2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മനഃസാക്ഷിയുള്ളവരേ ലജ്ജിച്ചു തല താഴ്ത്തുക

ഇ ന്ന് വിഷുദിനമാണ്.

മലയാളികളില്‍ നല്ലൊരു പങ്കും കണികണ്ടും പടക്കം പൊട്ടിച്ചും വയറുനിറയെ സദ്യയുണ്ടും സന്തോഷിക്കേണ്ട ദിനം.
പക്ഷേ, ഈ ദിനത്തില്‍ മനസ്സു തുറന്നു സന്തോഷിക്കാന്‍ മനഃസാക്ഷിയുള്ളവര്‍ക്കു കഴിയുമോ. പേരു കേട്ടാല്‍ത്തന്നെ നാമൊക്കെ അഭിമാനപൂരിതരാകണമെന്നു കവി പാടിയ ഈ രാജ്യത്ത് ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന അതിഭീകര യാഥാര്‍ഥ്യങ്ങള്‍ കണ്ണിലും കാതിലും മനസ്സിലും ചാട്ടുളിപോലെ തറച്ചു കയറുമ്പോള്‍ നമുക്കൊക്കെ ആഹ്ലാദിക്കാനും ആഘോഷിക്കാനും കഴിയുമോ.
ഇല്ലേയില്ല,
പ്രിയപ്പെട്ടവരേ.., കശ്മീരിലെ കത്‌വ ജില്ലയില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തപ്പെട്ട എട്ടുവയസ്സുകാരി പെണ്‍കുട്ടിയുടെയും ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ രാജ്യവും ആ സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമായ ജനപ്രതിനിധിയാലും അയാളുടെ സഹോദരങ്ങളാലും പിച്ചിച്ചീന്തപ്പെട്ട പെണ്‍കുട്ടിയുടെയും ദുര്‍വിധിയോര്‍ത്തു ഈ വിഷുദിനത്തില്‍ നമുക്ക് എല്ലാ ആഘോഷങ്ങളും മാറ്റിവച്ചു നാണക്കേടിനാല്‍ തലതാഴ്ത്താം. വരാപ്പുഴയില്‍ പൊലിസുകാര്‍ ചവിട്ടിക്കൊന്ന ശ്രീജിത്തിനെയോര്‍ത്ത് കണ്ണീരൊഴുക്കാം.
അങ്ങനെയെങ്കിലും, ഈ രക്തത്തില്‍ നമുക്കു പങ്കില്ലെന്നു തെളിയിക്കാം.
അങ്ങനെയെങ്കിലും, ഈ നരാധമന്മാര്‍ക്കെതിരേയാണ് നമ്മുടെ മനസ്സെന്നു വ്യക്തമാക്കാന്‍ ശ്രമിക്കാം.
ഈ വിഷുദിനത്തില്‍ വിഷുദിനവുമായി ബന്ധപ്പെട്ട ഒരു വിഷയത്തെക്കുറിച്ച് വീണ്ടുവിചാരം നടത്താനിരുന്നതാണ്. പക്ഷേ, കത്‌വയിലെ എട്ടുവയസ്സുകാരിയായ മകളും ഉന്നാവോയിലെ യൗവനത്തിലേക്കു കടന്നെത്തിയ പെങ്ങളും നേരിട്ട ഭീകരാനുഭവങ്ങള്‍ക്ക് മുന്നില്‍ മനസ്സ് മറ്റെല്ലാം മറന്നുപോകുന്നു. ഇവിടെ ഇവര്‍ക്കായി ശബ്ദമുയര്‍ത്താന്‍ തയാറായില്ലെങ്കില്‍ മനുഷ്യനല്ലാതായിപ്പോകുമെന്നു മനസ്സു പറയുന്നു. ഇന്ത്യയില്‍ ഇതിനു മുമ്പും കൂട്ടബലാത്സംഗങ്ങളും അതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്. കസ്റ്റഡിമരണങ്ങളും ധാരാളമുണ്ടായിട്ടുണ്ട്. ഇക്കാലത്തിനിടയില്‍ മനസ്സിനെ കീറിമുറിക്കുന്ന എത്രയെത്രയോ ഭീകരസംഭവങ്ങള്‍ക്ക് സാക്ഷികളാവാന്‍ നാം വിധിക്കപ്പെട്ടിട്ടുണ്ട്. നിര്‍ഭയയെന്നു നാം പിന്നീട് വിളിപ്പേര് നല്‍കിയ പെണ്‍കുട്ടി ഡല്‍ഹിയിലെ തെരുവിലൂടെ ഓടിക്കൊണ്ടിരുന്ന ബസില്‍വച്ചു നരാധമന്മാരാല്‍ പിച്ചിച്ചീന്തപ്പെട്ടത് രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. അതുപോലെ എത്രയെത്ര സംഭവങ്ങള്‍.
