കവരത്തി: ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും സജീവമായ ദ്വീപ് സ്വദേശിയും സംവിധായിക ഐഷ സുല്‍ത്താനയ്‌ക്കെതിരേ കേസെടുത്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ടേഷന്‍. ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്‌കുമാര്‍ ചാനല്‍ ചര്‍ച്ചയില്‍ ഐഷ രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നല്‍കിയ പരാതിയില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന്‍ നടപടി സ്വീകരിക്കും മുമ്പെ കവരത്തിയില്‍ ലക്ഷദ്വിപ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകത്തിന്റെ നേതൃത്വത്തില്‍ സുല്‍ത്താനയുടെ പ്രസ്താവനയ്‌ക്കെതിരേ ഇന്ന് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരേ ജൈവായുധം പ്രയോഗിച്ചു എന്ന നിലയിലുള്ള പരാമര്‍ശം നടത്തിയിരുന്നു. ഇത് ദേശദ്രോഹപരമാണെന്ന് ആരോപിച്ചാണ് പരാതികള്‍. താന്‍ രാജ്യദ്രോഹപരമായ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും വാചകങ്ങള്‍ വളച്ചൊടിച്ച് കേസില്‍ ഉള്‍പ്പെടുത്തുന്നത് തന്റെ വായടപ്പിക്കാമെന്ന വ്യാമോഹത്തിലാണെന്നും ഐഷാ സുല്‍ത്താന പറഞ്ഞു.
താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരേയാണ് സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിനെയല്ല വിമര്‍ശിച്ചത്. പട്ടേലിനെയും അദ്ദേഹത്തിന്റെ നടപടികളെയുമാണ് ഞാന്‍ ആയുധമായി താരതമ്യം ചെയ്തത്. സീറോ കൊവിഡിലായ ലക്ഷദ്വീപില്‍ കൊവിഡ് വ്യാപനത്തിന് കാരണമായത് പട്ടേലാണ്. ഇത് പറഞ്ഞതിന്റെ പേരിലാണ് ചിലര്‍ എന്നെ തീവ്രവാദിയാക്കാന്‍ ശ്രമിച്ചത്. നിയമപരമായി നേരിടുമെന്നും ഐഷ പറഞ്ഞു.
Comments are closed for this post.