
കാസര്‍കോട്: നഗരത്തില്‍ മര്‍ദ്ദനമേറ്റ് ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റതിന്റെ കാര്യമായ പരുക്കുകളൊന്നും ശരീരത്തിനില്ല. ആന്തരികപരുക്കുകളൊന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് പരിയാരം മെഡിക്കല്‍ കോളജില്‍ വച്ചാണ് മുഹമ്മദ് റഫീഖിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ആളുകള്‍ കൂട്ടംകൂടി മര്‍ദിക്കുന്നതിനിടയില്‍ റഫീഖിന് ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന് നായര്‍ പ്രതികരിച്ചു.
അതേസമയം ഐ.പി.സി 174 പ്രകാരമാണ് സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായി പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഡി.വൈ.എസ്.പി പറഞ്ഞു. ഇതുവരെ ആരുടെയും പേര് എഫ്.ഐ.ആറില്‍ ചേർത്തിട്ടില്ല.
കാസര്‍കോട് ചെമനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കാസര്‍കോട് നഗരത്തിലെ ദേശീയ പാതയോരത്തുള്ള അശ്വിനി നഗറില്‍ കിംസ്, അരമന ആശുപത്രിക്ക് സമീപമാണ് സംഭവം.
മെഡിക്കല്‍ ഷോപ്പില്‍ നിന്നു മരുന്ന് വാങ്ങുന്നതിനിടെ ചിലര്‍ എത്തി റഫീഖിനെ അടിക്കുകയും തൊഴിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറയുന്നു. സമീപത്തെ ഹെല്‍ത്ത് മാളിനടുത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന റഫീഖിനെ പരിസരവാസികള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.