തിരുവനന്തപുരം: തുടര്‍ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച പ്രമേയം സഭയില്‍ അവതരിപ്പിച്ചു. വരും ദിവസങ്ങളിലേയ്ക്കുള്ള ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് ധനബില്ലും, ധനവിനിയോഗ ബില്ലും സഭ പാസ്സാക്കി.
സ്പീക്കര്‍ റൂളിംഗ് നല്‍കിയതിന് ശേഷവും തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പിന്തിരിയാതെ പ്രതിപക്ഷം ഏഴാം ദിവസവും പിന്മാറാത്തതിനെ തുടര്‍ന്നാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചത്. സഭ നിരന്തരം തടസപ്പെട്ടിടും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാത്തതിലും പ്രതിപക്ഷ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിലും പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എം.എല്‍.എമാര്‍ നടുത്തളത്തില്‍ സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഉമാ തോമസ്, അന്‍വര്‍ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സഭയില്‍ ഇന്ന് മുതല്‍ സത്യഗ്രഹമിരുന്നത്.
എന്നാല്‍ സഭാ ടിവി പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല. നടുത്തളത്തില്‍ ഇരുന്ന് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇവര്‍ പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന് ധിക്കാരമാണെന്നും സഭാ നടപടികളോട് സഹകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, നടുത്തളത്തില്‍ സത്യഗ്രഹ പ്രഖ്യാപനം ചട്ടവിരുദ്ധമാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സഭയുടെ നടുത്തളത്തില്‍ സമാന്തരസഭ സംഘടിപ്പിച്ചു എന്ന കുറ്റം പ്രധാനപ്രശ്‌നമായി നിലനില്‍ക്കവെ, സത്യാഗ്രഹം പ്രഖ്യാപിച്ചത് സഭയുടെ നടത്തിപ്പിനോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ റൂളിംങിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷം സഭയെ അവഹേളിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കാര്‍മികത്വത്തിലാണിത് നടക്കുന്നത്. വിഷയത്തില്‍ സ്പീക്കറുടെ തീര്‍പ്പ് വേണമെന്നും എം.ബി രാജേഷ് ആവശ്യപ്പെട്ടു.
Comments are closed for this post.