2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Editorial

ചിറകൊടിയുന്നു കണ്ണൂരിൻ്റെ

ഉത്തരമലബാറിന്റെ വികസന പറക്കലിന് കരുത്തുപകരേണ്ട കണ്ണൂർ വിമാനത്താവളത്തിന്റെ ചിറകുകൾ ഒടിയുകയാണോ? ആകാശംമുട്ടെയുള്ള പ്രതീക്ഷകളുമായായിരുന്നു കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യ വിമാനം പറന്നുയർന്നത്. എന്നാൽ നാലു വർഷത്തിനിപ്പുറം അവിടെനിന്നുള്ള ടേക്ക്ഓഫുകൾ ശുഭപ്രതീക്ഷകളുടേതല്ല. ആദ്യം സർവിസ് നടത്തിയിരുന്ന വിമാനകമ്പനികളിൽ ചിലത് പിൻവാങ്ങി, ചിലത് സർവിസ് വെട്ടിക്കുറച്ചു. ഒടുവിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവിസിനുള്ള അനുമതി കൊടുക്കാതെയുള്ള കേന്ദ്ര അവഗണനയും കൂടിയായതോടെ നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഉത്തരമലബാറിലെ ഈ സ്വപ്‌ന പദ്ധതി.


 കണ്ണൂരിന്റെ വികസന ഭൂപടം മാറ്റിയെഴുതുമെന്ന പ്രതീക്ഷയിൽ 2018 ഡിസംബർ ഒൻപതിനാണ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡി(കിയാൽ)ന്റെ ഉടമസ്ഥതയിലായിരുന്നു ഇത്. രാജ്യത്തെ മികച്ച ഗ്രീൻഫീൽഡ് വിമാനത്താവളമെന്ന തലയെടുപ്പോടെയായിരുന്നു പ്രവർത്തന തുടക്കം. യാത്രക്കാരുടെ എണ്ണത്തിലും ആദ്യഘട്ടത്തിൽ അമ്പരപ്പിക്കുന്ന വർധന തന്നെയായിരുന്നു. രാജ്യത്തെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ പട്ടികയിൽ വരെയെത്തി കണ്ണൂർ വിമാനത്താവളം. എന്നാൽ പിന്നീട് ചിത്രം മാറി. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി പല വിമാനക്കമ്പനികളും സർവിസ് അവസാനിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തു. സർവിസുകൾ തൽക്കാലത്തേക്ക് നിർത്താൻ ഗോ ഫസ്റ്റ് എയർലൈൻസ് തീരുമാനമെടുത്തതോടെ കണ്ണൂരിന്റെ ചിറക് തളർന്നു തുടങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ഗോ ഫസ്റ്റ് സർവിസുകൾ നിർത്തിയത്. ദുബൈ, അബുദബി, മസ്‌ക്കറ്റ്, ദമ്മാം, കുവൈത്ത്, മുംബൈ എന്നിവിടങ്ങളിലേക്കാണ് ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നത്. ഇതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കുവൈത്ത്, ദമ്മാം, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ ഇല്ലാതായി. എയർ ഇന്ത്യ എക്‌സ്പ്രസ്, എയർ ഇന്ത്യ, ഗോ ഫസ്റ്റ്, ഇൻഡിഗോ വിമാന കമ്പനികളായിരുന്നു കണ്ണൂരിൽനിന്ന് സർവിസ് നടത്തിയിരുന്നത്. എയർ ഇന്ത്യയുടെ കണ്ണൂർ-ഡൽഹി സർവിസ്, നവംബറിൽ നിർത്തി. ഇപ്പോൾ കണ്ണൂരിൽ പറന്നിറങ്ങുന്നതും ഉയരുന്നതും എയർ ഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയും മാത്രം. ദോഹയിലേക്കു മാത്രമാണ് ഇൻഡിഗോയുടെ അന്താരാഷ്ട്ര സർവിസ് ഉള്ളത്. വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് നടത്താനുള്ള അനുമതിയില്ലാത്തതിനാൽ പല രാജ്യങ്ങളിലേക്കും ഇവിടെ നിന്നുള്ള സർവിസ് സ്വപ്‌നം മാത്രമാണ്. സർവിസുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഉയർന്നു. ഇതോടെ യാത്രക്കാർ മറ്റ് വിമാനത്താവളങ്ങൾ തേടിത്തുടങ്ങി.  


  വിദേശ വിമാന കമ്പനികൾക്ക് സർവിസിന് അനുമതി നൽകിയാൽ മാത്രമേ വിമാനത്താവളത്തിന്റെ വികസനം പൂർണമാവുകയുള്ളൂ. എമിറേറ്റ്‌സ്, ശ്രീലങ്കൻ എയർലൈൻസ്, സിൽക്ക് എയർ, ഫ്‌ളൈ ദുബൈ, ഇത്തിഹാദ് തുടങ്ങിയ വിദേശ വിമാന കമ്പനികൾ അനുമതിക്കുവേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ നിഷേധ നിലപാട് തുടരുകയാണ്.
  കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതി സാധ്യത പരിഗണിച്ച് കാർഗോ കോംപ്ലക്‌സും സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, അതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ല. വിമാനങ്ങളുടെ കുറവും കാർഗോ വിമാനങ്ങൾ സർവിസ് നടത്താത്തതുമാണ് ചരക്കുനീക്കത്തെ ബാധിക്കുന്നത്. ഒരു മാസം 300-400 ടൺ ചരക്കുമാത്രമാണ് കണ്ണൂരിൽനിന്ന് വിദേശത്തേക്ക് കയറ്റി അയക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഒരു മാസം തന്നെ ഇതിന്റെ പത്തിരട്ടി ചരക്കുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്.


