2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

രാഹുലിന്റെ ചിറക്


വ്യക്തിവിചാരം


ഇന്ത്യാ ടുഡേയുടെ സൗത്ത് ഇന്ത്യാ കോണ്‍ക്ലേവില്‍ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ് പറഞ്ഞു- സോണിയാ ഗാന്ധിക്ക് അഹമ്മദ് പട്ടേല്‍ എങ്ങനെയോ അങ്ങനെയാണ് രാഹുല്‍ യുഗത്തില്‍ കെ.സി വേണുഗോപാല്‍. കെ.സിയുടെ കൈയൊപ്പില്ലാതെ കോണ്‍ഗ്രസിന്റെ ഒരു തീരുമാനവുമുണ്ടാകുന്നില്ല. വടക്കന്‍ കേരളത്തിലെ പയ്യന്നൂരില്‍ ജനിച്ച് പയ്യന്നൂര്‍ കോളജില്‍നിന്ന് തന്നെ കണക്കില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി ആലപ്പുഴയില്‍ വേരുറപ്പിച്ച് ആപത്തു കാലത്ത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു വേണ്ടി ഇന്ദ്രപ്രസ്ഥത്തില്‍ തന്ത്രങ്ങള്‍ മെനയുന്ന കെ.സിക്ക് കഴിഞ്ഞ ഫെബ്രുവരിയോടെ വയസ് അറുപതായി. കൊച്ചുകേരളത്തില്‍നിന്ന് ഡല്‍ഹിക്ക് പ്രവര്‍ത്തനമണ്ഡലം മാറ്റിയ ഒറ്റ കോണ്‍ഗ്രസ് നേതാവിനും ഇന്നോളം കൈകാര്യം ചെയ്യാനാവാത്ത അധികാരം പാര്‍ട്ടിയില്‍ കൈയാളുകയാണ് കെ.സി. ആറു വര്‍ഷമായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി. കുലമഹിമയുള്ള ചെന്നിത്തലയ്ക്കുമേല്‍ തരൂരിനെ പ്രതിഷ്ഠിക്കുന്നതടക്കം ചുവടുകള്‍ ഓരോന്നും അതീവ കരുതലോടെ.


അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുണ്ട്. ഇംഗ്ലിഷും ഹിന്ദിയും പടപടാ സംസാരിക്കുന്ന നിരവധി പ്രതിഭാധനരായ നേതാക്കളും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനുണ്ട്. പക്ഷേ, പാര്‍ട്ടിയുടെ അധികാരകേന്ദ്രമായ രാഹുലിന്റെ ചലനങ്ങള്‍ക്ക് വേഗച്ചിറകുകളൊരുക്കുന്നത് കെ.സിയാണ്. ജി23 നേതാക്കളുടെ കുറ്റപ്പെടുത്തലുകള്‍ നീണ്ടതു കെ.സിക്കു നേരെ കൂടിയാണ്. 2019ലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് പദം രാജിവയ്ക്കുകയും അധ്യക്ഷ പദവിയിലേക്ക് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍ വരട്ടെയെന്ന് നിര്‍ദേശിക്കുകയും ചെയ്ത രാഹുല്‍ ആ പദവിയിലേക്ക് കെ.സിയെ നിര്‍ദേശിക്കുമോ എന്നു പോലും സംസാരമുണ്ടായി.


ഏറ്റവുമൊടുവില്‍ എ.ഐ.സി.സി പ്രവര്‍ത്തകസമിതി പുനഃസംഘടിപ്പിച്ചപ്പോള്‍ കേരളത്തില്‍നിന്ന് ശശി തരൂരും കെ.സിയും എ.കെ ആന്റണിയും ഉള്‍പ്പെടുകയും രമേശ് ചെന്നിത്തല ക്ഷണിതാവ് മാത്രമാവുകയും ചെയ്തതില്‍ അമര്‍ഷം കെ.സിക്കു നേരെ ആവുക സ്വാഭാവികം. പുതുപ്പള്ളിയിലെ പാട്ട് കഴിഞ്ഞ് കാണാമെന്ന് ചെന്നിത്തലയും കെ. മുരളീധരനും പറഞ്ഞുവച്ചിരിക്കുന്നു. ദേശീയ തലത്തില്‍ ആന്റണിക്ക് പഴയ സ്വാധീനമില്ലെന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെയാര്? ഒറ്റ ഉത്തരമേയുള്ളൂ- കെ.സി വേണുഗോപാല്‍. രാഹുലിന്റെ കാലത്ത് എ.ഐ.സി.സിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായ കെ.സി, ഖാര്‍ഗെക്കു കീഴിലും തുടരുകയാണ്. ഗാന്ധി കുടുംബത്തെയും കോണ്‍ഗ്രസിനെയും ബന്ധിപ്പിക്കുന്ന പാലമാണ് കെ.സി. പാര്‍ട്ടിക്ക് ചെങ്കോലും കിരീടവും ഉണ്ടായിരുന്ന കാലത്ത് ജനപഥ് പത്തിലേക്ക് തിരുതയുമായി പോയവരെല്ലാം അധികാരം എറിഞ്ഞുപിടിക്കാന്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയോ താരതമ്യേന സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങുകയോ ചെയ്ത ആപത്തു കാലത്താണ് വേണുഗോപാല്‍ കന്യാകുമാരി മുനമ്പില്‍നിന്ന് തണുത്തുറഞ്ഞ ശ്രീനഗറിലേക്ക് രാഹുല്‍ നടന്നപ്പോള്‍ ഇടവും വലവും മുന്നിലും പിന്നിലുമായി നിഴല്‍പോലെ ഉണ്ടായത്. ഇ.ഡിയുടെ ഇടിക്കൂട്ടില്‍ രാഹുല്‍ 54 മണിക്കൂര്‍ ചോദ്യങ്ങള്‍ക്ക് മുന്നിലായപ്പോള്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത്. ഡല്‍ഹി പൊലിസിന്റെ മര്‍ദനമുറകള്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ചത്.


