2023 June 09 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘നഷ്ടപരിഹാര തുക കെട്ടിവെച്ചാലേ ജാമ്യം നല്‍കാവൂ; അബ്ദുല്‍ സത്താറിനെ മുഴുവന്‍ കേസിലും പ്രതിയാക്കണം’ പി.എഫ്.ഐ ഹര്‍ത്താല്‍ അക്രമങ്ങളില്‍ കര്‍ശന ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന വ്യാപക അക്രമങ്ങളുമായി ബന്ധപ്പെട്ട ഹരജിയില്‍ കര്‍ശന ഉത്തരവുമായി ഹൈക്കോടതി. നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രമേ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. എല്ലാ ജില്ലാ മജിസ്‌ട്രേറ്റ് കോടതികളോടും നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുംമെന്നും കോടതി അറിയിച്ചു. അല്ലാത്ത പക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാം. ഇത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിറക്കും.

ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ സംസ്ഥാനത്തെ എല്ലാ കേസിലും പ്രതിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ കോടതിയിലും പോയി അദ്ദേഹം ജാമ്യമെടുക്കട്ടെയെന്നും കോടതി പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭരണഘടന അത് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അത് മിന്നല്‍ ഹര്‍ത്താലിനുള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടികളോ, സംഘടനകളോ അറിയാതെ സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുണ്ടാകില്ല. പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്യുന്നവര്‍ പ്രത്യാഘാതം നേരിടണം- കോടതി നിരീക്ഷിച്ചു.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ 5.06 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ആവശ്യം.

ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരിക്കേറ്റെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി. ഹര്‍ത്താല്‍ അക്രമങ്ങള്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ കക്ഷി ചേരാനായി കെ.എസ്.ആര്‍.ടി.സി അപേക്ഷ നല്‍കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.