2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍, നിര്‍ദേശം തള്ളി കോണ്‍ഗ്രസ്, തിങ്കളാഴ്ച്ചക്കു മുന്നെ വിശ്വാസവോട്ട് വേണ്ടെന്ന് ധാരണ, കണ്ണുരുട്ടി കേന്ദ്രം

  • വിശ്വാസ പ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി, 21 എം.എല്‍.എമാര്‍ സഭയിലില്ല
  • തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി സ്പീക്കര്‍

 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ഗവര്‍ണര്‍ വാജുഭയ് വാല കത്തുനല്‍കി.

വ്യാഴാഴ്ച്ച വിശ്വാസവോട്ട് നടത്തണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമയം നിശ്ചയിച്ച് ഗവര്‍ണരുടെ ഇടപെടല്‍. വിശ്വാസവോട്ട് നടത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ ധര്‍ണ തുടരുകയാണ്.

അതേസമയം എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുന്ന സംബന്ധിച്ച കോടതി ഉത്തരവില്‍ വ്യക്തത തേടി കോണ്‍ഗ്രസ് വെള്ളിയാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

\കര്‍ണാടക നിയമ സഭ ഇന്നത്തേക്ക് യോഗം പിരിഞ്ഞു. വെള്ളിയാഴ്ച രാവിലെ 11നു വീണ്ടും ചേര്‍ന്ന് വിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. വിശ്വാസ പ്രമേയത്തിന്മേല്‍ നാളെ വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. ഇത് തള്ളിയാണ് സഭ പിരിയുന്നതിനു സ്പീക്കര്‍ തീരുമാനമെടുത്തത്.സഭാകാര്യങ്ങളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

അതേസമയം, സഭയില്‍ നിന്ന് പോകാന്‍ ബി ജെ പി എംഎല്‍എമാര്‍ തയ്യാറായില്ല. ഇന്ന് രാത്രി മുഴുവന്‍ സഭയില്‍ തന്നെ തുടരുമെന്ന് ബി ജെ പി എംഎല്‍എമാര്‍ അറിയിച്ചു.

വോട്ടെടുപ്പ് നീട്ടിവയ്ക്കാന്‍ വേണ്ടിയാണ് ഭരണപക്ഷം ക്രമപ്രശ്‌നം ഉന്നയിച്ച് വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിക്കുന്നതെന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ഇതിനു പിന്നാലെ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് അയച്ച സന്ദേശത്തിലാണ് വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് നിര്‍ദ്ദേശിച്ചത്. സഭാ നടപടികള്‍ നീരീക്ഷിക്കാന്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥനെ ഗവര്‍ണര്‍ അയയ്ക്കുകയും ചെയ്തു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ വായിച്ചതിനുപിന്നാലെയാണ് എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എന്നാല്‍, ഗവര്‍ണറുടെ നിര്‍ദ്ദേശം അനുസരിക്കുകയാണ് വേണ്ടതെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ പ്രതികരിച്ചു. രാത്രി 12 മണിവരെ സമയമുണ്ട്. അതിനോടകം ചര്‍ച്ച അവസാനിപ്പിച്ച് വിശ്വാസവോട്ടെടുപ്പ് നടത്താവുന്നതേയുള്ളു എന്നും യെദ്യൂരപ്പ പറഞ്ഞു. അതിനിടെ ഇടഞ്ഞു നില്‍ക്കുന്ന എം എല്‍ എ മാരെ അനുനയിപ്പിക്കുന്നതിന് കോണ്‍ഗ്രസ്സ്, ജെ ഡി എസ് നേതൃത്വം ശ്രമം തുടരുകയാണ്. വിമതരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നത്. വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുകയോ അവരെ അയോഗ്യരാക്കുകയോ ചെയ്താല്‍ സര്‍ക്കാരിന്റെ അംഗബലം 102 ആയി കുറയും.

4:25 pm

എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോയെന്ന ആരോപണത്തില്‍ സ്പീക്കര്‍ റിപ്പോര്‍ട്ട് തേടി. നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സ്പീക്കര്‍ ആവശ്യപ്പെട്ടത്. വിഷയം സുപ്രിംകോടതിയില്‍ ഉള്ളതിനാല്‍ കൂടുതല്‍ സൂക്ഷ്മത വേണമെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ സഭയെ അറിയിച്ചു. ഇതോടെ വിശ്വാസ വോട്ടെടുപ്പിനു മേലുള്ള ചര്‍ച്ച നാളേക്കു നീളുമെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്.

4:20 pm 

വോട്ടെടുപ്പ് വൈകുന്നതിനെതിരെ ഗവര്‍ണറെ കണ്ട് ബി.ജെ.പി നേതാക്കള്‍, കോണ്‍ഗ്രസ് എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയെന്ന് ശിവകുമാര്‍

വിശ്വാസ വോട്ടെടുപ്പ് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രതിനിധികള്‍ ഗവര്‍ണര്‍ വിജുഭായ് പാട്ടേലിനെ കണ്ടു. വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണറെ സമീപിച്ചത്.

4:16 pm 

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി ട്വീറ്റ്. ഭരണഘടനാ പ്രകാരം ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ രാജിവയ്ക്കണം. എന്നാല്‍ കര്‍ണാടകയില്‍, കോണ്‍ഗ്രസ്- ജെ.ഡി.എസ് ഭൂരിപക്ഷമില്ലാതെ തുടരുകയാണെന്നും ട്വിറ്ററില്‍ ആരോപിച്ചു.

3:16 pm 

കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്ന് ഡി.കെ ശിവകുമാര്‍ സഭയില്‍ പറഞ്ഞു. രേഖകളും ചിത്രങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ശിവകുമാറിന്റെ ആരോപണം. ‘എട്ട് എം.എല്‍.എമാര്‍ ഒന്നിച്ചാണ് യാത്ര ചെയ്തത്. ഇത് ശ്രീമാന്ത് പാട്ടീലിന്റെ ചിത്രമാണ്. അദ്ദേഹം സ്ട്രച്ചറിലാണ് കിടക്കുന്നത്. ഇവരൊക്കെ എവിടെയാണ്? ഞങ്ങളുടെ എം.എല്‍.എമാരെ സംരക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് ആവശ്യപ്പെടുകയാണ്’- ശിവകുമാര്‍ പറഞ്ഞു.

21 എം.എല്‍.എമാര്‍ സഭയിലില്ല

വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ, 21 എം.എല്‍.എമാര്‍ കര്‍ണാടക സഭയിലില്ല. സഖ്യസര്‍ക്കാരിലെ 16 എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും വിട്ടുനില്‍ക്കുമെന്ന് നേരത്തെ അറിയിച്ചതാണ്. ഇതുകൂടാതെ, രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി സഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ബി.ജെ.പി എം.എല്‍.എ എന്‍. മഹേഷും സഭയിലില്ല.

ചര്‍ച്ച നീട്ടാതെ വോട്ടെടുപ്പ് നടത്തണമെന്ന് യെദ്യൂരപ്പ

പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച നീട്ടിക്കൊണ്ടു പോകാതെ വോട്ടെടുപ്പിലേക്ക് നീങ്ങണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ. ഈ ആവശ്യമുന്നയിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയും ചെയ്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.