എന്നാല്‍, അവയില്‍ നിന്നൊക്കെ വ്യത്യസ്തവും ഭീകരവുമാണ് കത്‌വ, ഉന്നാവോ സംഭവങ്ങള്‍. ഉന്നാവോയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനു വിധേയമാക്കിയതു ബി.ജെ.പി എം.എല്‍.എയും സഹോദരനുമാണ്. പീഡനത്തിനുവിധേയയായ പെണ്‍കുട്ടി ആധ്യാത്മികനേതാവെന്നു കൂടി അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധസമരം നടത്തിയ അന്ന് വൈകിട്ട് അവളുടെ പിതാവിനെ എം.എല്‍.എയുടെ സഹോദരന്‍ മര്‍ദിച്ച് ജീവച്ഛവമാക്കി.
തുടര്‍ന്ന് പൊലിസിന്റെ കൈയൂക്കിനും അദ്ദേഹം വിധേയനായി. അത്രയും താങ്ങാനുള്ള ശേഷി ആ സാധുമനുഷ്യന്റെ ശരീരത്തിനുണ്ടായിരുന്നില്ല. ആ ക്രൂരത പുറംലോകമറിയുന്നതിനു മുമ്പു തന്നെ അദ്ദേഹത്തിന്റെ ശരീരം നിശ്ചലമായി. ഇത്രയുമായിട്ടും നടപടികളൊന്നുമെടുക്കാതെ നില്‍ക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രിയാകട്ടെ ഇത്തരമൊരു സംഭവം കേട്ടതേയില്ലെന്ന മട്ടിലായിരുന്നു! അതിശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് എം.എല്‍.എ കുല്‍ദീപ് സിങ് സെനഗറിനെ ബലാത്സംഗക്കേസില്‍ അറസ്റ്റു ചെയ്തത്. ഒരര്‍ഥത്തില്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്ന ഹുങ്കില്‍ നടത്തിയ ക്രൂരതയായിരുന്നു ഉന്നാവോ പീഡനവും കൊലയും.
കത്‌വയിലെ പീഡനവും കൊലയും ഇതിനേക്കാളൊക്കെ ഭീകരമാണ്, സാമുദായികഭ്രാന്തിന്റെ പിന്തുണയോടെയുള്ള ക്രൂരത. കാമഭ്രാന്ത് തീര്‍ക്കാനുള്ള ഞരമ്പുരോഗികളുടെ പേക്കൂത്തായിരുന്നില്ല അത്. ഉന്നത സവര്‍ണസമുദായത്തിലൊന്നിന് ആധിപത്യമുള്ള കത്‌വ പ്രദേശത്ത് താമസിക്കുന്ന ആട്ടിടയ വിഭാഗക്കാരായ വിരലിലെണ്ണാവുന്ന മുസ്‌ലിം കുടുംബങ്ങളെ തുരത്താനുള്ള തന്ത്രമായിരുന്നു ആ കൂട്ടമാനഭംഗവും കൊലയും. പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മരുമകനെയും മകനെയുമാണ് ആ ദൗത്യം നിറവേറ്റാന്‍ ഈ കുതന്ത്രം ആസൂത്രണം ചെയ്ത നരാധമന്‍ ചുമതലപ്പെടുത്തിയത് എന്നറിയുമ്പോള്‍ നാണക്കേടുകൊണ്ടു തലതാഴ്ത്തിപ്പോകും. പെണ്‍കുട്ടിയെ ദിവസങ്ങളോളം പീഡിപ്പിക്കാന്‍ തെരഞ്ഞെടുത്തതാകട്ടെ, ഹൈന്ദവരുടെ പവിത്രസ്ഥാനമായ ക്ഷേത്രവും. ഈ മനുഷ്യപ്പിശാചുകള്‍ കരിവാരിത്തേച്ചിരിക്കുന്നത് മതഭ്രാന്തന്മാരല്ലാത്ത സാധാരണ ഹിന്ദുക്കളുടെ മുഖത്തുതന്നെയല്ലേ.
ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ഈ ക്രൂരത നടപ്പാക്കിയവരെ വെള്ളപൂശാന്‍ ജമ്മുകശ്മിരിലെ ബി.ജെ.പിക്കാരായ രണ്ടു മന്ത്രിമാര്‍ രംഗത്തുവന്നതും ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാക്കുന്നു. പ്രതികളെ രക്ഷിക്കാന്‍ രൂപീകരിച്ച ഹിന്ദു ഏകതാ മഞ്ചിന്റെ മാര്‍ച്ചിന് നേതൃത്വം നല്‍കിയത് ഈ ബി.ജെ.പി മന്ത്രിമാരാണ്. ജനകീയപ്രതിഷേധം ശക്തമായപ്പോഴാണ് നിവൃത്തികെട്ട് അവര്‍ രാജിവച്ചത്. എന്നിട്ടും അവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബി.ജെ.പി നേതൃത്വം തയാറായില്ല.
ഈ സംഭവങ്ങള്‍ അരങ്ങേറിയിട്ടും പ്രധാനമന്ത്രി പതിവ് മൗനത്തിലായിരുന്നു. കഴിഞ്ഞദിവസം അദ്ദേഹം വാ തുറന്നു. പക്ഷേ, ആ പ്രതികരണത്തിലും കൗതുകകരമായ കൗശലമുണ്ടായിരുന്നു. ഉന്നാവോയെന്നോ കത്‌വയെന്നോ അദ്ദേഹം പറഞ്ഞില്ല. അവിടെ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തവരുടെ പേര് പറഞ്ഞ് ആ സംഭവത്തെ അപലപിച്ചില്ല. പകരം, ഉപദേശീപ്രസംഗം നടത്തി വിരമിച്ചു.
‘നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്ന രാജ്യത്തു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ലെ’ന്നു പറഞ്ഞ വിഖ്യാതസാഹിത്യകാരനായ യു.ആര്‍ അനന്തമൂര്‍ത്തിയെ മോശമായ പ്രതികരണങ്ങളിലൂടെ കൊല്ലാതെ കൊന്ന നാടാണിത്. അതിക്രൂരമായ തരത്തിലാണ് ഇവിടത്തെ ഫാസിസ്റ്റ് മനസ്സുകള്‍ അദ്ദേഹത്തിനെതിരേ പ്രതികരിച്ചത്. മോദി പ്രധാനമന്ത്രിയായപ്പോള്‍ പ്രതികരണങ്ങള്‍ ഭ്രാന്തമായ രീതിയിലായി മാറി. ഏതായാലും മോദി ഭരിക്കുന്ന നാട്ടില്‍ അനന്തമൂര്‍ത്തി അധികകാലം ജീവിച്ചിരുന്നില്ല.
പക്ഷേ, അദ്ദേഹം ഉയര്‍ത്തിയ ആശങ്ക ഇപ്പോള്‍ അനുദിനം, അനുനിമിഷം വര്‍ധിച്ചുവരികയാണ്. കൊലപാതകങ്ങള്‍ക്കും കൂട്ടബലാത്സംഗങ്ങള്‍ക്കും സാമുദായികതയുടെ നിറംകൂടി വന്നിരിക്കുന്നു. ഈ നാട് എങ്ങോട്ടാണു പോകുന്നതെന്നു ഭയന്നിരിക്കുന്ന സാധാരണക്കാരായ ഇന്ത്യന്‍ ജനത മുഴുവന്‍ യു.ആര്‍. അനന്തമൂര്‍ത്തി പറഞ്ഞപോലെ പ്രതികരിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.
മനഃസാക്ഷിയും മാനുഷികതയും നശിച്ചിട്ടില്ലാത്തവരേ.., ലജ്ജകൊണ്ടു തലതാഴ്ത്തുക.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.