കുവൈത്ത് സിറ്റി: ഗോ ഫസ്റ്റ് വിമാന സർവീസ് നിർത്തിവെച്ചതിനെ തുടർന്ന് ദുരിതത്തിലായി കുവൈത്തിലെ പ്രവാസികൾ. കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങേണ്ട ഗോ ഫസ്റ്റ് വിമാനമാണ് റദ്ദാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിലേക്കുള്ള സർവീസും നിർത്തിവെച്ചതിനാൽ ഇവിടേക്കുള്ള യാത്രക്കാരും ദുരിതത്തിലായിരിക്കുകയാണ്. ഗോ ഫസ്റ്റിന്റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടിയാകും.
കുവൈത്തിൽ മധ്യവേനലവധി ആരംഭിക്കുന്ന സമയമായതിനാൽ നാട്ടിലേക്ക് വരാൻ തയ്യാറെടുത്ത് നിരവധി പ്രവാസികളാണ് കാത്തിരിക്കുന്നത്. എന്നാൽ മലബാർ മേഖലയിലേക്ക് ഉള്ള പ്രധാന സർവീസ് സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തിവെച്ചതിനാൽ തിരിച്ചടിയാവുകയാണ്. സീസൺ സമയമായതിനാൽ മറ്റു കമ്പനികളുടെ വിമാനങ്ങളിലും ടിക്കറ്റിന് വേണ്ടി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും രണ്ട് കമ്പനികളുടെ സർവീസുകൾ മാത്രമാണ് ഉള്ളത്. ഗോ ഫസ്റ്റ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കണ്ണൂരിലേക്ക് സർവീസ് നടത്തുന്നത്. ഇതിൽ ഗോ ഫസ്റ്റ് നിർത്തിവെച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് സർവീസ് നടത്തുന്നത്. ഇതോടെ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ ഒരു സർവീസ് മാത്രമാണ് നടക്കുന്നത്. ഈ ഒരു സർവീസിൽ ഇടം പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് കുവൈത്തിലെ പ്രവാസികൾ.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മേയ് ആദ്യ വാരമാണ് ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ റദ്ദാക്കിയത്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല. ഇതോടെ വിമാന സർവീസ് നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കണ്ണൂർ, കോഴിക്കോട് മേഖലയിലെ പ്രവാസികൾ.
കണ്ണൂരിലേക്ക് വരുന്നവർ കൊച്ചി, മംഗലാപുരം. ബംഗളുരു എന്നിവിടങ്ങളിലേക്ക് ഉള്ള വിമാനങ്ങളിൽ കയറി കറങ്ങി നാട്ടിലെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മൂന്നിടത്ത് ഇറങ്ങിയാലും മണിക്കൂറുകളോളം റോഡ് വഴി യാത്ര ചെയ്‌താൽ മാത്രമേ വീടണയാൻ സാധിക്കൂ.
Comments are closed for this post.