മലപ്പുറം: കരിപ്പൂര്‍ വിമാന അപകട സമയത്ത് ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പ്രദേശവാസികള്‍ക്ക് നന്ദി സ്മാകരകമായി സര്‍ക്കാര്‍ ആതുരാലയത്തിന് പുതിയ കെട്ടിടം. കരിപ്പൂര്‍ വിമാന അപകട ചാരിറ്റി ഫൗണ്ടേഷനാണ് ചിറയില്‍ ചുങ്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുന്നത്. വിമാന അപകടത്തില്‍ പരുക്കേറ്റവരും, മരിച്ചവരുടെ ബന്ധുക്കളുമാണ് കെട്ടിടം നിര്‍മാണത്തിന് പൂര്‍ണമായും ഫണ്ട് നല്‍കുന്നത്. ഇതിന്റെ ശിലാസ്ഥാപനം ഈ മാസം ആറിന് വിമാന അപകടത്തിന്റെ മൂന്നാം ഓര്‍മ ദിനത്തില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിക്കും.
2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തില്‍ 21പേര്‍ മരിച്ചത്. 169 പേര്‍ക്ക് പരുക്കേറ്റു. പലരും ഇന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. കൊവിഡ് കാലത്ത് ജീവന്‍ നോക്കാതെ ദുരന്ത സ്ഥലത്തെത്തിയ കൊണ്ടോട്ടി, പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയില്‍, തറയിട്ടാല്‍ പ്രദേശത്തുകാരുടെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള സ്നേഹോപഹാരമായാണ് സര്‍ക്കാര്‍ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുന്നത്. ഇതിന്റെ ധാരണ പത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് കൈമാറിയിരുന്നു.
ആശുപത്രിയോട് ചേര്‍ന്ന സ്ഥലത്ത് രണ്ടായിരം സ്‌ക്വയര്‍ ഫീറ്റിലാണ് കെട്ടിടം നിര്‍മിക്കുക. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം. ആറ് മാസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഇടക്കുനി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂര്‍ വിമാന അപകട ചാരിറ്റി ഫൗണ്ടേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അബ്ദുറഹ്‌മാന്‍ ഇടക്കുനി ചെയര്‍മാനും, അപകടത്തില്‍ പരിക്കേറ്റ കെ.അബ്ദുറഹീം വയനാട് ജന.സെക്രട്ടറിയും, വടക്കന്‍ അബ്ദുല്‍ ഗഫൂര്‍ എടവണ്ണ ട്രഷററുമായുള്ള ട്രസ്റ്റാണ് കെട്ടിടം പണിയുന്നത്. ഞായറാഴ്ച ദുരന്ത സ്ഥലത്ത് ഇവര്‍ ഒരുമിച്ചു കൂടും.
Comments are closed for this post.