
ഐ ഫോണ്‍ കൈയിലുള്ളവര്‍ അങ്ങനെയും അതില്ലാത്തവര്‍ ഉള്ളിടത്തുനിന്ന് സംഘടിപ്പിച്ചും പ്രിസ്മയിലൂടെ മുഖംമാറ്റിക്കളി തുടരുകയാണിവിടെ. മറുവശത്തെ സഹോദരങ്ങളുടെ മുഖം മാറ്റുന്നത് സൈന്യങ്ങളുടെ കൈയില്‍ നിന്നു ചീറിപ്പായുന്ന പെല്ലറ്റുകളാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ! അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കാത്ത, ശത്രുരാജ്യങ്ങള്‍ പോലും പരസ്പരം ഉപയോഗിക്കാന്‍ മടിക്കുന്ന, ആംനസ്റ്റി ഇന്റര്‍നാഷണല്‍ സംഘടന നിരോധനം ഏര്‍പ്പെടുത്തിയ ആയുധം കൊണ്ടുതന്നെ കശ്മീരികളെ നേരിടാന്‍ സൈന്യത്തെ പ്രേരിപ്പിക്കുന്നത് എന്താണ്?
ബോംബുകളും ഗണ്ണുകളും പുത്തരിയൊന്നുമല്ല കശ്മീരികള്‍ക്ക്. അര്‍ഹതയുണ്ടായിട്ടും ലഭിക്കാത്ത അവകാശങ്ങളുടെ പേരില്‍ പോരാടിക്കേണ്ടി വന്ന അന്നുമുതല്‍ അവര്‍ക്കത് സുപരിചിതമാണ്. ഇന്ത്യാ-പാക് വിഭജനം മുതല്‍ ഇങ്ങോട്ട് പോരടിക്കാനല്ലാതെ അവര്‍ക്ക് സമയമുണ്ടായിട്ടില്ലെന്ന് പറയുന്നതാവും ശരി. കശ്മീരിലെ ജനങ്ങളുടെ പൊതുതാല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനു പകരം മറ്റു 28 സംസ്ഥാനക്കാരുടെ താല്പര്യങ്ങള്ക്കു വഴങ്ങാനാണ് സര്‍ക്കാരിനു താല്പര്യം. അതിനു മുന്നില്‍ ഏതു സ്വാതന്ത്ര്യം പറഞ്ഞുകൂവിയാലും ആ വായില്‍ അപ്പം തള്ളിക്കൊടുക്കാനേ സര്‍ക്കാര്‍ ശ്രമിക്കുകയുള്ളൂ എന്ന നിലയിലായി. ഭീകരരുടെയും പട്ടാളത്തിന്റെയും ഇടയില്‍ കുരുങ്ങി പിടയുന്ന നിഷ്കളങ്ക ജീവിതങ്ങളുടെ കഥ അധികമൊന്നും പുറത്തുവരാറേയില്ല.
ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ഇപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണമെന്നാണ് അധികാര കേന്ദ്രങ്ങള്‍ വരുത്തിത്തീര്‍ക്കുന്നത്. കല്ലെറിയുന്ന കുട്ടികളടക്കമുള്ളവരോട് മാധ്യമപ്രവര്‍ത്തകര്‍ കാരണം ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരവും മതി, വലിയ ആലോചനകളില്ലാതെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍.
പകുതി പേര്‍ക്കും ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വാസം ഇല്ലാതായത്രെ. അവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമായി ജീവിക്കണം. പക്ഷെ, പ്രതീക്ഷയുടെ ചെറിയൊരു തിരിവെട്ടമെങ്കിലും കാണുന്നവരാണ് കല്ലെറിയുന്ന ബാക്കിയുള്ളവര്‍. ഇന്ത്യന്‍ ഭരണകൂടം അവരോട് സൗഹൃദത്തോടെ സമീപിക്കുമെന്ന പ്രതീക്ഷയുണ്ടവര്‍ക്ക്. തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് കരുതുന്നുണ്ട് അവര്‍. സൈന്യത്തിനു നല്കിയ പ്രത്യേകാധികാരം ഒഴിവാക്കിക്കിട്ടണമെന്നുണ്ട് അവരുടെ വാക്കുകളില്‍. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സാധാരണ ജനങ്ങള്‍ക്കിടയില്‍ വിന്യസിച്ചിട്ടുള്ള സൈനികരെ പിന്‍വലിച്ച് സുരക്ഷയൊരുക്കണമെന്ന ആവശ്യമുയര്‍ത്തുന്നുണ്ട് അവര്‍.
സൈനിക സ്നേഹത്തെപ്പറ്റി ഘോരഘോരം പറയുന്നവരെപ്പോലും വായടപ്പിക്കുന്ന ചെയ്തികള്‍ 1990 മുതലിങ്ങോട്ട് പരമ്പരകളായി പുറത്തുവരികയാണ്. സൈനികരും പാരാമിലിട്ടറിയും ചേര്‍ന്ന് സ്വന്തം പൗരന്മാരായ (അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ല) സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ട ബലാത്സംഗങ്ങള്ക്കിരയാക്കിയ കഥകള്‍ പുറത്തുവരുമ്പോള്‍ അവര്‍ക്കെങ്ങനെ മിണ്ടാതിരിക്കാനാവും. ഇക്കാര്യത്തില്‍ ഇന്ത്യ യു.എസിനൊപ്പമെന്ന് വിലയിരുത്തിയ ആംനസ്റ്റി, ഇന്ത്യ ഇരുട്ടിലേക്കാണെന്നു വിശേഷിപ്പിച്ചത് വെറുതെയായിരിക്കില്ലല്ലോ.
2010 ജൂണ്‍ മാസത്തില്‍ നടന്ന സംഭവം ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. സ്വകാര്യ സ്ഥാപനത്തില്‍ ക്ലാസിനു പോയി മടങ്ങിവരികയായിരുന്ന തുഫൈല്‍ മാത്തൂ എന്ന വിദ്യാര്‍ഥിക്കു നേരെ പൊലിസ് ഒരു പ്രകോപനവുമില്ലാതെ ഗ്രനേഡ് കൊണ്ടറിഞ്ഞതിനെത്തുടര്ന്ന് തലപൊട്ടി ചോര വാര്‍ന്നു കിടക്കുന്ന ചിത്രം ഏവരെയും ഞെട്ടിച്ചിരുന്നു. ഈ ചിത്രം കണ്ട് കരളലിഞ്ഞ ആയിരങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ അധികാരികള്‍ നേരിട്ടത് അതിനേക്കാള്‍ ഭീകര രൂപത്തിലായിരുന്നു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇതിന്റെ പേരില്‍ 120 പേര് കൊല്ലപ്പെടുകയും ആയിരങ്ങള്‍ക്ക് മരണക്കിടക്കയില്‍ കിടക്കേണ്ടിയും വന്നു.