2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇത് വെറും കവാടമല്ല: മതമൈത്രിയുടെ നേര്‍ക്കാഴ്ച

കുണിയ(കാസര്‍കോട്): കാസര്‍കോട്-കണ്ണൂര്‍ ദേശീയ പാത 66 നു സമീപത്ത് സ്ഥാപിച്ച മാനവ മൈത്രി വിളിച്ചോതുന്ന കവാടം പാതയില്‍ കൂടി സഞ്ചരിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെ ഒരു നിമിഷം സ്തബ്ധരാക്കുന്നു. ാസര്‍ക്കോട്ടെ കുണിയയില്‍ മസ്ജിദിന്റെയും ക്ഷേത്രത്തിന്റെയും പേരുകള്‍ ഒരേ കവാടത്തില്‍ കൊത്തിവച്ച കവാടം മതമൈത്രിയുടെ മകുടോദാഹരണമായി മാറുകയാണ്.
ചരിത്രത്തില്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടോളം കാലം മുസ്‌ലിംകളും ഹൈന്ദവരും ഏറെ സഹൃദത്തോടെ കഴിയുന്ന പ്രദേശമാണ് കുണിയ. ഇത് നഷ്ടപെടാതിരിക്കണമെന്ന സന്ദേശമാണ് മസ്ജിദിലേക്കും ക്ഷേത്രത്തിലേക്കും പോകുന്ന പഞ്ചായത്ത് റോഡില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കവാടം.
രണ്ടു പതിറ്റാണ്ടു മുന്‍പ് കുണിയ ബിലാല്‍ നഗറില്‍ സ്ഥാപിച്ച മസ്ജിദിലേക്കു ദേശീയ പാതയില്‍ നിന്നും പോകുന്ന പഞ്ചായത്ത് പാതക്ക് സമീപം ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് ഒരു കമാനം സ്ഥാപിച്ചിരുന്നു.
മസ്ജിദ് നിര്‍മിച്ച അബൂബക്കര്‍ ഹാജി,കമാനം സ്ഥാപിക്കുമ്പോള്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഇബ്രാഹിം ഹാജി, അബ്ദുല്‍ ഖാദര്‍ സഅദി, കുഞ്ഞബ്ദുല്ല, കെ.ഇബ്രാഹിം,ഹമീദ് കുണിയ,കെ.എ.അബൂബക്കര്‍ എന്നിവര്‍ കമാനം സ്ഥാപിക്കുമ്പോള്‍ ബിലാല്‍ മസ്ജിദിന്റെ പേരിനു പുറമെ പ്രസ്തുത റോഡ് അവസാനിക്കുന്ന ഭാഗത്ത് നൂറ്റാണ്ടുകളായി സ്ഥിതി ചെയ്യുന്ന ആയംപാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പേരും കമാനത്തില്‍ ഉള്‍പ്പെടുത്തി. ഒരു നൂറ്റാണ്ട് മുന്‍പ് കുണിയയില്‍ ജുമുഅ മസ്ജിദ് സ്ഥാപിക്കാന്‍ സ്ഥലം വിട്ടു നല്‍കിയ പ്രദേശത്തെ ജന്മി കുടുംബത്തിലെ നാരായണന്‍ ഉരുളങ്കോടി തായരുടെ കുടുംബ ക്ഷേത്രമായിരുന്നു 1970 വരെയുള്ള കാലഘട്ടങ്ങളില്‍. തുടര്‍ന്ന് ക്ഷേത്രം തായര്‍ കുടുംബം പൊതു ജനങള്‍ക്ക് വിട്ടു നല്‍കി.
മസ്ജിദിലേക്കുള്ള പാതയില്‍ സ്ഥാപിച്ച കമാനത്തില്‍ ക്ഷേത്രത്തിലേക്കുള്ള വഴിയും കാണിച്ചത് പ്രദേശത്തെ ഹൈന്ദവരില്‍ ഏറെ സന്തോഷം ഉണ്ടാക്കിയിരുന്നു.
രണ്ടു പതിറ്റാണ്ടിനിപ്പുറം ദേശീയ പാത വികസനം വരുന്നതോടെയാണ് കവാടം മറ്റൊരു ചരിത്രത്തിലേക്ക് വഴി തുറന്നത്. പാതക്ക് വേണ്ടി സ്ഥലം കൂട്ടി എടുത്തതോടെ നിലവില്‍ ഉണ്ടായിരുന്ന കമാനം എടുത്തു മാറ്റേണ്ടി വന്നു.ഇതോടെ ക്ഷേത്ര കമ്മിറ്റി പുതിയ കവാടം സ്ഥാപിക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ബിലാല്‍ മസ്ജിദുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരോട് കൂടി ആലോചിച്ചു ചെയ്യാമെന്ന തീരുമാനം ക്ഷേത്ര കമ്മിറ്റിയിലെ ആളുകള്‍ എടുത്തതോടെ കുണിയയില്‍ ഉയര്‍ന്നത് ഒരുപക്ഷെ കേരളത്തില്‍ എവിടെയും കാണാത്ത തരത്തിലുള്ള മാനവ മൈത്രിയുടെ അടയാളം.