ശരിയാണ്, രാഹുലിന്റെ ചെറുപ്പക്കാരുടെ സംഘത്തില്‍പ്പെട്ടവരില്‍ മിക്കവരും ഭാഗ്യമന്വേഷിച്ച് കടല്‍ കടന്നു. ജ്യോതിരാദിത്യ സിന്ധ്യയെയോ ജിതിന്‍ പ്രസാദയെയോ ഒന്നും നിലനിര്‍ത്താന്‍ സാധിച്ചില്ല. പഞ്ചാബില്‍ സിദ്ദുവിനെ പിണക്കാതിരിക്കാന്‍ അമരീന്ദറിനെ വിട്ടു. ഒടുവില്‍ പഞ്ചാബ് തന്നെ കൈവിട്ടു. അസം തിരിച്ചുപിടിക്കാനായില്ല. ഗുജറാത്തില്‍ തന്ത്രങ്ങള്‍ പാളി. പുതിയ പട്ടേലിനെ കൊണ്ടുവരാമെന്ന് കരുതി ഹാര്‍ദിക് പട്ടേലിനെ കൈവിട്ടു. തെലങ്കാനയുണ്ടാക്കാന്‍ ആന്ധ്രയെ വിട്ടിട്ടൊടുവില്‍ ആന്ധ്രയും തെലങ്കാനയും നഷ്ടമായ പോലെ. അടിക്കടി തോല്‍വിയുണ്ടായപ്പോഴെല്ലാം വിമര്‍ശകരുടെ ഒരമ്പ് കെ.സിക്കു നേരെയായിരുന്നു. പൂച്ചെണ്ടുകള്‍ മാത്രം പ്രതീക്ഷിച്ചല്ല ഇപ്പണിക്കിറങ്ങിയതെന്ന് അദ്ദേഹം പറയും.
രാജ്യത്താകെ ചേര്‍ത്തുപിടിക്കലിന്റെ വലിയ രാഷ്ട്രീയത്തിന്റെ ഓളം സൃഷ്ടിച്ച ഭാരത് ജോഡോ യാത്രയും കര്‍ണാടകയിലെ വലിയ വിജയവും കോണ്‍ഗ്രസിനും രാഹുലിനും രാജ്യത്തിന് പൊതുവിലും പ്രതീക്ഷ പകര്‍ന്നപ്പോള്‍ കെ.സി വേണുഗോപാലിന്റെ ഗ്രാഫ് കുതിക്കുക തന്നെ ചെയ്തു. ഡി.കെയെയും സിദ്ധരാമയ്യയെയും അശോക് ഗെഹ്‌ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും ചേര്‍ത്തുനിര്‍ത്തുന്ന തന്ത്രത്തിന്റെ ക്രെഡിറ്റും കെ.സിക്ക്.


ചീറ്റിപ്പോയ സോളാര്‍ സുരതത്തിന്റെ അരിവാള്‍ കുരുക്കില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ആകെ പെടുത്താന്‍ തന്നെയായിരുന്നു നീക്കം. കെ.സി മുതല്‍ ഹൈബി വരെ നേതാക്കളെയും ചൂണ്ടയില്‍ കോര്‍ത്താണ് പിണറായി വിജയന്‍ കേസ് സി.ബി.ഐക്ക് കൈമാറിയത്. പേര് അതില്‍ പരാമര്‍ശിച്ചപ്പോഴേ കെ.സി മാനനഷ്ടത്തിന് നോട്ടിസ് അയച്ചു. രാഹുലിന്റെ വലംകൈ സ്ത്രീപീഡനക്കേസില്‍ പ്രതിയായതിന്റെ ആഹ്ലാദം മാധ്യമങ്ങളിലുണ്ടായി. പക്ഷേ, സി.ബി.ഐ ഓരോരുത്തരെയായി കേസില്‍നിന്ന് മുക്തരാക്കി.


എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.യുവിന്റെ നീലക്കൊടി പിടിച്ചതാണ്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. കെ. കരുണാകരനെ പോലെ കണ്ണൂരില്‍ ജനിച്ച് തെക്ക് രാഷ്ട്രീയാഭയം കണ്ടെത്തിയ കെ.സി, കെ. കരുണാകരന്റെ വാത്സല്യം നുകര്‍ന്നയാളാണ്. 1996ല്‍ ആലപ്പുഴയില്‍നിന്ന് നിയമസഭയില്‍. അവിടെ ഹാട്രിക് പൂര്‍ത്തിയാക്കി 2009ല്‍ ലോക്‌സഭയിലേക്ക്. അതും ആലപ്പുഴയില്‍നിന്ന്. അതിനിടെ 2004-06ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ടൂറിസം-ദേവസ്വം മന്ത്രി. രണ്ടാം മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ വ്യോമയാന സഹമന്ത്രിയും. ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.