2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അരനൂറ്റാണ്ടിനിടെ ഒ.സി ഇല്ലാത്ത ആദ്യ സഭ; ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് ഒമ്പതാം നിയമസഭ സമ്മേളനം തുടങ്ങി

അരനൂറ്റാണ്ടിനിടെ ഒ.സി ഇല്ലാത്ത ആദ്യ സഭ; ഉമ്മന്‍ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരമര്‍പ്പിച്ച് ഒമ്പതാം നിയമസഭ സമ്മേളനം തുടങ്ങി

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സ്പീക്കര്‍ വക്കംപുരുഷോത്തമനും ആദരമര്‍പ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. ചരമോപചാര പ്രമേയം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മറ്റ് കക്ഷി നേതാക്കളും അനുസ്മരിച്ച് സംസാരിച്ചു.

കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തില്‍ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. പൊതു പ്രവര്‍ത്തകര്‍ക്ക് ഉമ്മന്‍ചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നല്‍ നല്‍കിയിരുന്ന പൊതു പ്രവര്‍ത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്നും സ്പീക്കര്‍ അനുസ്മരിച്ചു.

സ്പീക്കര്‍ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കര്‍ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതല്‍ കാലം സ്പീക്കരായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയ ദാര്‍ഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. ഭരണാധികാരിയായി ഇരിക്കുമ്പോഴും സാധാരണക്കാരുടെ ഇടയില്‍ ജീവിക്കാന്‍ ആഗ്രഹിച്ച ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുസ്മരിച്ചു. ഉമ്മന്‍ ചാണ്ടിക്കും വക്കം പുരുഷോത്തമനും ആദരം അര്‍പ്പിച്ച ശേഷം മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കാതെ സഭ ഇന്ന് പിരിയും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗമല്ലാതെയുള്ള അര നൂറ്റാണ്ടിനിടെ ആദ്യസമ്മേളനമാണ് ഇന്ന് ആരംഭിച്ചത്. 1970ല്‍ പുതുപ്പള്ളിയില്‍നിന്ന് ജയിച്ച് സഭാംഗമായ അദ്ദേഹം മരണം വരെയും എം.എല്‍.എ പദവി നിലനിര്‍ത്തി. സഭാസമ്മേളനത്തില്‍ പലഘട്ടങ്ങളില്‍ അദ്ദേഹം ദിവസങ്ങള്‍ മാറിനിന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ ചാണ്ടി അംഗമല്ലാത്ത സഭ അഞ്ചു പതിറ്റാണ്ടിനിടെ ഇതാദ്യം. പ്രതിപക്ഷപക്ഷത്ത് ഒന്നാംനിരയിലായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഇരിപ്പിടം.

അതേസമയം, നാളെ മുതല്‍ 15ാം കേരള നിയമസഭയുടെ 9ാം സമ്മേളനം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വേദിയാകും. സര്‍ക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, സപ്ലൈകോ സ്‌റ്റോറുകളിലെ അവശ്യസാധനങ്ങളുടെ ക്ഷാമം, മന്ത്രി ആര്‍. ബിന്ദുവിനെതിരായ പ്രിന്‍സിപ്പല്‍ നിയമനത്തിലെ ഇടപെടല്‍ വിവാദം, തെരുവുനായ് ശല്യം, മലബാറിലെ പ്ലസ് ടു സീറ്റ് ക്ഷാമം, മുതലപ്പൊഴിയില്‍ തുടര്‍ക്കഥയാകുന്ന തോണിയപകടം എന്നിങ്ങനെ പ്രശ്‌നങ്ങള്‍ അടിയന്തര പ്രമേയമായും ശ്രദ്ധക്ഷണിക്കലായും സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും.

വലിയ വാര്‍ത്തയായിട്ടും ഒന്നിലും പ്രതികരിക്കാതെ മാറിനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നിലപാട് പറയാന്‍ നിര്‍ബന്ധിക്കുകയെന്ന തന്ത്രമാകും പ്രതിപക്ഷം സ്വീകരിക്കുക .ആകെ 12 ദിവസം ചേരുന്ന സഭ ആഗസ്റ്റ് 24 വരെ നീളും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.