ന്യൂഡല്‍ഹി : കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനത്തിനെതിരായ ഹരജിയില്‍ ചാന്‍സലര്‍ കൂടിയായി ഗവര്‍ണര്‍ക്ക് നോട്ടിസ് അയച്ച് സുപ്രിം കോടതി. സംസ്ഥാന സര്‍ക്കാര്‍, കണ്ണൂര്‍ സര്‍വകലാശാല, വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ എന്നിവര്‍ക്കും കോടതി നോട്ടിസ് അയച്ചു. സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരെ നല്‍കിയ ഹരജിയലാണ് നടപടി.
പുനര്‍നിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.
വി.സിയുടെ നിയമനവും പുനര്‍നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും ആദ്യ നിയമനത്തിനുള്ള നടപടി ക്രമങ്ങള്‍ പുനര്‍നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. ഈ വിലയിരുത്തല്‍ നിയമപരമല്ലെന്നും പുനര്‍നിയമനത്തിന് സെര്‍ച് കമ്മിറ്റി നടപടികളും യു.ജി.സി വ്യവസ്ഥകളും ബാധകമാണെന്നുമാണ് ഹരജിക്കാര്‍ വാദിച്ചത്.
വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മില്‍ വലിയ വാക്കുതര്‍ക്കം നടന്നിരുന്നു ഇങ്ങനെ പ്രവര്‍ത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു.
Comments are closed for this post.