2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പഴം, പച്ചക്കറി തൊലിയും കുരുവും കളയും മുന്‍പ്

ഡോ.ബഷീര്‍ ചെങ്ങനത്ത് ന്യൂട്രീഷനിസ്റ്റ്

ആഹാരമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനതയുണ്ട്. എന്തു കിട്ടിയാലും കഴിക്കാമെന്നു പറയുന്നവര്‍. പാഴ്ക്കൂടകളില്‍ ആഹാരം തെരയുന്നവരെയും കാണാറുണ്ടല്ലോ. ഇതൊക്കെ അറിയുമ്പോഴും നമ്മള്‍ ഭക്ഷണം പാഴാക്കുന്നു. അതു പലവിധത്തിലാണ്. പാചകം ചെയ്തവ പാഴാക്കുന്നു. മറ്റാര്‍ക്കെങ്കിലും കൊടുക്കാനാവുമോ എന്നു സംശയിക്കാന്‍ പോലും നില്‍ക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. പാചകം ചെയ്യാത്തവ, അഥവാ, പാചകത്തിനെടുത്തശേഷം ശേഷിക്കുന്നവ പുറത്തുകളയുന്നതും പതിവാണല്ലോ. ഇത്തരത്തില്‍ പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും അവശിഷ്ടങ്ങള്‍ കളയാതെ അത് ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ചുവടെ.

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് പാചകം ചെയ്യുമ്പോള്‍ എത്രയും കുറച്ച് അവശിഷ്ടം മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ എന്നാണ് പൊതുവേ കരുതിപ്പോരുന്നത്. ഇനിയും ഇക്കാര്യം അറിയാന്‍ പാടില്ലാത്തവരോ തുടരാത്തവരോ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. പച്ചക്കറി വര്‍ഗങ്ങളുടെ വിവിധ ഭാഗങ്ങളെപറ്റിയും അവയുടെ ഗുണത്തെപ്പറ്റിയും ഉത്തമ ബോധ്യം നേടുകയാണ് ഇതിന് ആവശ്യം. തൊലിയും കുരുവും ആണ് സാധാരണയായി പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഒഴിവാക്കപ്പെടുന്ന ഭാഗം. എന്നാല്‍ ഈ ഭാഗങ്ങളാണ് അവയുടെ രുചിയും മണവും ഗുണവും ഏറിയ ഭാഗം. ശ്രദ്ധിക്കാനുള്ളത് വിഷപ്രയോഗം കൂടുതലുള്ളതിനാല്‍ നന്നായി വൃത്തിയാക്കിവേണം ഇവ ഉപയോഗിക്കാന്‍.

 

നാരങ്ങാതൊണ്ട്
നാരങ്ങയുടെ തൊണ്ട് സാധാരണ കളയുകയാണ് പലരും ചെയ്യാറ്. എന്നാല്‍ ഈ തൊണ്ടുകള്‍ ഉപ്പിലിട്ടു കഴിച്ചാല്‍ അത് തരുന്ന ആരോഗ്യം ച്ില്ലറയല്ല. നാരും വിറ്റാമിന്‍ സിയും ബി 6ഉം കാത്സ്യം അയണ്‍ മഗ്നീഷ്യം എന്നിവയും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളവയാണ്. ഇവയെല്ലാം ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കുളിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാതൊണ്ടിട്ടാല്‍ ശരീരത്തിന് ഒരു മണം ലഭിക്കും. ഒപ്പം കൂടുതല്‍ വൃത്തിയും ലഭിക്കും. കട്ടന്‍ ചായയില്‍ ഇട്ടാല്‍ നാരങ്ങാചായയുടെ രുചി.

പഴത്തൊലി
തഴമ്പ്, അരിമ്പാറ എന്നിവയ്ക്ക് മരുന്നാണ് പഴത്തൊലി. പഴത്തൊലിയുടെ അകവശം ഉരസുന്നത് രണ്ടാഴ്ചയോളം തുടര്‍ന്നാല്‍ ഇവ മാറിക്കിട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുപോലെ പഴത്തൊലിയുടെ അകവശം പല്ലിന്റെ ഇനാമലില്‍ ഉരസിയാല്‍ കൂടുതല്‍ വെണ്‍മ ലഭിക്കും. ഇതിലെ മാംഗനീസ്, മംഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്. ഷൂവിനു ചുറ്റും പഴത്തൊലി ഉരസി നല്ല തുണിയുപയോഗിച്ച് തുടച്ചെടുത്താല്‍ നല്ല തിളക്കം ലഭിക്കും. ചൊറിച്ചിലുള്ളിടത്ത് ഉരസിയാല്‍ ശമനം ലഭിക്കുകയും ചെയ്യും.

