2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

കരിപ്പൂര്‍ വിമാന ദുരന്തം വിമാനം റണ്‍വേ തൊടുംവരെ  എ.ടി.സിയും അപകടമറിഞ്ഞില്ല

അശ്‌റഫ് കൊണ്ടോട്ടി

കൊണ്ടോട്ടി: കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനത്തിന് ലാന്‍ഡിങിന് അനുമതി നല്‍കിയ എയര്‍ട്രാഫിക് കണ്‍ട്രോള്‍ യൂനിറ്റും അപകടക്കെണി അറിഞ്ഞില്ല. വിമാനത്തിന് ദിശമാറ്റി ലാന്‍ഡിങിന് അനുമതി നല്‍കിയത് അനുകൂലമായ സാഹചര്യവും വൈമാനികന്റെ ആത്മവിശ്വാവും മുന്‍നിര്‍ത്തിയാണെന്ന് എയര്‍ട്രാഫിക് കണ്‍ട്രോള്‍ ഡി.ജി.സി.എക്ക് വിശദീകരണം നല്‍കി. 
 
വിമാനത്തിന് ലാന്‍ഡിങ് അനുമതി നല്‍കിയ ഉദ്യോഗസ്ഥനില്‍ നിന്നും ഡി.ജി.സി.എ മൊഴിയെടുത്തു. സംഭവ ദിവസം പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ കുറവുണ്ടായോയെന്നും പരിശോധിക്കുന്നുണ്ട്. എ.ടി.സി നല്‍കിയ നിര്‍ദേശത്തില്‍ വിമാനം അപകടത്തില്‍ പെടുന്നതിന്റെ സൂചനകളൊന്നും സംഭവം നടക്കുന്നത് വരെ കണ്ടെത്താനായിട്ടില്ല. കാലാവസ്ഥ, റണ്‍വേ പരിശോധന, വിമാന പൈലറ്റുമായി ആശയ വിനിമയം തുടങ്ങിയവക്ക് ശേഷമാണ് വിമാനത്തിന് സുരക്ഷിത ലാന്‍ഡിങ് അനുമതി എയര്‍ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയത്. 
അതിനാല്‍ വിമാനം അപകടത്തില്‍ പെടുന്നുവെന്ന ഒരു മുന്നറിയിപ്പും  മുന്‍കൂട്ടി നല്‍കാനായിരുന്നില്ല. ലാന്‍ഡിങ് പ്രശ്‌നങ്ങളുളള വിമാനങ്ങള്‍ക്ക് അടിയന്തര ലാന്‍ഡിങിനുളള സാഹചര്യം ഒരുക്കി മാത്രമാണ് അനുമതി നല്‍കാറുളളത്. എന്നാല്‍ മഴയുണ്ടായിട്ടും വിമാനം റണ്‍വേയില്‍ തൊടുംവരെ വൈമാനികനില്‍ നിന്ന് ഇത്തരത്തിലുളള മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് എ.ടി.സിയുടെ വിശദീകരണം.
 
 വിമാന അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാരെത്തിയതിന് ശേഷമാണ് അധികൃതര്‍ എത്തിയത്. കരിപ്പൂരില്‍ കിഴക്ക് ദിശയില്‍ വിമാനങ്ങള്‍ ലാന്‍ഡിങ് നടത്തുന്നതിനാണ് പൈലറ്റുമാര്‍ ശ്രമിക്കാറുളളത്. എന്നാല്‍ അപകടത്തില്‍പെട്ട വിമാനം റണ്‍വേ 10-ലാണ് (പടിഞ്ഞാറ് ഭാഗം) ലാന്‍ഡിങ് നടത്തിയത്. പരിചയ സമ്പന്നനായ വൈമാനികന് സുരക്ഷിത ലാന്‍ഡിങ് ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ വിമാനം അമിത വേഗത്തില്‍ ഇറക്കിയ പൈലറ്റിന് റണ്‍വേയുടെ നിശ്ചിത നേര്‍രേഖയില്‍ നിന്ന് 1200 അടി മുന്നോട്ട് നീങ്ങിയാണ് ലാന്‍ഡ് ചെയ്യാനായത്. ഇതോടെ കുതിച്ച് പാഞ്ഞ വിമാനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
   ഡി.ജി.സി.എയുടെ ആദ്യഘട്ട അന്വേഷണ റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ വ്യോമായന മന്ത്രാലയത്തിന് സമര്‍പ്പിക്കും. വിമാനത്തിന്റെ കോക്പിറ്റ് ഡാറ്റാ റെക്കോര്‍ഡിന്റെയും ബ്ലോക്ക് ബോക്‌സിന്റെയും വിശദ പരിശോധനകള്‍ക്ക് ശേഷമുളള അന്തിമ റിപ്പോര്‍ട്ട് പിന്നീട് നല്‍കും. 
കഴിഞ്ഞ വെളളിയാഴ്ചയാണ് എയര്‍ഇന്ത്യ എക്‌സപ്രസ് വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ട് 18 പേര്‍ മരിച്ചത്.
 
 
തകര്‍ന്നത് എയര്‍ ഇന്ത്യയുടെ 
പാട്ടത്തിനെടുത്ത വിമാനം       
 
 
കൊണ്ടോട്ടി: കരിപ്പൂരില്‍ 18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍പെട്ട വിമാനം എയര്‍ ഇന്ത്യ ഒന്നര വര്‍ഷം മുന്‍പ് മറ്റൊരു കമ്പനിയില്‍ നിന്ന് പാട്ടത്തിനെടുത്തത്. വിമാനം ഉപയോഗ്യമാക്കാനാകാത്ത രീതിയില്‍ പിളര്‍ന്നിരിക്കുകയാണ്. ബോയിങ് കമ്പനി അധികൃതരുടെ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വിമാനം അപകടസ്ഥലത്ത് നിന്ന് മാറ്റുക. വിമാനത്തിലെ ബാഗേജുകള്‍ മാറ്റി യാത്രക്കാര്‍ക്ക് കൈമാറാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
 
  കരിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എയര്‍ ഇന്ത്യയുടെ മൂന്ന് വിമാനങ്ങളാണ് ചെറിയ അപകടങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. 2017ല്‍ എയര്‍ഇന്ത്യ വിമാനത്തിന്റെ എന്‍ജിന്‍ തകര്‍ന്ന് കരിപ്പൂരില്‍ അപകടമുണ്ടായിരുന്നത്. റണ്‍വേയില്‍ തെന്നിമാറിയ വിമാനം വന്‍ദുരന്തത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
 രണ്ട് വര്‍ഷം മുന്‍പാണ് പറന്നുയരാനായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന്റെ വാതില്‍ തുറന്ന നിലയില്‍ കണ്ടെത്തി. വിമാനം പറക്കാനായി റണ്‍വേയിലൂടെ കുതിക്കുന്നതിന് മുന്‍പായാണ് അപകടക്കെണി കണ്ടത്. കഴിഞ്ഞ വര്‍ഷം ദമാമില്‍ നിന്നുളള എയര്‍ ഇന്ത്യ വിമാനത്തിന്റെ പിറകിലെ ചിറക് റണ്‍വേയില്‍ ഉരസിയും അപകടമുണ്ടായി. ഇതും പൈലറ്റിന്റെ അവസരോചിത ഇടപെടലാണ് ദുരന്തത്തില്‍ നിന്ന് രക്ഷയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.