2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘കടുത്ത ദേഷ്യമുണ്ട്, ഞങ്ങളുടെ ഹൃദയങ്ങളില്‍ ലാവ കത്തുന്നുണ്ട്, വരാനിരിക്കുന്നത് പ്രതിഷേധത്തിന്റെ സുനാമി’; കശ്മീരിലെ ‘ശാന്തത’ എത്രകാലം?

 

പ്രത്യേകാവകാശം നല്‍കിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കിയതു മുതല്‍ ജമ്മു കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. വലിയ സൈനിക വലയത്തിലും ഇന്റര്‍നെറ്റ്, ഫോണ്‍ നിരോധനം അടക്കമുള്ള ഉപരോധത്തിലുമുള്ള കശ്മീരി ജനതയുടെ സ്ഥിതിയെപ്പറ്റി അധിക റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവന്നിരുന്നില്ല. ബി.ബി.സി, അല്‍ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് കശ്മീരിന്റെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചത്.

ഇപ്പോള്‍ കശ്മീര്‍ ശാന്തമാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ അതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടുകളല്ല അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി, കശ്മീരില്‍ എന്താണ് ഇനി സംഭവിക്കാന്‍ സാധ്യതയെന്നതിനെപ്പറ്റി ബി.ബി.സി കറസ്‌പോണ്ടന്റ് സൗതിക് ബിശ്വാസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വായിക്കാം.

കശ്മീര്‍: ‘നോര്‍മല്‍സി’ക്കു പിന്നിലെ സങ്കീര്‍ണമായ സത്യം

കശ്മീരിലെ വിവിധ പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ ഒഴുക്കുണ്ട്. ദാല്‍ തടാകത്തില്‍ മീന്‍പിടുത്തക്കാരെയും കാണാം. മറ്റു ചിലര്‍ കാര്‍ ഡ്രൈവ് ചെയ്യുന്നു, സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നു. ഒഴിഞ്ഞ തെരുവുകളിലും കുറച്ചാളുകള്‍ ഒത്തുചേരുന്നു.

ഉപരോധനത്തിന്റെ ചിഹ്നങ്ങളായ കമ്പികളും സുരക്ഷാ ബാരിക്കേഡുകളും ചിലയിടത്ത് നീക്കം ചെയ്തിട്ടുണ്ട്. വലിയ രീതിയില്‍ ഭക്ഷണ പ്രതിസന്ധിയില്ല. ചെറിയ മാര്‍ക്കറ്റുകള്‍ കുറച്ചസമയത്തേക്ക് തുറന്നിട്ടിരിക്കുന്നു.

 

ഇത് 70 ലക്ഷം പേരുടെ താമസസ്ഥരമായ മുസ്‌ലിം ഭൂരിപക്ഷ താഴ്‌വരയില്‍, സ്ഥിതി ശാന്തമാണെന്ന സൂചനയിലേക്കാണ് നയിക്കുന്നത്.

പക്ഷെ, ഈ കാഴ്ച കണ്ട് എല്ലാം ശാന്തമാണെന്ന് തെറ്റദ്ധരിക്കരുതെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അസ്മ ഖുറേഷി പറയുന്നത്.

‘എല്ലാം നോര്‍മല്‍ (സാധാരണ നിലയില്‍) ആണെന്ന് തെറ്റിദ്ധരിക്കരുത്’- അവളെന്നോട് പറഞ്ഞു.

സര്‍ക്കാര്‍ പറയുന്ന നോര്‍മല്‍സി വിചിത്രവും വഞ്ചനാപരവുമാണ്.

ലാന്റ്‌ലൈനുകള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു, പക്ഷെ കൂടുതല്‍ ആളുകള്‍ക്കും ഇപ്പോഴും ബന്ധം പുന:സ്ഥാപിക്കാനായിട്ടില്ല. ചില സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നിട്ടുണ്ട്, പക്ഷെ അധികവും അടച്ചിട്ടിരിക്കുന്നു.

അക്രമം ഭയന്ന്, രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കുന്നില്ല. സ്വകാര്യ സ്‌കൂളുകള്‍ വീഡിയോ ക്ലാസുകളും സ്റ്റഡി മെറ്റീരിയലുകളും നല്‍കുന്നുണ്ട്.

മേഖലയിലെ കുട്ടികള്‍, വീട്ടില്‍ തന്നെയിരുന്ന് ടി.വി വാര്‍ത്തകള്‍ കാണുകയോ രക്ഷിതാക്കളോട് സംസാരിക്കുകയോ ചെയ്യുന്നുണ്ട്. ‘സര്‍ക്കാര്‍ ചെയ്ത അനീതി’ക്കെതിരെ അവര്‍ ഉറക്കെ സംസാരിക്കുന്നു. പിന്നെ അവരുടെ പൂന്തോട്ടങ്ങളില്‍ ‘കല്ലെറിഞ്ഞു’ കളിക്കുന്നു.

 

‘ഞങ്ങളുടെ ജീവിതം ക്ഷയിച്ചിരിക്കുന്നു. ഇത് മാനസിക ഉപരോധമായി തോന്നുകയാണ്’- ഒരു സ്‌കൂള്‍ ടീച്ചര്‍ പറഞ്ഞു.

