2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കളമശേരിയും മാധ്യമങ്ങളും

ബാബുരാജ് ഭ​ഗവതി, കെ.അഷ്റഫ്

മുസ്‌ലിംവിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. സാമൂഹികവും രാഷ്ട്രീയവുമായ തരംതിരിവിലൂടെയും ഉച്ചനീചത്വങ്ങളിലൂടെയും വംശീയത പ്രവര്‍ത്തിക്കുന്നു. മുസ്‌ലിംകളെ ആദ്യം കുറ്റവാളികളാക്കി സൂചനകള്‍ നിര്‍മിക്കുക, പിന്നീട് തെളിവുകള്‍ സമാഹരിക്കുക എന്നതാണ് മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയയുടെ ആഖ്യാന മാതൃക. ആദ്യം തെളിവ്, പിന്നീട് കുറ്റവാളിയെ പ്രഖ്യാപിക്കുകയെന്ന സാമാന്യനീതിയുടെ ലംഘനം മുസ്‌ലിംകളെ വംശീയമായി തരംതിരിക്കുന്നതിന്റെ ഭാഗമാണ്.

അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഒക്ടോബര്‍ 29ാം തീയതി കളമശേരി യഹോവയുടെ സാക്ഷികളുടെ പ്രാര്‍ഥനാ സമ്മേളനത്തിനിടയിലുണ്ടായ സ്‌ഫോടനത്തിനുശേഷം കേരളത്തില്‍ അരങ്ങേറിയത്.
സ്‌ഫോടനത്തില്‍ ഇതുവരെ ആറുപേര്‍ കൊല്ലപ്പെട്ടു. വാര്‍ത്ത വന്നു ഏറെ താമസിയാതെ ഡൊമനിക് മാര്‍ട്ടിന്‍ എന്നയാള്‍ കൊടകര സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. 16 വര്‍ഷം യഹോവകളുടെ സാക്ഷി പ്രവര്‍ത്തകനായിരുന്ന ഇയാള്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് സഭ വിടുകയായിരുന്നു. ആ എതിര്‍പ്പുതന്നെയാണ് സ്‌ഫോടനത്തിന് പ്രേരിപ്പിച്ചതും. പ്രസ്ഥാനം ‘രാജ്യദ്രോഹകരമാണെ’ന്നും ‘രാജ്യത്തിന് അപകടമാണെ’ന്നും കീഴടങ്ങും മുമ്പ് പുറത്തുവിട്ട വിഡിയോയില്‍ മാര്‍ട്ടിന്‍ ആരോപിച്ചു.

   


സംഭവത്തില്‍ ആദ്യ വിശദീകരണം നല്‍കിയത് എ.ഡി.ജി.പി അജിത് കുമാറാണ്. രാവിലെ ഒമ്പതരയോടുകൂടി പൊട്ടിത്തെറിയുണ്ടാവുകയും അതില്‍ ഒരു സസ്പെക്ടഡ് ലേഡി മരിക്കുകയും നാല്‍പ്പത്തഞ്ചോളം പേര്‍ക്ക് പരുക്കുപറ്റുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. നടന്നത് ഭീകരാക്രമണമാണോയെന്നും ആസൂത്രണത്തിന്റെ സൂചനയുണ്ടോയെന്നും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അങ്ങനെ പറയാനുള്ള സമയമായിട്ടില്ലെന്നും സ്ഫോടനം ‘ഐ.ഇ.ഡി’ ഉപയോഗിച്ചാണോയെന്നതിന് അങ്ങനെ ആരാണ് പറഞ്ഞതെന്നും അദ്ദേഹം തിരിച്ചുചോദിച്ചു.

പൊലിസിനെ ഉദ്ധരിച്ചെന്ന മട്ടിലും അല്ലാതെയും അതുവരെ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വംശീയമായ തരംതിരിവുകളുടെ വിവിധ ആഖ്യാന മാതൃകകൾ ഉൾകൊള്ളുന്നു.


