
ജേക്കബ് ജോര്‍ജ്
അനന്തപുരിയില്‍ നോമ്പും നോമ്പുതുറയും അതുസംബന്ധിച്ച ആചാരങ്ങളുമെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് തൊണ്ണൂറുകളിലാണ്. കൃത്യമായി പറഞ്ഞാല്‍ 1991ല്‍ കെ. കരുണാകരന് മുഖ്യമന്ത്രിയായി ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ സ്ഥാനമേറ്റതു മുതല്‍. 1967ല്‍ വെറും ഒമ്പതംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെ നേതാവായി ഐക്യജനാധിപത്യമുന്നണി കെട്ടിപ്പടുക്കാന്‍ തുടങ്ങിയ കരുണാകരന് 1991 ആയപ്പോഴേക്ക് കേരളരാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം വളരെയേറെ ഉറപ്പിച്ചിരുന്നു.
കരുണാകരനും കെ.എം മാണിയും പി.കെ കുഞ്ഞാലിട്ടിയും ഉള്‍പ്പെട്ട അച്ചുതണ്ട് മുന്നണിയുടെ തലപ്പത്ത്. ആന്റണിപക്ഷം പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുമായി നില്‍ക്കുന്നുണ്ടെങ്കിലും സ്വന്തം തന്ത്രങ്ങളും കുതന്ത്രങ്ങളും തരംപോലെ പ്രയോഗിച്ച് കരുണാകരന് യു.ഡി.എഫ് രാഷ്ട്രീയം സ്വന്തം വരുതിയിലാക്കിയ കാലം. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ യു.ഡി.എഫിലെ ഏറ്റവും വലിയ കക്ഷി മുസ്ലിം ലീഗാണ്. സി.ടി അഹമ്മദലി, പി.കെ.കെ ബാവ, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിങ്ങനെ ലീഗിന് മന്ത്രിമാര്‍ നാല്.
കുഞ്ഞാലിക്കുട്ടിയാണ് നോമ്പുതുറ ആദ്യമായി തലസ്ഥാന നഗരിയില്‍ അവതരിപ്പിച്ചത്. അതു നല്ലൊരു കാര്യമായി മുഖ്യമന്ത്രി കരുണാകരനും കണ്ടു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരുമൊക്കെയായി കരുണാകരനും സ്വന്തം ഇഫ്താര്‍ ഗംഭീരമാക്കി. കെ.ടി.സി.സി ഹോട്ടലായ മസ്കറ്റിലായിരുന്നു ചടങ്ങ്. കരുണാകരന് പിന്നെ ഇഫ്താര്‍ പതിവാക്കി. കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സനും ഇഫതാര്‍ വിരുന്ന് നടത്തിത്തുടങ്ങി. അതുപോലെ പല നേതാക്കളും പഴയ സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും രാഷ്ട്രീയമായി പ്രസക്തി നിലനിര്‍ത്താനും ഇഫ്താര്‍ നല്ലൊരു വേദിയാണെന്ന് ഇവരൊക്കെയും മനസിലാക്കി. രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രമുഖര്‍ക്കും മാധ്യമപ്രവര്ത്തകര്ക്കുമപ്പുറത്ത് സമൂഹത്തിലെ പ്രമുഖ വ്യക്തികളും ഈ വിരുന്നുകളില്‍ ക്ഷണിതാക്കാളായി. ജാതിയും മതവും രാഷ്ട്രീയവും വിശ്വാസവും ആചാരവുമൊന്നും അതിര്വരമ്പുകളുണ്ടാക്കാത്ത വിശാലമായ സംഗമവേദിയായി തിരുവനന്തപുരത്തെ ഇഫ്താര്‍ വിരുന്നുകള്‍. വിവിധ മണ്ഡലങ്ങളിലെ വ്യക്തികളുടെ കൂട്ടായ്മയെന്ന നിലയ്ക്ക് ഓരോ ഇഫ്താര്‍ വിരുന്നും ശ്രദ്ധേയമായി. പഴയ പരിചയം പുതുക്കി ചിലര്‍, പുതിയ ബന്ധങ്ങളുണ്ടാക്കി മറ്റുചിലര്‍. ഫലിതപ്രിയരായ നേതാക്കള്‍ പൊട്ടിച്ച തമാശകള്‍ കേട്ട് പൊട്ടിച്ചിരിച്ച് അതിഥികള്‍.
ഒരിക്കല്‍ മുഖ്യമന്ത്രി കരുണാകരന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലെ ഒരു രംഗം. ഒരിടത്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് പത്രപ്രവര്‍ത്തകരുമായി തമാശ പറഞ്ഞ് രംഗമാകെ കൊഴുപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. അതിഥികളെയൊക്കെ കണ്ട് സൗഹൃദം പങ്കിട്ട് കരുണാകരന് ആര്യാടന്റെ മുന്നില്‍. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കരുണാകരന്പക്ഷവും ആന്റണി പക്ഷവും തീപാറുന്ന ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കാലം. കരുണാകരനെതിരായ ആന്റണിപക്ഷത്തിന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് മൂര്‍ച്ചയുള്ള തന്ത്രങ്ങള്‍ മെനയുന്നത് ആര്യാടന് തന്നെ.
അതീവബുദ്ധിശാലിയായ രാഷ്ട്രീയനേതാവാണ് ആര്യാടന് മുഹമ്മദ്. ഒപ്പം തന്ത്രശാലിയും. ഉയര്‍ന്ന വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും ധനകാര്യം പോലെയുള്ള വിഷയങ്ങളില്‍ അഗാധപാണ്ഡിത്യവുമുണ്ട് ആര്യാടന്. ആര്യാടനെ കണ്ടപ്പോള്‍ കരുണാകരനൊരു കുസൃതി തോന്നി. ‘ഈ ആര്യാടന് ഒരു വിശ്വാസവുമില്ല. നോമ്പായിരിക്കില്ല. പകലൊക്കെ ആഹാരം കഴിച്ചുനടക്കും. എന്നിട്ട് വൈകുന്നേരം നോമ്പുതുറക്കാന്‍ വരും’. പരിഹാസ വാക്കുകളുമായി കരുണാകരന് മുന്നേറിയപ്പോള്‍ ചുറ്റും നിന്നവര്‍ക്ക് കൗതുകം. ആര്യാടന് നരകത്തില്‍ പോവുകയുള്ളു എന്ന കുത്തുവാക്കുകളോടെയാണ് കരുണാകരന് അവസാനിപ്പിച്ചത്. ഉടന്‍ വന്നു ആര്യാടന്റെ കത്തുന്ന മറുപടി. ‘ലീഡറേ, ഞാന്‍ അല്ലെങ്കിലും നരകത്തില്‍ പോകാന്‍ ഉറച്ചിരിക്കുകയാണ്. അവിടെയും നിങ്ങള്‍ക്ക് സ്വസ്ഥത തരില്ല’. ഇഫ്താര്‍ സദസില്‍ പൊട്ടിച്ചിരി പടര്‍ന്നു.