2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

‘സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍’;ദിശ- ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോയില്‍ ശ്രദ്ധനേടി കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്ലിന്റെ ‘ദിശ’ ഹയര്‍ സ്റ്റഡീസ് എക്‌സ്‌പോയില്‍ ശ്രദ്ധനേടി കണ്ണൂര്‍ സര്‍വകലാശാല. കേരളത്തില്‍ തന്നെ ആദ്യത്തെ സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്കാണ്‌ കണ്ണൂര്‍ സര്‍വകലാശാല തുടക്കമിട്ടിരിക്കുന്നത്.

കണ്ണൂര്‍ സര്‍വകലാശാല കെമിസ്ട്രി, ഫിസിക്‌സ് പഠനവകുപ്പുകളും മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജിയും സംയുക്തമായാണ് സംയോജിത ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എസ് സി.കെമിസ്ട്രി (നാനോസയന്‍സ് & നാനോടെക്‌നോളജി) എം.എസ്.സി. ഫിസിക്‌സ് (നാനോസയന്‍സ് & നാനോടെക്‌നോളജി) എന്നിവ ആരംഭിച്ചിട്ടുള്ളത്. ചുരുങ്ങിയ കാലയളവില്‍ത്തന്നെ വളരെ വലിയ സ്വീകാര്യതയാണ് രണ്ട് പ്രോഗ്രാമുകള്‍ക്കും ലഭിച്ചിരിക്കുന്നത്.

ഓരോ പ്രോഗ്രാമുകളിലും 20 സീറ്റുകള്‍ വീതമാണ് ഉള്ളത്. ഇതില്‍ 10 വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാലയിലും 10 പേര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലും പ്രവേശനം നേടുകയും ആദ്യത്തെ സെമസ്റ്റര്‍ അതാത് കാംപസുകളില്‍ ചെലവഴിക്കുകയും ചെയ്യും. രണ്ടാമത്തെ സെമസ്റ്റര്‍ മുഴുവന്‍ വിദ്യാര്‍ഥികളും കണ്ണൂര്‍ സര്‍വകലാശാലയിലും മൂന്നാം സെമസ്റ്റര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലും ചെലവഴിക്കും. അവസാന സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പ് ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളാണ് ഇവ.

പഠനത്തിന്റെ ഭാഗമായി വ്യവസായ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിനും വിദേശത്തോ ഇന്ത്യയില്‍ തന്നെയോ ഉള്ള പ്രശസ്ത ഗവേഷണസ്ഥാപനങ്ങളില്‍ 6 മാസം നീണ്ടുനില്‍ക്കുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിയാകുവാനും വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കും. എം.എസ്.സി. ഫിസിക്‌സ്/ എം.എസ്.സി. കെമിസ്ട്രി ബിരുദം ലഭിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യയായ നാനോസയന്‍സ് , നാനോ ടെക്‌നോളജി എന്നീ വിഷയങ്ങള്‍ കൂടെ പഠിപ്പിക്കും എന്നതാണ് സംയോജിത പ്രോഗ്രാമുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ രണ്ട് സര്‍വകലാശാലകളുടെയും വൈദഗ്ധ്യവും പഠനസൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും വിധമാണ് സിലബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. കെമിസ്ട്രിയിലും ഫിസിക്‌സിലുമുള്ള ബിരുദമാണ് എം.എസ് സി. കെമിസ്ട്രി(നാനോസയന്‍സ് & നാനോടെക്‌നോളജി), ഫിസിക്‌സ് (നാനോസയന്‍സ് & നാനോടെക്‌നോളജി) പ്രോഗ്രാമുകളില്‍ പ്രവേശനം നേടാനുള്ള അടിസ്ഥാന യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയുടെ പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസിലാണ് ഈ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ നടക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.