തീവ്രവാദം, ഭീകരര്‍,
ഭീകരപ്രവര്‍ത്തനം


തീവ്രവാദം, ഭീകരര്‍, ഭീകരപ്രവര്‍ത്തനം തുടങ്ങിയ ഫിക്ഷനലൈസ് ചെയ്ത വംശീയ ആഖ്യാന മാതൃക മാധ്യമ റിപ്പോര്‍ട്ടിങ്ങുകളില്‍ വ്യാപകമായിരുന്നു. ‘തീവ്രവാദ’പ്രവര്‍ത്തനമായതിനാലാണോ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചതെന്നായിരുന്നു പ്രതിയെ പിടികൂടുന്നതിനു മുമ്പ് റിപ്പോര്‍ട്ടര്‍ ടി.വിയിലെ നികേഷ് കുമാര്‍ തന്റെ റിപ്പോര്‍ട്ടറോട് ചോദിച്ചത് (‘കളമശേരി സ്ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം’). പൊലിസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ അവര്‍ ആ സാധ്യത തള്ളിയിട്ടില്ലെന്ന് ആശ്വസിപ്പിച്ചു.


ഇതേ സമയത്താണ് മാതൃഭൂമി ന്യൂസ് മറ്റൊരു വാര്‍ത്ത പുറത്തുവിടുന്നത്. ‘കളമശേരി സ്ഫോടനം, സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം’ എന്ന ശീര്‍ഷകത്തില്‍. ബോംബ് സ്‌ഫോടനമാണെന്ന് പൊലിസ് സ്ഥിരീകരിച്ച വിവരമാണ് റിപ്പോര്‍ട്ടര്‍ പങ്കുവയ്ക്കുന്നത്. ബോംബാക്രമണമാണെന്നും ഭീകരാക്രമണമാണെന്നും റിപ്പോര്‍ട്ടര്‍ മാറിമാറിപ്പറഞ്ഞു. കളമശേരിയിലെ സ്ഫോടനവും ഭീകരരുടെ മോഡസ് ഓപറാന്റിയും താരതമ്യം ചെയ്ത് ഒന്നിലധികം സ്‌ഫോടനകള്‍ നടത്തുക ഭീകരരുടെ ശൈലിയാണെന്ന് അദ്ദേഹം കണ്ടെത്തി!


മുസ്‌ലിം ‘പ്രതി’കളെ
കണ്ടെത്തുന്ന വിധം


മാധ്യമങ്ങള്‍ത്തന്നെ ചില മുസ്‌ലിം പ്രതികളുടെ സൂചനകള്‍ നിര്‍മിക്കുന്ന ആഖ്യാന മാതൃകയും ശ്രദ്ധേയമാണ്. മാര്‍ട്ടിന്‍ കീഴടങ്ങിയ വാര്‍ത്ത നല്‍കുമ്പോള്‍ ന്യൂസ്18 ഉപയോഗിച്ച തമ്പ്‌നെയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അന്നേ ദിവസം മറ്റൊരു സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത താടിയും തൊപ്പിയും വെച്ച ഒരു മുസ്‌ലിം യുവാവിൻ്റേതായിരുന്നു. പ്രതി കീഴടങ്ങുംമുമ്പ് ആലുവയില്‍നിന്ന് രണ്ട് മുസ്‌ലിംകളെയും കസ്റ്റഡിയിലെടുത്തിരുന്നു. 2006ല്‍ പാനായിക്കുളത്ത് നടന്ന സ്വാതന്ത്ര്യദിന സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ വേട്ടയാടപ്പെടുകയും കോടതി തള്ളുകയും ചെയ്ത കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരായിരുന്നു ഇവര്‍.


അന്താരാഷ്ട്രവൽ‌ക്കരണം


സ്ഫോടനത്തെ അന്താരാഷ്ട്ര അജൻഡയുടെ ഭാഗമാക്കി ചിത്രീകരിക്കുന്നതിനുള്ള നീക്കം നടത്തിയത് എം.വി നികേഷ്‌കുമാറും ഇടത് സാമാജികനായിരുന്ന സെബാസ്റ്റ്യന്‍ പോളുമായിരുന്നു. ഇരുവരുടെയും വ്യക്തിപരമായ ഒരു നിലപാടോ മാനസികനിലയോ എന്നതിനപ്പുറം അന്താരാഷ്ട്രവൽക്കരണം എന്ന മാധ്യമ ആഖ്യാന മാതൃകയുടെ ഭാഗമായി വിലയിരുത്തേണ്ട പ്രശ്നമാണിത്.


