
09:02 PM- വ്യാജ രാജിക്കത്തുമായി കുമാരസ്വാമി
ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സഭ വീണ്ടും തുടങ്ങിയപ്പോള്‍ താന്‍ തയ്യാറാക്കിയതെന്ന വ്യാജേനയുള്ള രാജിക്കത്തുമായി നിയമസഭയിലെത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ പേരില്‍ പ്രചരിക്കുന്ന കത്താണിതെന്നും ഇതു തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ആരോ തന്റെ ഒപ്പ് വ്യാജമായി ഉപയോഗിച്ചുവെന്നും താന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയെന്ന് വിവരം കിട്ടിയത് തന്നെ ഞെട്ടിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു.
രാത്രി എത്ര വേണമെങ്കിലും ഇരിക്കാമെന്നും ഇന്നു തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നും സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചതോടെ, പ്രതിഷേധവുമായി ജെ.ഡി.എസും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഇതോടെ ക്ഷോഭിച്ച സ്പീക്കറെ, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ അനുനയിപ്പിച്ചു. താന്‍ രാജിവയ്ക്കാന്‍ പോവുകയാണെന്ന് സ്പീക്കര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സിദ്ധരാമയ്യ ഇടപെട്ടത്.
വിശ്വാസ വോട്ടെടുപ്പിന് രണ്ടു ദിവസം കൂടി സാവകാശം വേണമെന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സ്പീക്കര്‍ കെ.ആര് രമേശ് കുമാറിനെ കണ്ട് ഔദ്യോഗികമായി ആവശ്യപ്പെടുകയായിരുന്നു. ഇത് സ്പീക്കര്‍ അംഗീകരിച്ചില്ല.
അതിനിടെ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങാതെ കുമാരസ്വാമി സര്‍ക്കാര്‍ രാജിവച്ചേക്കുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് തള്ളി. തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഗവര്‍ണര്‍ വാജുഭായ് വാലയെ കാണാന്‍ കുമാരസ്വാമി അനുമതി തേടിയെന്ന വാര്‍ത്ത പുറത്തുവന്നതോടെയായിരുന്നു അദ്ദേഹം രാജിവച്ചേക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്.
അതേസമയം കര്‍ണാടകയില്‍ നിര്‍ണായക നീക്കങ്ങളാണ് നടക്കുന്നത്. കുമാരസ്വാമിക്ക് പകരം സിദ്ധരാമയ്യ, ജി. പരമേശ്വര, ഡി.കെ ശിവകുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളിലാരെയെങ്കിലും മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്. തന്നെ മുഖ്യമന്ത്രിയാക്കാന്‍ ജെ.ഡി.എസ് അംഗങ്ങള്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ എന്ത് വിട്ടുവീഴ്ചക്കും തയാറാണെന്ന് ജെ.ഡി.എസ് അറിയിച്ചിട്ടുണ്ടെന്ന് ശിവകുമാര്‍ പറഞ്ഞു.
രാത്രി ഏറെ വൈകിയും വോട്ടെടുപ്പിനായി സഭയിലിരിക്കാന്‍ തയാറാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സ്പീക്കര്‍ ആരോപിച്ചു. അത് സഭയുടെയും എം.എല്‍.എമാരുടെയും സ്പീക്കറായ തന്റേയും പ്രതിച്ഛായയെ ബാധിക്കുമെന്നും രമേശ് കുമാര്‍ പറഞ്ഞു. തന്നെ മുന്നില്‍ നിര്‍ത്തി വടംവലി നടത്തരുതെന്നും സ്പീക്കര്‍ പറഞ്ഞു.
അതേസമയം, ചൊവ്വാഴ്ച രാവിലെ 11ന് മുന്‍പ് ഹാജരായില്ലെങ്കില്‍ അയോഗ്യരാക്കുമെന്ന് സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.