2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ ലഹരിക്കടത്ത്; മുംബൈയില്‍ മലയാളി പിടിയില്‍, എത്തിച്ചത് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കള്‍

 

എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസാണ് അറസ്റ്റിലായത്

മുംബൈ: ഒറഞ്ച് ഇറക്കുമതിയുടെ മറവില്‍ വന്‍ ലഹരിക്കടത്ത്. 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് രാജ്യത്ത് എത്തിച്ചത്. സംഭവത്തില്‍ എറണാകുളം സ്വദേശി വിജിന്‍ വര്‍ഗീസ് എന്നയാളെ നവി മുംബൈ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് മയക്കു മരുഎത്തിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 1476 കോടി വിലവരുന്ന 198 കിലോ വീര്യം കൂടിയ ക്രിസ്റ്റല്‍ മെത്ത്, 9 കിലോ കൊക്കൈയ്ന്‍ എന്നീ ലഹരി മരുന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡിആര്‍ഐ പിടികൂടിയത്. ട്രക്കില്‍ കടത്തുന്നതിനിടെ വഴിയില്‍ തടഞ്ഞ് വച്ച് പിടികൂടുകയായിരുന്നു. വലന്‍സിയ ഓറഞ്ച് എന്ന പേരിലാണ് ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ് ബര്‍ഗില്‍ നിന്ന് ലഹരി മരുന്ന് എത്തിച്ചത്.വിജിന്‍ വര്‍ഗീസിന്റെ കമ്പനിയായ യമ്മി ഇന്റര്‍ണാഷണല്‍ ഫുഡ്‌സ് എന്ന കമ്പനിയുടെ പേരിലായിരുന്നു ഇറക്കുമതി. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ വിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി ഡിആര്‍ഐ കസ്റ്റഡിയില്‍ വാങ്ങി.

ചോദ്യം ചെയ്യലിനിടെ തന്റെ കൂട്ടാളിയെ കുറിച്ചും ഇയാള്‍ വിവരം നല്‍കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ മന്‍സൂര്‍ തച്ചന്‍പറമ്പന്‍ എന്നയാളാണ് പിടികൂടിയ കണ്‍സൈന്‍മെന്റ് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. മുന്‍പ് പലവട്ടം മന്‍സൂറുമായി ചേര്‍ന്ന് പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. 70,30 അനുപാതത്തിലാണ് ലാഭം പങ്കുവച്ചിരുന്നത്. മന്‍സൂര്‍ ഒളിവിലാണ്. മോര്‍ ഫ്രഷ് ഫുഡ്‌സ് എന്നൊരു പഴവര്‍ഗ ഇറക്കുമതി കമ്പനി ഇയാള്‍ക്കുമുണ്ട്.

   

കൊവിഡ് കാലത്ത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയച്ചുള്ള കച്ചവടത്തിലൂടെയാണ് ഇരുവരും സൗഹൃദം തുടങ്ങുന്നതെന്ന് ഡിആര്‍ഐ പറയുന്നു. പിന്നീട് മറ്റ് ബിസിനസുകളിലും സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോവാനാണോ ഇന്ത്യയില്‍ വിതരണം ചെയ്യാനാണോ ഇത്രയും അളവ് ലഹരി മരുന്ന് എത്തിച്ചതെന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. വിജിന്റെ സഹോദരനും യമ്മി ഇന്റര്‍നാഷണല്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിന്റെ സഹ ഉടമയുമായ ജിബിന്‍ വര്‍ഗീസിനെ കേന്ദീകരിച്ചും അന്വേഷണം തുടരുകയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.