2021 July 27 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

നിശ്ചയദാര്‍ഢ്യത്തിന്റെ നേര്‍ചിത്രമായി ചരിതം രചിച്ചവള്‍…. ലത്തീഷ ഇനി ഓര്‍മ

എരുമേലി: വെറുതെ സ്‌ക്രോള് ചെയ്ത പോവുന്ന വാട്‌സ് ആപ് സന്ദേശങ്ങളില്‍..ഫേസ്ബുക്ക് കുറിപ്പുകളില്‍ മാറിമാറിപ്പോകുന്ന ചാനലുകളിലെ ഏതോ ഒരു മിന്നലാട്ടത്തില്‍ വായിക്കാതെ മടക്കി വെച്ച പത്രത്താളുകളില്‍ അലസമായി മറിച്ചിട്ട മാഗസിനുകളില്‍…എവിടെയെങ്കിലുമൊക്കെയായി അവളെ നാം കണ്ടിട്ടുണ്ടാവും കേട്ടിട്ടുണ്ടാവും…ലത്തീഷ അന്‍സാരി. വയസ്സ് മുപ്പതോളമായിട്ടും ഒരഞ്ചുവയസ്സുകാരിയുടെ ശരീര വളര്‍ച്ചയും ഓമനത്തവുമുള്ള പെണ്‍കുട്ടി.

രോഗങ്ങള്‍ തീര്‍ത്ത ശാരീരികാവസ്ഥയെ ചിരിച്ചു കൊണ്ട് നേരിട്ടവള്‍. ഉമ്മയുടേയും ഉപ്പയുടേയും തോളേറി അവരുടെ സ്‌നേഹക്കരുതലിന്റെ കരുത്തില്‍ കിനാക്കളിലേക്ക് പറന്നുയര്‍ന്നവള്‍. തന്റെ എല്ലാ പോരാട്ടങ്ങളും പാതിവഴിയില്‍ അവസാനിപ്പിച്ച് അവള്‍ യാത്രയായിരിക്കുന്നു. ആകുലതകളില്ലാത്തൊരു ലോകത്തേക്ക്.

എല്ലുകള്‍ ഒടിഞ്ഞുപോകുന്ന ഓസിറ്റിജെനിസിസ് ഇംപെര്‍ഫെക്ട എന്ന രോഗമായിരുന്നു ലത്തീഷയ്ക്ക്. അതോടൊപ്പം സ്വാഭാവികമായി ഓക്സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവും. വല്ലാത്തൊരു പ്രയാസത്തിലായിരുന്നു അവളുടെ ദിനരാത്രങ്ങള്‍ കടന്നു പോയിരുന്നത്. 24 മണിക്കൂറും ഓക്സിജന്‍ സപ്പോര്‍ട്ടിലായിരുന്നു ജീവിതം.

വളര്‍ച്ചയില്ലാത്ത ലത്തീഷയെ അച്ഛനും അമ്മയും ഒക്കത്തിരുത്തിയാണ് കൊണ്ടുപോവുക. എന്നാലും അവളുടെ തീരുമാനങ്ങള്‍ക്ക് ഒട്ടും പതര്‍ച്ചയില്ലായിരുന്നു. എം.കോം പൂര്‍ത്തിയാക്കി. സിവില്‍ സര്‍വീസ് പരീക്ഷ വരെ എഴുതി ഈ മിടുക്കി.

എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ. എരുമേലിയിലെ എംഇഎസ് കോളേജില്‍ നിന്നാണ് പിജി പഠനം പൂര്‍ത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന്‍ സിലിണ്ടറോടെയാണ് ലത്തീഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

പഠനത്തില്‍ മാത്രമായിരുന്നില്ല ലത്തീഷയുടെ മിടുക്ക്. കീബോര്‍ഡ് ഉള്‍പെടെ സംഗീത ഉപകരണങ്ങള്‍ അനായാസമായി കൈകാര്യ ചെയ്തിരുന്നു. നിരവധി സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്. നന്നായി വരക്കുകയും ചെയ്യുമായിരുന്നു. ലതീഷാസ് ഹാപ്പിനസ് എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.