 2350 കോടി രൂപ ചെലവിലാണ് കണ്ണൂർ വിമാനത്താവളം മട്ടന്നൂരിൽ സ്ഥാപിച്ചത്. ഒരു വർഷം പ്രവർത്തന ചെലവ് 250 കോടി വരും. വായ്പ 892 കോടിയുണ്ടായിരുന്നത് ഇപ്പോൾ 1100 കോടിയായി. പ്രതിമാസം നാലു കോടിയുടെ നഷ്ടത്തിലാണ് കണ്ണൂർ വിമാനത്താവളം. വരുമാനം  കുറയുമ്പോൾ ബാധ്യതയുടെ വലുപ്പവും കൂടും.
  ഈ വർഷം ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി ആദ്യമായി കണ്ണൂർ വിമാനത്താവളത്തെയും കേന്ദ്രം അനുവദിച്ചതും കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം ഇവിടെനിന്ന് പുണ്യഭൂമിയിലേക്ക് പറന്നതും വികസന പ്രതീക്ഷയുടെ പുതിയ ചുവടായിട്ടാണ് കാണുന്നത്. ഇനി വേണ്ടത് കേന്ദ്രത്തിന്റെ പച്ചക്കൊടിയാണ്. വിമാനത്താവളങ്ങൾക്ക് പോയിന്റ് ഒാഫ് കോൾ പദവി നൽകി 116 രാജ്യങ്ങളുമായി ഇന്ത്യക്ക് കരാറുണ്ട് (എയർ സർവിസ് എഗ്രിമെന്റ്). വിദേശ വിമാനക്കമ്പനികൾക്ക് സർവിസ് നടത്തുന്നതിനുള്ള ‘പോയിന്റ് ഓഫ് കോൾ’ പദവി കേന്ദ്രം കണ്ണൂരിന് അനുവദിച്ചിട്ടില്ല. മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രം ഇൗ പദവി നൽകിയാൽ മതിയെന്നാണ് കേന്ദ്ര നിലപാട്. കണ്ണൂരിന്റെ പ്രാധാന്യവും വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്തി അനുകൂല നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണം.


  സൗകര്യങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ് കണ്ണൂർ വിമാനത്താവളം. 2020ൽ കൊവിഡ് ഒഴിപ്പിക്കൽ ദൗത്യത്തിൽ വിദേശ കമ്പനികൾ കണ്ണൂരിലേക്ക് സർവിസ് നടത്തിയിരുന്നു. കുവൈത്ത് എയർവേയ്‌സിന്റെ മൂന്നുനിര സീറ്റും രണ്ട് ഇടനാഴിയുമുള്ള വലിയ വിമാനവും (വൈഡ് ബോഡി എയർക്രാഫ്റ്റ്) അന്ന് ആദ്യമായി കണ്ണൂരിൽ ഇറങ്ങി. ഫ്‌ളൈ ദുബൈ, ജസീറ എയർവേയ്‌സ്, സലാം എയർ, എയർ അറേബ്യ, ഇത്തിഹാദ്, ഒമാൻ എയർ തുടങ്ങിയ വിദേശ കമ്പനികളാണ് അന്ന് സർവിസ് നടത്തിയത്.


 പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നില്ലെങ്കിൽ ‘കോഡ് ഷെയറിങ്’ പദവിയെങ്കിലും നേടിയെടുക്കാനുള്ള ശ്രമമാകണം ഇനി നടത്തേണ്ടത്. അങ്ങനെയെങ്കിൽ കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന എയർലൈനുകൾക്ക് മറ്റ് കമ്പനികളിലൂടെയുള്ള കരാറിലൂടെ വിദേശത്തേക്കുൾപ്പെടെ ടിക്കറ്റ് നൽകാനും കണക്ഷൻ വിമാനങ്ങൾക്ക്  സർവിസ് നടത്താനും കഴിയും. ഇത് യാത്രക്കാർക്കും ഏറെ ഗുണകരമാകും. അതിന് രാഷ്ട്രീയം മറന്നുള്ള പിന്തുണ എം.പിമാർ സർക്കാരിന് നൽകണം. കണ്ണൂരിൽനിന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം നേരിട്ടുള്ള സർവിസുകൾ അനുവദിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്. കേരളത്തിന്റെ പൊതു ആവശ്യങ്ങളിൽ ഒന്നായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം ഉയർന്നുവരണം. അതിന് ഇനിയും കാലതാമസമുണ്ടാകരുത്. കാരണം കണ്ണൂരുകൊണ്ട് തീരുന്നില്ല, നമ്മുടെ പറക്കൽ സ്വപ്നം. ശബരിമല വിമാനത്താവളത്തിനുള്ള തയാറെടുപ്പിലാണ് നമ്മൾ. അതിനാൽ  ഒരു വിമാനത്താവളത്തിലും ആശങ്കയുടെ സൈറൺ മുഴങ്ങാൻ പാടില്ലാത്തതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.