ന്യൂഡല്‍ഹി: നിയമസഭാ കൈയ്യാങ്കളിക്കേസില്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. നിയമസഭയിലെ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കേണ്ടത് സഭയാണെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചപ്പോള്‍, ഒരു എംഎല്‍എ തോക്കെടുത്ത് വന്ന് വെടിവച്ചാല്‍ സഭയ്ക്കാണോ അവിടെ പരമാധികാരമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ഇവിടെയാരും ഒന്നും അടിച്ചുതകര്‍ക്കാറില്ലെന്നും അദ്ദേഹം പരിഹസിച്ചു. കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെയും സുപ്രിംകോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കേണ്ടത് പ്രതികള്‍ക്കായല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടെ, പ്രതിഷേധം കെ.എം മാണിക്കെതിരായെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ തിരുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മൊത്തത്തിലുള്ള അഴിമതിക്കെതിരെയാണ് നിയമസഭയില്‍ പ്രതിഷേധിച്ചതെന്നാണ് നിലപാട് അറിയിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി, ഒരു വനിതാ അംഗത്തിന് പരുക്കേറ്റുവെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സഭയില്‍ രാഷ്ട്രീയപ്രതിഷേധങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഇത് രാഷ്ട്രീയപ്രതിഷേധമാണെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, എന്ത് ചട്ടപ്രകാരമാണ് ഈ കേസിലെ പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത് എന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു.
Comments are closed for this post.