2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കരിപ്പൂർ വിമാനാപകടം നഷ്ടപരിഹാരം ലഭിച്ചു, വിമാന വിലക്കിൽ മാറ്റമില്ല

നഷ്ടപരിഹാരം നൽകൽ എയർഇന്ത്യ പൂർത്തീകരിക്കുമ്പോഴും വലിയ വിമാന നിയന്ത്രണം വ്യോമയാന മന്ത്രാലയം പിൻവലിച്ചിട്ടില്ല
അശ്റഫ് കൊണ്ടോട്ടി
മലപ്പുറം •കരിപ്പൂർ വിമാനാപകടം നടന്ന് രണ്ടു വർഷം പൂർത്തിയാകുമ്പോൾ പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകി എയർഇന്ത്യ. അതേസമയം, അപകടം നടന്ന തൊട്ടടുത്ത ദിവസം മുതൽ ഏർപ്പെടുത്തിയ വലിയ വിമാനങ്ങളുടെ നിയന്ത്രണം വ്യോമയാന മന്ത്രാലയം പിൻവലിച്ചിട്ടില്ല. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ അപകടത്തിൽ 169 പേർക്ക് പരുക്കേൽക്കുകയും രണ്ട് വൈമാനികരടക്കം 21 പേർ മരിക്കുകയും ചെയ്തു. ഇതിൽ രണ്ടുപേർ ഒഴിച്ച് ശേഷിക്കുന്നവർക്കെല്ലാം എയർഇന്ത്യ ഇതിനകം നഷ്ടപരിഹാരം നൽകി.

12 ലക്ഷം മുതൽ 7.20 കോടി വരേയാണ് എയർഇന്ത്യ നഷ്ടപരിഹാരം നൽകിയത്. ഇതിൽ തൃപ്തരല്ലാത്തവർ വീണ്ടും കൺസ്യൂമർ കേസുമായി മുന്നോട്ടു പോകാനുള്ള തയാറെടുപ്പിലാണ്. അപകടത്തിൽപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും ചേർന്ന് എം.ഡി.എഫ് കരിപ്പൂർ വിമാനാപകട ആക്ഷൻ ഫോറം രൂപീകരിച്ച് രംഗത്തിറങ്ങുകയായിരുന്നു. ഇതോടെയണ് മതിയായ തുക നഷ്ടപരിഹാരം നൽകാൻ എയർഇന്ത്യ തയാറായതെന്ന് ചെയർമാൻ ടി.വി ഇബ്രാഹിം എം.എൽ.എ, കൺവീനർ അബ്ദുറഹ്മാൻ ഇടിക്കുനി പറഞ്ഞു.

വിമാനാപകടത്തെ തുടർന്ന് എയർഇന്ത്യക്ക് 640 കോടിയാണ് ഇൻഷുറൻസ് ലഭിച്ചത്. ഇതിൽ 200 കോടിയിലേറെ രൂപ പരുക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കുമായി നൽകി. രണ്ടു വർഷമായി കിടപ്പിലായവർ, പ്രസവിക്കാൻ കഴിയാത്ത സ്ത്രീകൾ, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടവർ, വിദേശത്ത് ഉയർന്ന ജോലി ഉപേക്ഷിക്കേണ്ടി വന്നവർ തുടങ്ങിയ നിരവധി പേരാണ് നഷ്ടപരിഹാരം ലഭിച്ചെങ്കിലും ഇന്നും ദുരിതത്തിൽ കഴിയുന്നത്. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം നൽകിയത് 12 ലക്ഷമാണ്. ഉയർന്ന തോതിൽ 7.20 കോടി വരെ ഒരാൾക്ക് നൽകിയിട്ടുണ്ട്. ദുബൈയിൽ എയർഇന്ത്യ ഏർപ്പെടുത്തിയ വക്കീലുമായി ധാരണയായത് 44 പേരാണ്. അമേരിക്കയിലെ നിയമ ഉപദേശകരായ വൈസ്നറുമായി 19 പേർ സമീപിച്ചെങ്കിലും ഇതിൽ ആറ് പേർക്കാണ് മതിയായ നഷ്ടപരിഹാരം ലഭിച്ചത്. മറ്റുള്ള 13 പേരെയും ആക്ഷൻ ഫോറം കോഴിക്കോട്ടെത്തിച്ച് ഇവർക്ക് ഇരട്ടിയലധികം നഷ്ടപരിഹാരം ലഭ്യമാക്കി. മരിച്ചവർക്ക് രണ്ടു കോടി മുതൽ ആറ് കോടി വരെ ലഭിച്ചിട്ടുണ്ട്.

എയർഇന്ത്യ നഷ്ടപരിഹാരം പൂർത്തീകരിച്ചു വരുമ്പോൾ വ്യോമയാന മന്ത്രാലയം നിരുത്തരവാദ നിലപാടാണ് കരിപ്പൂരിനോട് സ്വീകരിക്കുന്നത്. ഓഗസ്റ്റ് എട്ടു മുതൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾക്ക് ഇതുവരെ സർവിസിന് അനുമതി നൽകിയിട്ടില്ല. റെൺവേ, റെസ തുടങ്ങിയവയുടെ പേരിലാണ് വ്യോമായന മന്ത്രാലയം അനുമതി നിഷേധിക്കുന്നത്. എന്നാൽ, വൈമാനികരുടെ പിഴവാണ് വിമാനാപകടത്തിന് കാരണമെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വലിയ വിമാനങ്ങളുടെ വിലക്കുമൂലം കരിപ്പൂരിന്റെ ഹജ്ജ് എംപാർക്കേഷൻ പോയിന്റ്‌ അനുമതി വരെ നിഷേധിച്ചിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.