2023 March 25 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘മണവാട്ടിയായി മകള്‍ പടിയിറങ്ങുമ്പോള്‍ കടലിനക്കരെ മോര്‍ച്ചറിയില്‍ അവസാന മയക്കത്തിലായിരുന്നു പിതാവ്’ പ്രവാസത്തിലെ ഒരു നോവ് കൂടി പങ്കുവെച്ച് അശ്‌റഫ് താമരശ്ശേരി

അജ്മാന്‍: പ്രവാസത്തിലെ നോവേറുന്ന ഒരുനുഭവം കൂടി പങ്കുവെച്ച് അശ്‌റഫ് താമരശ്ശേരി. മകളുടെ കല്യാണനാളില്‍ വിദേശത്തു വെച്ച് മരണപ്പെട്ട പിതാവിനെ കുറിച്ചാണ് കുറിപ്പ്. മക്കളുടെ കല്യാണത്തില്‍ പോലും പങ്കെടുക്കാതെ അതിന്റെ ഒരുക്കങ്ങള്‍ക്കായി പണമയച്ച് മനസ്സുകൊണ്ട് ആശിര്‍വദിച്ച് സങ്കടം ഉള്ളിലൊതുക്കി ചിരിച്ചു നടക്കുന്ന അനേകായിരം പിതാക്കളില്‍ ഒരാള്‍. സങ്കടം വിങ്ങിയിട്ടോ സന്തോഷം അണപൊട്ടിയിട്ടോ എന്തെന്നറിയില്ല ആ മനുഷ്യന്റെ ഹൃദയം നിലച്ചു പോയെന്ന് അദ്ദേഹം കുറിക്കുന്നു.

കുറിപ്പ് വായിക്കാം

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ഒരാളുടെ ബന്ധപ്പെട്ടവര്‍ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ് ഞാന്‍ അയാളുടെ വിവരങ്ങള്‍ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയില്‍ ചോര നീരാക്കുന്ന പച്ചയായ മനുഷ്യന്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച. നാട്ടിലേക്ക് പോയി വിവാഹം കൂടാന്‍ നിലവിലെ സാഹചര്യങ്ങള്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങള്‍ ഒത്ത് വന്നാല്‍ എത്തിച്ചേരാം എന്ന് വാക്കും നല്‍കിയിരുന്നു. എന്ത് ചെയ്യാന്‍ കഴിയും വിധി സാഹചര്യങ്ങള്‍ ഒരുക്കിയില്ല. തന്റെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ കേട്ടറിഞ്ഞു. പൂതി മനസ്സില്‍ മറവു ചെയ്ത് തന്റെ ജോലിയില്‍ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂര്‍ത്തത്തില്‍ ഈ പ്രിയപ്പെട്ട പിതാവ് മോര്‍ച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോര്‍ച്ചറിയിലെ പെട്ടിയില്‍. വിവാഹത്തിനു രണ്ട് ദിവസം മുന്‍പ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോള്‍ വെള്ളിയാഴ്ച്ച ഈ മനുഷ്യന്റെ അവസാന ശ്വാസം നിലച്ചു പോയി…..പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താന്‍ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തില്‍ എല്ലാവരും പങ്കെടുക്കുമ്പോള്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാതെ പോയതില്‍ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി. സന്തോഷത്തിന്റെ ആഹ്‌ളാദ നിമിഷങ്ങള്‍ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂര്‍ത്തത്തില്‍ സന്തോഷത്തിന്റെയോ സന്ദേഹത്തിന്റെയോ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കാനാകാതെ അയാള്‍ നിശ്ചലമായി മോര്‍ച്ചറിയില്‍ വിശ്രമിക്കുകയായിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.