2021 April 16 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പൊന്നാനി സി.പി.എമ്മില്‍ പ്രതിഷേധം പുകയുന്നു; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു

പൊന്നാനി: പൊന്നാനി സി.പി.എമ്മില്‍ പ്രതിഷേധം പുകയുന്നു. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു. നാല് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുമുണ്ട്. ടി.കെ മസ്ഊദ്, നവാസ് നാക്കോല, ജമാല്‍ എന്നിവരാണ് രാജിവെച്ചത്.

പൊന്നാനിയില്‍ പി. നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പൊന്നാനിയില്‍ടി.എം സിദ്ധീഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നതാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനത്തിന്റെ ഒരേയൊരു ആവശ്യം.

നേരത്തെ പാലൊളി മുഹമ്മദ് കുട്ടി മത്സരിക്കുന്ന സമയത്തുതന്നെ ഇദ്ദേഹത്തിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ അന്ന് പാര്‍ട്ടി തീരുമാനത്തെ അണികള്‍ അംഗീകരിക്കുകയായിരുന്നു. പിന്നീട് പി.ശ്രീരാമകൃഷ്ണന്‍ രണ്ടു തവണ ഇവിടെ നിന്നു മത്സരിച്ചപ്പോഴും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിശബ്ദരായി. എന്നാല്‍ ഇത്തവണ വീണ്ടും ശ്രീരാമകൃഷ്ണന് അവസരമില്ലാതായതോടെ സിദ്ധീഖിന്റെ പേരാണ് പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം അതംഗീകരിക്കാതെ പി.നന്ദകുമാറിനെ പരിഗണിച്ചതാണ് ആയിരക്കണക്കിനു പ്രവര്‍ത്തകരെ തെരുവിലേക്കിറക്കിയത്.

നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തുമെന്ന ഫഌ്‌സുമായി നടക്കുന്ന പ്രകടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പങ്കെടുത്തത്.

അതേ സമയം തെറ്റിദ്ധാരണയുടെ പേരിലാണ് പൊന്നാനിയിലെ പ്രകടനമെന്നാണ് ജില്ലാ സെക്രട്ടറി മോഹന്‍ദാസ് പ്രതികരിച്ചത്. സ്ഥാനാര്‍ഥി ആരെന്നറിയുമ്പോള്‍ പ്രതിഷേധമടങ്ങും. മാത്രവുമല്ല, പ്രതിഷേധ പ്രകടനത്തിനിറങ്ങിയിരിക്കുന്നവരില്‍ ആരും പാര്‍ട്ടി അംഗങ്ങളോ നേതാക്കളോ അല്ല. ആര്‍ക്കും പ്രകടനം നടത്താം. ഏതു ബാനറും കെട്ടാം. അതൊന്നും പാര്‍ട്ടി കാര്യമായെടുക്കുന്നില്ലെന്നും മോഹന്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം വന്നതോടെ പൊന്നാനിയില്‍ വീണ്ടും പ്രവര്‍ത്തകരുടെ പ്രതിഷേധം മൂര്‍ച്ഛിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.