നിസാര്‍ കൂമണ്ണ
വിഷമത്തോടെ തിരഞ്ഞുനടന്ന പിതാവും സഹോദരനും നിറകണ്ണുകളോടെ കാത്തിരുന്ന മാതാവും മണ്‍മറഞ്ഞെങ്കിലും നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷം സി.വി അബൂബക്കര്‍ വീട്ടിലെത്തി. അബൂബക്കര്‍ താമസിച്ച പഴയ വീട് ഇന്നില്ല, സഹോദരന്‍ സമദിന്റെ വീട്ടിലാണ് കുടുംബക്കാരുടെയും നാട്ടുകാരുടെയും സന്തോഷത്തിലേക്ക് അദ്ദേഹം വന്നുചേര്‍ന്നത്. മാസികാസ്വാസ്ഥ്യം പൂര്‍ണമായി ഭേദമായില്ലെങ്കിലും 28 വര്‍ഷത്തിനിപ്പുറം ഒരുപാട് മാറിയ നാട്ടില്‍ അന്നത്തെ കൂട്ടുകാരെ പലരെയും തിരിച്ചറിയുന്നുണ്ട്. മലപ്പുറം ഒളകര കൂമണ്ണ വലിയപറമ്പ് ചാനത്തുവീട്ടില്‍ മമ്മുദുവിന്റെ മകനാണ് അബൂബക്കര്‍. മാതാവ് ഖദീജ.
1994ല്‍ 25ാം വയസ്സിലാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അബൂബക്കറിനെ പിതാവ് ചികിത്സയ്ക്കായി ഏര്‍വാടിയിലേക്ക് കൊണ്ടുപോകുന്നത്. അവിടെ നിന്ന് വരുന്നതിനിടെ ചെന്നൈയില്‍ വച്ച് അബൂബക്കറിനെ കാണാതായി. പല വിധേന ഒരുപാട് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.
കഴിഞ്ഞ ദിവസമാണ് അബൂബക്കറിന്റെ ഫോട്ടോയും വിലാസവും സഹിതം വാട്‌സ്ആപ് സന്ദേശം വരുന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദേശം. ചെന്നൈയിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ വഴിയാണ് ഇതിനു വഴിയൊരുങ്ങിയത്. 28 വര്‍ഷത്തോളം ചെന്നൈയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു അബൂബക്കര്‍. ചെന്നൈയില്‍ അലഞ്ഞുനടന്ന അബൂബക്കറിനെ കോടതി ഇടപെട്ടാണ് മാനസികാരോഗ്യ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ നിന്ന് രണ്ടു മാസങ്ങള്‍ക്ക് മുമ്പ് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മലയാളികള്‍ നടത്തുന്ന റിഹാബിലിറ്റേഷന്‍ സെന്ററിലേക്ക് എത്തുന്നത്. അവര്‍ 28 വര്‍ഷങ്ങളായി അജ്ഞാതമായ അബൂബക്കറിന്റെ നാടും ബന്ധുക്കളെയും തേടിയിറങ്ങി. അബൂബക്കര്‍ നല്‍കിയ വിവരങ്ങള്‍ ചേര്‍ത്തുവച്ചാണ് ഒടുവില്‍ നാടണയാന്‍ ഭാഗ്യമുണ്ടായത്. ആദ്യം ചെന്നൈയിലുള്ള നാട്ടുകാര്‍ കാര്യങ്ങള്‍ മനസ്സിലാക്കി കുടുംബക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി. തുടര്‍ന്ന് ബന്ധുക്കള്‍ അവിടെയെത്തി അബൂബക്കറിനെ തിരിച്ചറിഞ്ഞ് പിറന്ന മണ്ണിലെത്തിക്കുകയായിരുന്നു. 10 വര്‍ഷം മുമ്പ് അബൂബക്കറിന്റെ ഉറ്റവരെ കണ്ടെത്താന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.
ഇനി ആവശ്യമുള്ള ചികിത്സ നല്‍കി അബൂബക്കറിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മൂന്ന് സഹോദരിമാരും അവരുടെ മക്കളും സഹോദരന്റെ ഭാര്യയും സന്താനങ്ങളും അടങ്ങുന്ന
കുടുംബത്തിന്റെ സംരക്ഷണത്തിലേക്ക് അബൂബക്കര്‍ തിരിച്ചെത്തുമ്പോള്‍ എല്ലാവരും ഹാപ്പിയാണ്. ഫാത്തിമ, മൈമൂന, ജംഷീറ എന്നിവരാണ് സഹോദരിമാര്‍.
Comments are closed for this post.