കോഴിക്കോട്: കണ്ണൂര്‍ തീവെപ്പ് സംഭവത്തില്‍ ചോദ്യങ്ങളുമായി കെടി ജലീല്‍ എം.എല്‍.എ. കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി ആരെങ്കിലും ലക്ഷ്യമിടുന്നതെന്ന് ജലീല്‍ ചോദിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നതെന്നും വിഷയത്തില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും മൗനം പുലര്‍ത്തുന്നത് ഭയാനകമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം…
‘എന്നെ നാടു കടത്താന്‍ പറഞ്ഞ ശൂരനെവിടെ? കണ്ണൂരില്‍ ട്രെയിന്‍ കത്തിച്ച കല്‍ക്കത്തക്കാരനായ പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ ‘തീപ്പെട്ടിക്കൊള്ളി’ കൊണ്ട് ട്രൈന്‍ കത്തിച്ച ‘മാന്ത്രികനും’ തമ്മില്‍ വല്ല ബന്ധവുമുണ്ടോ?
ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല ‘മാനസിക രോഗികള്‍’ ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയില്‍ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നത്?
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്. കേരളത്തെ ഗുജറാത്താക്കാനുള്ള ‘ഗോധ്ര’ സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി ‘ആരെങ്കിലും’ ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?
വരുംനാളുകളിലും ”മനോരോഗമില്ലാത്ത’ സൈഫിമാരും ‘മനോരോഗികളായ’ പുഷന്‍ജിത്തുമാരും തീവണ്ടിക്ക് തീ വെക്കാന്‍ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ‘ഉള്ളികള്‍ക്ക്’ തെളിയണമെങ്കില്‍ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം. കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും!’, പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
Comments are closed for this post.