
കാസര്‍കോട്: കാസര്‍കോട് ജില്ലയെ ഇളക്കിമറിച്ച് പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംയുക്ത ജമാഅത്തുകള്‍ നടത്തിയ പ്രതിഷേധ റാലി. കാസര്‍കോട്, കാഞ്ഞങ്ങാട്, കുമ്പള സംയുക്ത ജമാഅത്തുകളാണ് മൂന്നു നഗരങ്ങളില്‍ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചത്. കാസര്‍കോട്ട് പതിനായിരങ്ങള്‍ സംബന്ധിച്ച റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാണ് ആരംഭിച്ചത്. വൈകുന്നേരം മൂന്നോടെ സംയുക്ത ജമാഅത്തിന്റെ പരിധിയിലുള്ള നൂറോളം മഹല്ലുകളില്‍ നിന്നും ആളുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയതോടെ നഗരം ജനസാഗരമായി മാറി.
സമാന രീതിയിലാണ് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത്, കുമ്പള സംയുക്ത ജമാഅത്ത്, പള്ളിക്കര സംയുക്ത ജമാഅത്ത് എന്നിവ നടത്തിയ റാലിയും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്തോട് നെഞ്ചുവിരിച്ചു പോരാടിയ രക്തസാക്ഷികളുടെ പിന്‍ഗാമികള്‍ ഭാരത മണ്ണില്‍ കിടന്നു മരിക്കുമെന്നും രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ സംഘടനകളുടെ നീക്കം ജാതിമത ഭേദമെന്യേ ജനങ്ങള്‍ പൊരുതി തോല്‍പ്പിക്കുമെന്നും റാലിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.
കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന് നേതൃത്വം നല്കി. തുടര്‍ന്ന് ഓള്‍ഡ് പ്രസ് ക്ലബ് ജങ്ഷന് വഴി ബാങ്ക് റോഡില്‍ പ്രവേശിച്ചു നഗരം ചുറ്റി പഴയ ബസ് സ്റ്റാന്‍ഡ് വഴി കാസര്‍കോട് നഗരസഭാ ഹാള്‍ പരിസരത്ത് സമാപിച്ചു.
നഗരസഭാ സന്ധ്യാ രാഗം ഹാളില്‍ നടന്ന പ്രതിഷേധ സംഗമം പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനായി. കിഴൂര്‍ മംഗളൂരു സംയുക്ത ജമാഅത്ത് ദക്ഷിണ കന്നഡ ജില്ലാ ഖാസി ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, സമസ്ത വൈസ് പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന് മൗലവി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ടി.ഇ അബ്ദുല്ല, പിണങ്ങോട് അബൂബക്കര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, അബ്ദുല്‍ മജീദ് ബാഖവി, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദര്‍ സഅദി പള്ളങ്കോട്, അതീഖ് റഹ്മാന് ഫൈസി, എ. അബ്ദുല്‍ റഹിമാന്‍, ഡി.സി.സി പ്രസിഡന്റ് ഹഖീം കുന്നില്‍, എ. ഗോവിന്ദന് നായര്‍, കെ.പി സതീഷ് ചന്ദ്രന്, മുഹമ്മദ് വടകര, അസീസ് കടപ്പുറം സംസാരിച്ചു.