഓഫിലേക്ക് ഇനി നാലു സ്ഥാനങ്ങളാണ് അവശേഷിക്കുന്നത്.
ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ ആറ് ടീമുകൾക്ക് ഇനിയും പ്ലേഓഫ് സാധ്യതകളുണ്ട്. ഇന്ന് ജയിച്ചാൽ 28 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ മറികടന്ന് വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയരാം. ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റതിനാൽ പ്രതിരോധത്തിൽ സന്ദീപ് സിങ് ഇന്ന് കളിക്കില്ല. അതേസമയം പരുക്കേറ്റ മാർകോ ലെസ്‌കോവിച്ച് ഇന്ന് കളിച്ചേക്കും. സസ്‌പെൻഷൻ കഴിഞ്ഞ് കെ.പി രാഹുലും ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിലെ ഗോളോടെ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ് സ്‌കോററായ ഡിമിത്രിയോസ് ഡയമന്റകോസായിരിക്കും ലൂണയ്‌ക്കൊപ്പം ഇന്നും മുന്നേറ്റം നയിക്കുക. നോർത്ത് ഈസ്റ്റ് അവസാന 18 എവേ മത്സരങ്ങളിൽ വടക്കുകിഴക്കൻ ടീം ജയമറിഞ്ഞിട്ടില്ല. 2021 ഫെബ്രുവരിയിൽ ഈസ്റ്റ് ബംഗാൾ എഫ്.സിക്കെതിരെയായിരുന്നു അവരുടെ അവസാന എവേ വിജയം. ഈ മോശം റെക്കോഡ് അവസാനിപ്പിക്കാനായിരിക്കും ഇന്ന് ഹൈലാൻഡേഴ്‌സിന്റെ ശ്രമം. പക്ഷേ ടോപ് സ്‌കോററും ക്യാപ്റ്റനുമായ വിൽമർ ഗിലിന്റെ അഭാവം ടീമിന് തിരിച്ചടിയാവും.
മുംബൈ സിറ്റി എഫ.്‌സിക്കെതിരെ ചുവപ്പുകണ്ടാണ് കൊളംബിയൻ സ്‌ട്രൈക്കർ പുറത്തായത്. പുതുതായി ടീമിലെത്തിയ ജോസ്ബ ബെയ്റ്റിയ ഇന്ന് കളത്തിലിറങ്ങും. ഇദ്ദേഹത്തിലാണ് നോർത്ത് ഈസ്റ്റ് പരിശീലകൻ വിൻസെൻസോ അനീസെയുടെ പ്രതീക്ഷ.
Comments are closed for this post.