ഇപ്പോഴും പ്രധാനമന്ത്രി രാഷ്ട്രീയ നേതാക്കള്‍ അടക്കം 3000 ത്തില്‍ കൂടുതല്‍ പേര്‍ തടങ്കലിലാണ്. സൈന്യം വീടുകളില്‍ റെയ്ഡ് നടത്തുകയും യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു. എന്നാല്‍ ഇതെല്ലാം ‘അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും’ ആണെന്നാണ് സര്‍ക്കാര്‍ വാദം.

‘ജനങ്ങള്‍ ദേഷ്യത്തിലാണ്, അപമാനിതരാണ്, അശരണരാണ്. നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവര്‍ക്ക് നേതാക്കളില്ല. ഇന്ത്യയെ മറന്നു. ഇന്ത്യയ്ക്കു മേല്‍ ഇനി വിശ്വാസവുമില്ല’- പേരു വെളിപ്പെടുത്താത്ത ഒരു പൊലിസുദ്യോഗസ്ഥന്‍ പറഞ്ഞു.

‘കൊടുങ്കാറ്റിനു മുന്‍പുള്ളൊരു ശാന്തതയാണ് ഇപ്പോഴുള്ളത്. അടുത്ത പ്രതിരോധം എവിടെ നിന്നാണ് ഉയരുകയെന്ന് നമുക്കിപ്പോള്‍ പറയാനാവില്ല’- അദ്ദേഹം തുടര്‍ന്നു.

‘ജയില്‍ ജീവിതം’

വകുപ്പ് എടുത്തുകളഞ്ഞ ശേഷം ആദ്യ പ്രതിഷേധമുണ്ടായ സ്ഥലമാണ് സൗറ. നൂറു കണക്കിന് പേര്‍ ഒരുമിച്ചു കൂടുകയും വലിയ സംഘര്‍ഷമുണ്ടാവുകയും സൈന്യം വെടിയുതിര്‍ക്കുകയും ചെയതിരുന്നു. അതുകൊണ്ടു തന്നെ സൗറ നോട്ടസ്ഥലമായി.

‘ഞങ്ങള്‍ ജയിലിലാണ് ജീവിക്കുന്നത്. പക്ഷെ, പ്രദേശത്തേക്ക് ഞങ്ങള്‍ സൈനികരെ കടത്തിവിടില്ല’ സ്‌കൂള്‍ ഡ്രോപൗട്ടായ ഒരു പത്തൊന്‍പതുകാരന്‍ പറഞ്ഞു.

 

മറ്റിടങ്ങളിലും സമാനമായ പ്രതികരണം തന്നെയാണുണ്ടാവുക. ദക്ഷിണ കശ്മീരിലെ എന്റെ മൂന്നു ദിവസത്തെ യാത്രക്കിടെ, ഇന്ത്യന്‍ സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്ന ഒരു പ്രസ്താവനയും ആരില്‍ നിന്നും കേട്ടില്ല. നടപടിയിലൂടെ തങ്ങള്‍ അപമാനിക്കപ്പെട്ടുവെന്ന് അവരെല്ലാം പറയുന്നുമുണ്ട്.

‘പോരാടുക അല്ലെങ്കില്‍ മരിക്കുക’

‘പോരാടുക അല്ലെങ്കില്‍ മരിക്കുക എന്ന സാഹചര്യമാണ് ഇതു ഞങ്ങള്‍ക്ക്’- നാല്‍പതുകാരനായ ശിറാസ് അഹമ്മദ് എന്ന കടയുടമ പറഞ്ഞു.

‘ പ്രതിഷേധത്തിന്റെ സുനാമി വരാനിരിക്കുന്നു. ഞങ്ങളുടെ മനസില്‍ ശക്തമായ ദേഷ്യമുണ്ട്. ഹൃദയത്തില്‍ ലാവ കത്തുകയാണ്. ഞങ്ങള്‍ ചതിക്കപ്പെട്ടിരിക്കുന്നു’- 42 കാരനായ കച്ചവടക്കാരന്‍ ആശിഷ് ഹുസൈന്‍ പറഞ്ഞു.

‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’

 

ഭാവി അനിശ്ചിതത്വത്തില്‍

ഇനി എന്താണ് കശ്മരില്‍ സംഭവിക്കുകയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്.

കശ്മീരികള്‍ക്ക് സംഘര്‍ഷം മടുത്തുവെന്നും മോദിയുടെ വികസന വാഗ്ദാനങ്ങള്‍ വീഴുമെന്നുമാണ് ഡല്‍ഹിയിലുള്ളവര്‍ വിശ്വസിക്കുന്നത്. പക്ഷെ, ഈ കാഴ്ചപ്പാട് കശ്മീരിലില്ല.

40,000 ലേറെ പേരുടെ ജീവന്‍ കവര്‍ന്ന, 1990 നു ശേഷമുള്ള കശ്മീര്‍ പ്രശ്‌നം ഇതോടെ തീരുമോ? അതോ കഴിഞ്ഞതിനേക്കാള്‍ രക്തരൂക്ഷിതമാവുമോ കശ്മീര്‍?


*ബി.ബി.സിയില്‍ നിന്ന് സ്വതന്ത്രമായി തർജമ ചെയ്തത്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.