നാളെ ഫറ്റോര്‍ഡയില്‍ നടക്കുന്ന ഐ.എസ്.എല്‍ കലാശപ്പോരില്‍ സൂപ്പര്‍താരം സഹല്‍ അബ്ദുസ്സമദ് കളിച്ചേക്കും. മെഡിക്കല്‍ സ്റ്റാഫിനൊപ്പം താരം ഇന്ന് പരിശീലനത്തിനിറങ്ങി. സഹലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് വ്യക്തമാക്കി.
പരിശീലനത്തിനിടെ പരുക്കേറ്റ് ജംഷഡ്പൂരിനെതിരായ രണ്ടാംപാദ സെമിയില്‍ സഹല്‍ കളിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം താരം പരിശീലനത്തിന് ഇറങ്ങാതിരുന്നത് ആരാധകര്‍ക്ക് നിരാശ പകര്‍ന്നു.
കഴിഞ്ഞ 14ന് രണ്ടാംപാദ സെമിക്കു മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് സഹലിന് പരുക്കേറ്റത്. പേശീവലിവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സെമിയില്‍ താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു.
സഹലിന്റെ അഭാവത്തില്‍ ജംഷഡ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാംപാദ സെമിയില്‍ നിഷുകുമാറായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ നിരയില്‍ ഇറങ്ങിയത്. ഫൈനലിലും ഇതുതന്നെ ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
നിഷുവിന് നറുക്ക് വീണില്ലെങ്കില്‍ മലയാളി താരമായ രാഹുല്‍ സഹലിന്റെ സ്ഥാനത്ത് കളിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.ഈ സീസണില്‍ 21 മത്സരങ്ങള്‍ കളിച്ച സഹല്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ആറ് ഗോളാണ് നേടിയത്.
Comments are closed for this post.