കൊച്ചി: പുതുവർഷത്തിലും വിജയക്കുതിപ്പ് തുടരാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകമായ കൊച്ചിയിൽ ജാംഷഡ്പൂർ എഫ്.സിക്കെതിരേ ഇറങ്ങുന്നു. തുടർച്ചയായ എട്ട് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് സ്വന്തം കാണിൾക്ക് മുന്നിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുക. വിജയിച്ചാൽ 25 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തും.
ഈ സീസണിലെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായ മൂന്നുപരാജയങ്ങൾ രുചിച്ചു. തുടർന്നുള്ള ഏഴ് കളിയിലും തോൽവിയറിയാതെ കുതിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. അഞ്ച് തുടർജയങ്ങൾക്കുശേഷം ചെന്നൈയിനോട് സമനില വഴങ്ങിയെങ്കിലും കൊച്ചിയിൽ കഴിഞ്ഞ മത്സരത്തിൽ തിരിച്ചുവന്നു. ഒഡിഷ എഫ്.സിയെ ഒറ്റ ഗോളിന് മറികടന്നു. ഒരേസമയം കൂട്ട ആക്രമണവും പ്രതിരോധവുമാണ് വുകാമനോവിച്ചിന്റെ തന്ത്രം.
അതിന് യോജിച്ച നിര തന്നെ വുകാമനോവിച്ച് ഒരുക്കിയെടുക്കുകയും ചെയ്തു. ക്രൊയേഷ്യക്കാരനായ മാർകോ ലെസ്‌കോവിച്ചാണ് പ്രതിരോധനിരക്ക് നേതൃത്വം നൽകുന്നത്. മധ്യനിര അടക്കിഭരിക്കുന്നത് മലയാളികളാണ്. സഹൽ അബ്ദുൽ സമദും കെ.പി രാഹുലും അടങ്ങുന്ന മധ്യനിര ഐ.എസ്.എല്ലിലെ തന്നെ മികച്ച ജോഡിയാണ്. കൂട്ടിന് ഇവാൻ കലിയുഷ്‌നിയെന്ന എൻജിനുമുണ്ട്. അഡ്രിയാൻ ലൂണയും ദിമിത്രി ഡയമന്റാകോസും മുന്നേറ്റനിരയിൽ സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
11 കളികളിൽ നിന്ന് 22 പോയിന്റുകളുമായി നാലാംസ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും കളികളിൽ നിന്ന് ഒരുവിജയവും രണ്ടുസമനിലയുമായി അഞ്ചുപോയിന്റ് മാത്രമുള്ള ജാംഷഡ്പൂർ പട്ടികയിൽ പത്താംസ്ഥാനത്താണ്.
Comments are closed for this post.