അഞ്ചു ലക്ഷം രൂപ ചെലവിലാണ് പുതിയ കമാനം സ്ഥാപിച്ചത്.കെ.ദാമോദരന്‍ മോലോത്തിങ്കാല്‍ പ്രസിഡന്റായുള്ള ക്ഷേത്രത്തിന്റെ യു.എ.ഇ നിര്‍മാണ കമ്മിറ്റിയും മസ്ജിദ് കമ്മിറ്റിയും നേര്‍ പകുതി വീതം തുക ചെലവഴിച്ചാണ് കമാന നിര്‍മാണം നടത്തിയത്. കമാനത്തിലെ ഒരു തൂണില്‍ മസ്ജിദിനെ അടയാളപ്പെടുത്തുന്ന ഖുബ്ബയും ചന്ദ്രക്കലയും ഉള്‍പ്പെടെ സ്ഥാപിച്ചപ്പോള്‍ മറു തൂണില്‍ ക്ഷേത്ര അടയാളങ്ങളും സ്ഥാപിച്ചു.
കമാനത്തിന്റെ ആര്‍ച്ചില്‍ മസ്ജിദിനെയും, ക്ഷേത്രത്തിന്റെയും പേരുകള്‍ എസ്.എസ് സ്റ്റീലില്‍ കൊത്തി വച്ചു. ദേശീയ പാത വഴി സഞ്ചരിച്ച കര്‍ണാടക,ഗോവ,മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി മാനവ സൗഹാര്‍ദത്തിന്റെ പുതിയ കമാനം വീഡിയോയിലും തങ്ങളുടെ മനസിലും പകര്‍ത്തി കൊണ്ടിരിക്കുന്നു. കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാര്‍ത്ത ചാലനുകളിലും മറ്റു കവാടം പ്രത്യേക വാര്‍ത്തകള്‍ കൊണ്ട് നിറയുകയും ചെയ്തു.
26 നു റിപ്പബ്ലിക് ദിനത്തില്‍ കവാടം പൊതു ജനങള്‍ക്ക് തുറന്നു കൊടുക്കുന്നത് രാഷ്ട്രീയ നേതാക്കളോ മന്ത്രിമാരോ അല്ല. കുണിയയുടെയും ഉരുളന്‍കോടിയുടെയും പ്രദേശത്തുള്ള ജനങള്‍ക്ക് ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കുന്ന രണ്ടു മഹത് വ്യക്തിത്വങ്ങളാണ്.
കുണിയ ജുമുഅ മസ്ജിദ് ഇമാമും സമസ്ത കാസര്‍കോട് ജില്ലാ മുശാവറ അംഗവുമായ അബ്ദുല്‍ ഖാദര്‍ നദ്‌വി, ക്ഷേത്ര രക്ഷാധികാരി എന്‍.കുഞ്ഞിരാമന്‍ ഉരുളാംകോടി തായരുമാണ് കമാനം പൊതു ജങ്ങള്‍ക്കു തുറന്നു കൊടുക്കുന്നത്.
കമാനം സ്ഥാപിക്കാനുള്ള സ്ഥലം സൗജന്യമായി വിട്ടു നല്‍കിയത് കുണിയയിലെ പൗര പ്രമുഖന്‍ കെ.മൊയ്തീന്‍ കുഞ്ഞി എന്ന വ്യക്തിയാണ്.
മാനവ മൈത്രിയുടെ പുതിയ കവാടം തുറക്കുമ്പോള്‍ കുണിയ,ആയംപാറ പ്രദേശങ്ങളിലെ ജനങ്ങളിലുള്ള പ്രാര്‍ഥന ഒന്ന് മാത്രം.ഈ നാട്ടില്‍ ഇപ്പോഴും തുടരുന്ന മാനവ സഹൃദം എന്നും ഉണ്ടാകണം.നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്ലിം,ഹിന്ദു സ്നേഹ സാഹോദര്യം വരും തലമുറ പിന്തുടരണം,മറ്റു ദേശങ്ങള്‍ക്കു ഈ കവാടം മാതൃക ആവട്ടേയെന്നുമാണ്. അബ്ദുല്‍ ഖാദര്‍ സഅദി,കെ.നാരായണന്‍ ആയമ്പാറ എന്നിവര്‍ ചെയര്‍മാനും കണ്‍വീനറുമായ നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്വത്തില്‍
കെ.ബാലകൃഷ്ണന്‍ ഉരുളങ്കോടി,വി.ഗോപാലകൃഷ്ണന്‍ പൊള്ളക്കട,എം.വേലായുധന്‍ തോക്കാനം വീട് എന്നിവരാണ് അതിമനോഹരമായ ഈ കവാട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.