
കാസര്‍കോട്: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ ഒരാളുടെ മൃതദേഹം കാസര്‍കോട്ട് കടലില്‍ കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് കാസര്‍ക്കോട്ടെ ഉള്‍കടലില്‍ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കാസര്‍കോട് പൊലിസ്, തീരദേശ പൊലിസ് എന്നിവര്‍ക്ക് വിവരം കൈമാറി. മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ബോട്ടില്‍ തന്നെ കാസര്‍കോട്ടെ തീരത്തേക്ക് കൊണ്ടുവന്നു.
ബേപ്പൂരില്‍ നിന്നു തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികളുടെ സംഘത്തിനാണ് മൃതദേഹം കിട്ടിയത്. തളങ്കര ഹാര്‍ബറില്‍ മൃതദേഹം എത്തിക്കുന്ന വിവരമറിഞ്ഞ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കിയിരുന്നു. അഡീ. തഹസില്‍ദാര്‍ ജോര്‍ജ്, കോസ്റ്റല്‍ പൊലിസ് സി.ഐ സിബി തോമസ്, എസ്.ഐമാരായ പ്രമോദ്, വിജയന്, ആന്റണി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി. മൃതദേഹം
വൈകുന്നേരം 6.30.ഓടെ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മൃതദേഹം കിട്ടിയ ഉടനെ തന്നെ കോസ്റ്റല്‍ പൊലിസ് നെല്ലിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികരോട് ചെറിയ ബോട്ട് നല്‍കുന്നതിനായി സഹായമഭ്യര്‍ത്ഥിച്ചു. അവര്‍ ഉടന്‍ തന്നെ മത്സ്യത്തൊഴിലാളിയായ നാരായണന് എന്നയാളുടെ ബോട്ട് പൊലിസിന് വിട്ടുനല്‍കി.
തുടര്‍ന്ന് മത്സ്യത്തൊഴിലാളികളായ നാരായണന്, അശോകന്, വിനോദ്, രൂപേഷ്, ദിലീഷ് എന്നിവര്‍ക്കൊപ്പം കോസ്റ്റല്‍ എസ്.ഐ.ആന്റണി, സിവില്‍ പൊലിസ് ഓഫിസര്‍ രതീഷ് ചന്ദ്രന് എന്നിവരാണ് ബോട്ടില്‍ പോയി വലിയ ബോട്ടില്‍ നിന്നും ചെറിയ ബോട്ടിലേക്ക് മൃതദേഹം മാറ്റി കരക്കെത്തിച്ചത്.
വേലിയേറ്റം കാരണം മൃതദേഹം സാഹസികമായാണ് ബോട്ടിലേക്ക് മാറ്റിയതെന്ന് കോസ്റ്റല്‍ പൊലിസും മത്സ്യത്തൊഴിലാളികളും പറഞ്ഞു. കോസ്റ്റല്‍ പൊലിസിന്റെ മൂന്നു ബോട്ടുകള്‍ കട്ടപ്പുറത്തായിട്ട് മാസങ്ങളായി. ഇതിന്റെ അറ്റകുറ്റപ്പണി ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മത്സ്യത്തൊഴിലാളികളുടെ സഹായം കൊണ്ടുമാത്രമാണ് കോസ്റ്റല്‍ പൊലിസിന്റെ തിരച്ചില്‍ ഇപ്പോള്‍ നടന്നു വരുന്നത്.
മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയി. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ നിന്നും ബുധനാഴ്ച രാവിലെ ഒരു മൃതദേഹം കിട്ടിയിരുന്നു.