2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പരിസ്ഥിതിലോല മേഖല; 12 കി.മി വരെ നിശ്ചയിച്ചത് യു.ഡി.എഫ് സര്‍ക്കാരെന്ന് മന്ത്രി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി ഭരണ-പ്രതിപക്ഷം തമ്മില്‍ നിയമസഭയില്‍ തര്‍ക്കം.ചോദ്യോത്തരവേളയില്‍, വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖല നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി സംബന്ധിച്ച ചോദ്യത്തിന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ മറുപടി നല്‍കി.

പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കി.മി വരെ വേണമെന്ന് രേഖപ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണെന്ന് വനം മന്ത്രി പറഞ്ഞു. ജനവാസ മേഖലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സര്‍ക്കാരാണ്. വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വനം മന്ത്രി അറിയിച്ചു. 2019ല്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ പരിസ്ഥിതി ലോല മേഖല 10 കിലോമീറ്ററാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍, ജനവാസമേഖലയെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ജനവാസ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയത് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

   

ജനവാസ കേന്ദ്രങ്ങള്‍ അടക്കം ബഫര്‍ സോണ്‍ എന്നാണ് ഉത്തരവ്. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ധേക്കര്‍ ബഫര്‍ സോണില്‍ കേരളം അനുകൂലം എന്ന് പാര്‍ലമെന്റില്‍ പറഞ്ഞു .കേരള സര്‍ക്കാര്‍ നടപടി ആണ് സുപ്രിം കോടതി ഉത്തരവിന് കാരണം പി.ടി തോമസിന്റെ യും തന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് കാട് സംരക്ഷിക്കണം എന്നാണ് . നിങ്ങളെ പോലെ കാട് വെട്ടിത്തെളിക്കണം എന്നല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.