
എം.ഷഹീര്‍
കോഴിക്കോട് : കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചു പൂട്ടിയ സിനിമാ തിയേറ്ററുകളടക്കം തുറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്തെ ബീച്ചുകളടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ തുറക്കാത്തതില്‍ പ്രതിഷേധം. ചില സ്വകാര്യ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. സാധാരണക്കാര്‍ക്ക് പണച്ചിലവില്ലാതെ ചെന്നിരിക്കാനുള്ള ബീച്ചുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാവാത്തതിലാണ് പരാതി ശക്തമാകുന്നത്.
കേരളത്തിലെ പ്രധാന ബീച്ചുകളായ കോഴിക്കോട് , ഫോര്‍ട്ട കൊച്ചി, ആലപ്പുഴ , വേളി തുടങ്ങിയ ഇടങ്ങളില്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് വന്നിരുന്നത്. എന്നാല്‍ സംസ്ഥാനത്ത കൊവിഡ് വ്യാപനമുണ്ടായാല്‍ ആദ്യം പ്രവേശന നിരോധനമേര്‍പ്പെടുത്തുന്നത് ബീച്ചുകളിലാണ്. കോഴിക്കോടുള്‍പ്പെടെയുള്ള ബീച്ചുകള്‍ അടുത്ത കാലത്താണ് കോടികള്‍ മുടക്കി സൗന്ദര്യവല്‍ക്കരിച്ചത്. കോഴിക്കോട് 91 ലക്ഷം രൂപ മുടക്കി ജിമ്മുള്പ്പെടെ സജ്ജീകരിച്ചിരുന്നു.അതിന്റെ പ്രയോജനം പൂര്‍ണമായും ജനങ്ങള്‍ക്ക് ലഭിച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂ. പ്രഭാത-സായാഹ്ന നടത്തത്തിന്റെ കേന്ദ്രങ്ങള്‍ കൊവിഡ് ഇളവുകള്‍ പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍ തന്നെ തുറന്ന് കൊടുത്തിരുന്നുവെങ്കിലും ബീച്ചുകളില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.
ആഗോളതലത്തില്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ ആദ്യം തുറന്ന് കൊടുക്കുക ബീച്ചുകളുള്‍പ്പെടെയുള്ള തുറന്ന സ്ഥലങ്ങളാണ്. തുറന്ന അന്തരീക്ഷത്തില്‍ കൊവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നതാണ് വിഗ്ധാഭിപ്രായം.അതേസമയം, കേരളത്തില്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഏറ്റവും വൈകി തീരുമാനമുണ്ടാകുന്നത്. ഇവിടങ്ങളിലേക്ക് ആളുകളെ നിയന്ത്രിതമായിട്ടെങ്കിലും പ്രവേശനം നല്‍കാനുള്ള ശ്രമം പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അടച്ചുപൂട്ടിയ ശീതികരിച്ച തീയേറ്ററുകള്‍ പോലും തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുമ്പോള്‍ ബീച്ചുകളുടെ കാര്യത്തില്‍ ആലോചന പോലുമില്ല.
കൊവിഡിനെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകള്‍ അധികമായി എത്തിച്ചേരാനുള്ള സാധ്യത സമീപഭാവിയിലില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയുടെ തിരിച്ചു വരവ് , ബീച്ചുകളുള്‍പ്പെടെയുള്ള ആഭ്യന്തര ടൂറിസം കേന്ദ്രങ്ങള്‍ തുറന്ന് കൊടുത്ത് സജീവമാക്കുന്നതിലൂടെയാണ് സാധ്യമാവുകയുള്ളൂ. ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രങ്ങളെ ആശ്രയിച്ച് നിരവധി ചെറുകിട കച്ചവടക്കാരാണ് ഉപജീവനം നടത്തി വരുന്നത്. ഈ കേന്ദ്രങ്ങള്‍ അടച്ചതോടെ അവരുടെ ജീവിതങ്ങളാണ് വഴിമുട്ടിയത്. ബീച്ചുകളും മറ്റും തുറന്ന് കൊടുത്താല്‍ ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.