തണ്ണിമത്തന്‍
രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കിതപ്പ് അകറ്റാനും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വരാതെ സൂക്ഷിക്കാനും തണ്ണിമത്തന്റെ തൊലിയും കുരുവും ഉപയോഗിക്കുന്നതിലൂടെ സാധിക്കും. വിഷ സാധ്യത ഏറെയുള്ളതിനാല്‍ സൂക്ഷിച്ചുവേണം ഉപയോഗിക്കാന്‍. തൊലി അച്ചാറിടുകയോ ഉപ്പിലിടുകയോ ആവാം. രക്തയോട്ടം സുഗമമാക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്ന സിട്രുലിന്‍ എന്ന ഘടകം ഇതിന്റെ തൊലിയിലുണ്ട്. പ്രതിരോധ ശേഷി നല്‍കുന്ന വിറ്റാമിന്‍ സിയും ബി 6ഉം ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൈതച്ചക്ക
കൈതച്ചക്കയുടെ ഉള്ളിലുള്ള കാമ്പ് കളയുകയാണ് പതിവ്. എന്നാല്‍ ഇതിന് ഏറെ പോഷക ഗുണം ഉണ്ടെന്നു മനസിലാക്കണം. ശരീരത്തില്‍ ചില ഭാഗങ്ങളിലുണ്ടാകുന്ന തടിപ്പ്, എരിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവയ്ക്ക് ഇത് ഉത്തമമാണ്. ആന്റി ഇന്‍ഫഌമേറ്ററി ഘടകമായ ബ്രോമെലെയ്ന്‍ എന്ന പ്രോട്ടീന്‍ എന്‍സൈം ഇതിലടങ്ങിയിരിക്കുന്നു. സൈനസിന്റെ തടിപ്പിനും കാന്‍സറിനെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. സലാഡ്, ചട്‌നി എന്നിവയിലുപയോഗിക്കുന്നതിനു പുറമേ പോഷകം കൂട്ടാന്‍ കറികളിലും ചേര്‍ക്കാവുന്നതാണ്.

ഉള്ളിത്തൊലി
ക്വര്‍സെറ്റിന്‍ എന്ന ഘടകം ഉള്ളിത്തൊലിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ചുവപ്പ്, വെളുപ്പ്, മഞ്ഞ തൊലികളോടെ ഉള്ളി ലഭിക്കുന്നുണ്ട്. ഇതില്‍ ചുവപ്പ് ഉള്ളിയിലാണ് ഈ ഘടകത്തിന്റെ സാന്നിധ്യം ഏറെയുള്ളത്.

കിവി തൊലി
കിവി പഴത്തിന്റെ തൊലിയില്‍ വിറ്റാമിന്‍ സിയുടെ സാന്നിധ്യമേറെയുണ്ട്. നാരങ്ങയുടെ തൊണ്ടിന് സമാനമാണിത്. നാരുകളും ഏറെ അടങ്ങിയിരിക്കുന്ന കിവി തൊണ്ട് ചര്‍മകാന്തിക്കും ഉത്തമമാണ്. വിവിധ രീതിയില്‍ ഇത് ഭക്ഷണങ്ങളില്‍ ചേര്‍ക്കാവുന്നതാണ്. നന്നായി വൃത്തിയാക്കിവേണം ഉപയോഗിക്കാന്‍.

ബ്രോക്കോളി തണ്ട്
ബ്രോക്കോളിയുടെ ഇലഭാഗം ഉപയോഗിച്ച് തണ്ട് കളയുകയാണ് അടുക്കളയിലെ പതിവ്. അതുമാറ്റി തണ്ട് കഴിക്കാവുന്ന രൂപത്തില്‍ ഉപയോഗിക്കുക. തോരന്‍ വയ്ക്കുകയോ മറ്റോ ആവാം. ഇതിലുള്ള കാര്‍സിനോജെന്‍ എന്ന ഘടകം കാന്‍സര്‍ സാധ്യത തടയാന്‍ പ്രാപ്തിയുള്ളതാണ്. അതുപോലെ ഡി.എന്‍.എ തകരാറുകള്‍ പരിഹരിക്കാനും ബ്രോക്കോളി തണ്ടിന് ശേഷിയുണ്ട്.
ചീരത്തണ്ടും മറ്റ് ഇലവര്‍ഗങ്ങളുടെ തണ്ടും ഇത്തരത്തില്‍ വിവിധ രീതിയില്‍ പാചകം ചെയ്യുകയോ സൂപ്പ് ഉണ്ടാക്കി കഴിക്കുകയോ ആവാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News