തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് മണിവരെയാണ് ചര്‍ച്ച നടക്കുകയെന്ന സ്പീക്കര്‍ എഎന്‍ ഷംസീര്‍ അറിയിച്ചു. അടിയന്തപ്രമേയത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തപ്രമേയ നോട്ടിസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തുന്നത്.
ഗൂഢാലോചന നടന്നു എന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്നും മാധ്യമങ്ങളില്‍ നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമല്ല. അതിനാല്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്ന പരാമര്‍ശങ്ങള്‍ക്ക് മേല്‍ അഭിപ്രായം പറയല്‍ സാധ്യമല്ലെന്ന് മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും ചില മാധ്യമവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നത് യുക്തിക്ക് നിരക്കാത്തതാണ്. സര്‍ക്കാരിന് ഔദ്യോഗികമായി ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ പരിശോധനനടത്തിയും നിയമപോദേശം നടത്തിയുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെങ്കില്‍ പോലും സഭയില്‍ അവതരിപ്പിച്ചിട്ടുള്ള അടിയന്തപ്രമേയത്തിലെ വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാരിന് ഒരു വിമുഖതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുമണിക്ക് നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കുമെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ നിയമസഭയെ അറിയിച്ചു.
ഗൂഢാലോചനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സോളര്‍ കേസിനായി മുന്‍ മന്ത്രിയും ഇപ്പോള്‍ എല്‍ഡിഎഫിന്റെയും ഭാഗമായ കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എ, ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവര്‍ ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവന്നിരിക്കുന്നത്.
Comments are closed for this post.