2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആനന്ദിന് മുമ്പൊരു വിശ്വനാഥൻ

കരിയാടൻ

 

തമിഴ്‌നാട്ടിൽ നിന്നുള്ള വിശ്വനാഥൻ ആനന്ദ് ലോക ചെസിൽ അഞ്ചു തവണ കിരീടമുയർത്തിയത് ചരിത്രമാണ്. രണ്ടായിരമാണ്ടിൽ ന്യൂഡൽഹി ഹയാത്ത് റീജൻസി ഹോട്ടലിൽ 31ാം വയസ്സിൽ ആനന്ദ് ആദ്യ കിരീടം നേടുമ്പോൾ, 71 വർഷങ്ങൾക്ക് മുമ്പ് ലോക ചാംപ്യനായി ഉയർത്തപ്പെട്ട മറ്റൊരു ഇന്ത്യക്കാരൻ കാലയവനികക്കുള്ളിൽ മറഞ്ഞുകഴിഞ്ഞിരുന്നു.
ചെസ് ലോകം ആ പഞ്ചാബുകാരനെ സുൽത്താൻ ഖാൻ എന്ന് വിളിച്ചു. അവിഭക്ത ഇന്ത്യയിൽ പഞ്ചാബ് പ്രവിശ്യയിലെ കുഷാബ് ഗ്രാമത്തിൽ പാവപ്പെട്ട ഒരു കുടുംബത്തിൽ ജനിച്ച മാലിക് മീർ സുൽത്താൻ ഖാൻ. സാമ്പത്തിക കാരണങ്ങളാൽ പ്രാഥമിക വിദ്യാഭ്യാസം നിർവഹിക്കാൻ പോലും കഴിയാതിരുന്ന ആ ബാലൻ, അവിടുത്തെ നാടുവാഴിയായ കേണൽ ഉമർ ഹയാത്ത് ഖാന്റെ ആശ്രിതനായി. കറുപ്പും വെളുപ്പുമായി 64 കള്ളികളുള്ള ബോർഡിലെ കളി ഒമ്പതാം വയസ്സിൽ തന്നെ സുൽത്താൻ ഖാനു ഹരമായി മാറുന്നത് കേണൽ ഉമ്മർ തിരിച്ചറിഞ്ഞു.

   

പ്രാദേശിക ടൂർണമെന്റുകളിൽ കൊടുങ്കാറ്റ് സൃഷ്ടിച്ചുകൊണ്ടിരുന്ന പയ്യൻ ഒരു അഖിലേന്ത്യാ ടൂർണമെന്റും വിജയിച്ചതോടെ കേണൽ ഉമർ തന്നെ അവനെ കോട്ടും സൂട്ടുമണിയിച്ച് പരിവാരസമേതം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. ഏതാനും പ്രദർശന മത്സരങ്ങളിൽ പങ്കെടുത്ത് വിജയംവരിച്ച സുൽത്താൻ ഖാൻ യൂറോപ്യൻ ഗെയിംസിൽ മത്സരിക്കാൻ അർഹതയും നേടി.
1929ലെ അരങ്ങേറ്റം സുൽത്താൻ ഖാന് രാജ്യാന്തര കിരീടം നേടിക്കൊടുത്തു. നാലുവർഷം ഇംഗ്ലണ്ടിൽ തങ്ങിയപ്പോൾ ഒരു പ്രാവശ്യം മാത്രമേ പരാജയം പിണഞ്ഞുള്ളൂ. 1929നു പുറമെ 1932ലും 1933ലും കിരീടവിജയം സുൽത്താൻ ഖാന്റേതായി. 1930ൽ ഹംബുർഗിലും 1931ൽ ഫ്രാൻസിലും 1933ൽ ഫോക്സ്റ്റണിലും ആ ഇന്ത്യക്കാരൻ മിടുക്കുകാട്ടി. ക്യൂബയിൽ നിന്നുള്ള ലോക ചാംപ്യനായ ജോസ്‌റോൾ കാപബ്‌ളാങ്കയെ കറുപ്പ് കരുക്കൾ കൊണ്ട് കീഴടക്കിയപ്പോൾ ഗണിതശാസ്ത്ര വിദഗ്ധരുടെ നാട്ടിൽനിന്നു ചെസ് രംഗത്തും പ്രഗത്ഭർ വന്നെത്തിയിരിക്കുന്നു എന്നാണ് ബ്രിട്ടീഷ് പത്രമായ മോണിങ് പോസ്റ്റ് വിശേഷിപ്പിച്ചത്. പ്രതിരോധത്തിൽ ആഗോള പ്രശസ്തനായ റഷ്യക്കാരൻ അലക്‌സാണ്ടർ അൽഖിനെയും കീഴടക്കിയപ്പോൾ പരാജയപ്പെട്ടത് മൊത്തം 35 കളികളിൽ മാത്രമായിരുന്നു. ഫ്‌ളാഗർ, താർത്താബിൾ തുടങ്ങിയ അന്നത്തെ മറ്റു പ്രഗത്ഭർക്കെതിരേയും സുൽത്താൻ ഖാൻ അനായാസം വിജയം വരിച്ചു. എന്നാൽ നാലുവർഷത്തിലേറെ ആ ജൈത്രയാത്ര നീണ്ടുനിന്നില്ല. കേണൽ ഉമറിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങിയ സുൽത്താൻ ഖാൻ പിന്നീട് രാജ്യാന്തര മത്സരങ്ങളിലൊന്നും തന്നെ തല കാണിച്ചില്ല. കേണലിന്റെ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ക്ഷയരോഗ ബാധിതനായി. 1941ൽ കേണൽ മരണപ്പെട്ടതോടെ തികച്ചും അനാഥനുമായി. അതേസമയം 1935 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ സാംഗ്‌ളിയിൽ നടന്ന ഒരു പ്രദർശന മത്സരത്തിൽ ദേശീയ ചാംപ്യനായ വി.കെ ഖാദിൽക്കർക്കെതിരേ കളിച്ച് സുൽത്താൻ ഖാൻ ഒമ്പത് പോയിന്റിന് വിജയം വരിക്കുകയുണ്ടായി.

ചുരുങ്ങിയ കാലമെങ്കിലും ലോകചെസ് രംഗത്ത് മുടിചൂടാമന്നനായി വാണ സുൽത്താൻ ഖാൻ 1966ൽ 63ാം വയസ്സിൽ കളികളില്ലാത്ത ലോകത്തേക്ക് യാത്രയാവുകയും ചെയ്തു. പശ്ചിമ പഞ്ചാബിൽ സ്വദേശമായ മിഥാ തവാനും മസ്ജിദ് ശ്മശാനത്തിലാണ് അദ്ദേഹം മണ്ണോട് ചേർന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.