2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാരുണ്യ ചികിത്സാപദ്ധതി മുടങ്ങി, ദുരിതം പേറി ആയിരങ്ങള്‍: ജാള്യം മറക്കാന്‍ സഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ സൗജന്യ ചികിത്സാപദ്ധതി മുടങ്ങിയതോടെ ആയിരക്കണക്കിനു രോഗികള്‍ വലയുന്നു. പലരുടെയും ചികിത്സയും നിലച്ചു. കാരുണ്യ ബെനവലന്റ് ഫണ്ട് നിര്‍ത്തലാക്കിയ ശേഷം തുടങ്ങിയ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരം സൗജന്യ ചികിത്സ ലഭിക്കുക കിടത്തി ചികിത്സകര്‍ക്ക് മാത്രമാണ് എന്നതാണ് രോഗികളെ വലയ്ക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി പതിനായിരങ്ങള്‍ക്കാണ് ഇതുവരേ തുണയായത്. കാരുണ്യ ലോട്ടറിയുടെ വരുമാനം ഇതിനായായിരുന്നു വിനിയോഗിച്ചിരുന്നത്. മാധ്യമങ്ങളില്‍ വലിയ പ്രചാരണവും നല്‍കിയിരുന്നു. കാരുണ്യലോട്ടറി ഇപ്പോഴും മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും ചികിത്സാ പദ്ധതി അവതാളത്തിലായിരിക്കുകയാണ്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നതോടയാണ് പദ്ധതി പാളിത്തുടങ്ങിയത്.
പലയിടത്തും സ്വകാര്യ ആശുപത്രിയില്‍ പണം നല്‍കി ചികിത്സ നടക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ആശുപത്രികളിലേയും അവസ്ഥ.
ഇതിനെതിരേ പ്രതിഷേധം രൂക്ഷമായിരിക്കുകയാണ്.

പദ്ധതി നിര്‍ത്തലാക്കിയതോടെ കീമോ തെറാപ്പിയും റേഡിയേഷനും ഉള്‍പ്പടെയുള്ള അടിയന്തര ചികില്‍സകള്‍ പോലും നടത്താനാകാത്ത സ്ഥിതിയുണ്ട്. പല അര്‍ബുദ രോഗികളും ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വഴിയുമില്ലാതെ വിഷമിക്കുകയാണ്. അത്തരത്തിലുള്ള ദുരിതം പേറുന്ന ആയിരങ്ങളാണ് കണ്ണീരോടെ കഴിയുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നു തുടങ്ങിയിരുന്നു. ഇന്നു രാവിലെ മുതല്‍ വീണ്ടും രോഗികളുടെ ദുരിതവാര്‍ത്തകളുമായി ദൃശ്യമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ ആരോഗ്യവകുപ്പും പ്രതിക്കൂട്ടിലായി. ഇതോടെ ആരോഗ്യ മന്ത്രിക്കും വിഷയത്തില്‍ പ്രതികരിക്കേണ്ടിവന്നു.
കാരുണ്യപദ്ധതിയില്‍ ഈ വര്‍ഷം മുഴുവന്‍ ചികിത്സ ലഭിക്കുമെന്നും ഇതിന്റെ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നും മന്ത്രി കെ.കെ ഷൈലജ പ്രതികരിച്ചു.
ആശുപത്രികള്‍ കണക്കുകള്‍ സൂക്ഷിച്ചാല്‍ മതിയെന്നും പണം വൈകാതെ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ പദ്ധതി ഇല്ലെന്നകാരണത്താല്‍ ആര്‍ക്കും ചികിത്സ നിഷേധിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ സി സിയില്‍ പോലും കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെയാണ് അര്‍ബുദ രോഗികള്‍ അടക്കമുള്ളവര്‍ വലയുന്നത്. പുതിയ ഉത്തരവ് വന്നാല്‍ തന്നെ അതിന്റെ ആനുകൂല്യം എന്നുമുതല്‍ കിട്ടിത്തുടങ്ങുമെന്നറിയില്ലെന്നാണ് ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ തന്നെ പറയുന്നത്.
കാരുണ്യ പദ്ധതി നിര്‍ത്തലാക്കിയതോടെ പാന്‍ക്രിയാസ് കാന്‍സറിന്റെ തുടര്‍ചികില്‍സകള്‍ മുടങ്ങിയവരും ധാരാളമുണ്ട്.
കാരുണ്യ ലോട്ടറി വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് നല്‍കുന്ന ധനസഹായം സര്‍ക്കാരിന് അധിക ബാധ്യതകളില്ലാതെ തന്നെ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെ നടത്തിയിട്ടുണ്ട്. എന്നാല്‍ കിടത്തി ചികില്‍സക്കുമാത്രമായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ചുരുങ്ങിയതോടെ അര്‍ഹിക്കുന്ന നിരവധി രോഗികള്‍ക്കാണ് ചികില്‍സ നിഷേധിക്കപ്പെടുന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.