അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കേരളത്തെ നടുക്കി പറന്നിറങ്ങിയ വിമാന ദുരന്തത്തിന് മൂന്നാണ്ട് തികയുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ താഴ്ചയിലേക്ക് കൂപ്പുകുത്തി മൂന്നായി പിളര്‍ന്നത്. രണ്ട് പൈലറ്റ്മാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. 169 പേര്‍ക്ക് പരുക്കേറ്റു. നാലു കാബിന്‍ക്രൂ അടക്കം 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ പരുക്കേറ്റ മിക്കവരും ഇന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് അര ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതു ലഭിച്ചിട്ടില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കളും അപകടത്തില്‍ പരുക്കേറ്റവരും പറയുന്നത്. നൂറോളം യാത്രക്കാര്‍ ഇപ്പോഴും വലിയ രീതിയിലുള്ള ചികിത്സയ്ക്ക് വിധേയമായി കഴിയുകയാണ്. അര്‍ഹതപ്പെട്ട ചികിത്സാ സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് പരുക്കേറ്റ യാത്രക്കാരുടെ ആവശ്യം.
അതേസമയം, എയര്‍ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നഷ്ടപരിഹാരമാണ് പരുക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും നല്‍കിയത്. 12 ലക്ഷം മുതല്‍ 7.5 കോടി വരെ നഷ്ടപരിഹാരം എയര്‍ഇന്ത്യ നല്‍കിയിട്ടുണ്ട്. 12 വര്‍ഷം മുമ്പ് നടന്ന മംഗലാപുരം വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് പൂര്‍ണമായും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇതിനു വേണ്ടി യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. കരിപ്പൂരില്‍ അപകടം നടന്ന ഉടന്‍ തന്നെ യാത്രക്കാരെയും കുടുംബാംഗളെയും മുഴുവനായി ചേര്‍ത്ത് മലബാര്‍ ഡവലപ്മെന്റ് ഫോറം നടത്തിയ പരിശ്രമങ്ങളാണ് വലിയ വിജയം കണ്ടതെന്ന് അബ്ദുറഹ്‌മാന്‍ ഇടക്കുനി പറഞ്ഞു.
Comments are closed for this post.