‘കളമശേരി സ്ഫോടനം, സോഷ്യല്‍മീഡിയ കേന്ദ്രീകരിച്ച് അന്വേഷണം,’ എന്ന വാര്‍ത്തയിലൂടെ ഇതേ താരതമ്യം താമസിയാതെ മാതൃഭൂമി ന്യൂസും ഉപയോഗപ്പെടുത്തി. ‘കളമശേരി സ്‌ഫോടനം ജൂതന്‍മാരെന്ന് കരുതിയുള്ള ആക്രമണമാകാം; പത്ത് സെക്കന്‍ഡില്‍ രണ്ട് സ്‌ഫോടനം ഗൗരവതരം’: ഉന്നത ഇന്റലിജന്‍സ്’ എന്ന ശീര്‍ഷകത്തില്‍ ന്യൂസ് 18 സമാനമായ വാര്‍ത്ത ചെയ്തിരുന്നു. മാതൃഭൂമി വാര്‍ത്തയില്‍നിന്ന് വ്യത്യസ്തമായി തെറ്റിദ്ധാരണയുടെ പുറത്ത് ആക്രമണം നടന്നെന്നായിരുന്നു വാര്‍ത്ത.

ഫലസ്തീന്‍-ഹമാസ് പ്രശ്നവുമായി സ്ഫോടനത്തിനുള്ള ബന്ധത്തില്‍ ഇരുകൂട്ടര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. ഈ വാര്‍ത്ത പുറത്തുവരുന്നതിനു മുന്നെ മാര്‍ട്ടിന്‍ കീഴടങ്ങിയിരുന്നു.


ഭൂമിശാസ്ത്ര ബന്ധം


ചരിത്രപരവും ഭൂമിശാസ്ത്രപരവുമായുള്ള ചില സൂചനകളും മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി. നികേഷിലൂടെത്തന്നെയാണ് ആദ്യമത് കേട്ടത്. സ്ഫോടനത്തിന് കൊച്ചി തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമുണ്ടോയെന്ന് നികേഷ്, സംശയമുന്നയിച്ചു. കൊച്ചി രാജാവ് ജൂതര്‍ക്ക് അഭയം നല്‍കിയതൊക്കെ ഓര്‍മിപ്പിച്ചു. പക്ഷേ, സെബാസ്റ്റ്യന്‍ പോള്‍ യോജിച്ചില്ല. അതേസമയം 2005 സെപ്റ്റംബർ ഒമ്പതിന് മഅ്ദനിയുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് ബസ് കത്തിച്ചത് കളമശേരിയിലാണെന്നും അങ്ങനെ നോക്കിയാല്‍ ജൂതര്‍ക്ക് പകരം യഹോവാസാക്ഷികളെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വായന.

അങ്ങനെ കൊച്ചിയുടെ സമുദായ ഭൂമിശാസ്ത്രം ഒരു മാധ്യമ ആഖ്യാന മാതൃകയായി വികസിക്കുകയായിരുന്നു.


സുരക്ഷാപ്രശ്‌നം
മാതൃഭൂമി ന്യൂസ് ഇതിനിടയില്‍ സ്‌ഫോടനത്തെ രാജ്യസുരക്ഷയുമായും ബന്ധപ്പെടുത്തി ആഖ്യാന മാതൃക സൃഷ്ടിച്ചു. ‘കളമശേരി സ്‌ഫോടനം; സംഭവിച്ചതെന്ത്? വിശദീകരിക്കുന്നു’ എന്ന വിഡിയോയിലൂടെയായിരുന്നു ഇത്. യുദ്ധവാര്‍ത്തകള്‍ നല്‍കുമ്പോഴുള്ള പദാവലികളും സൂചനകളും ബോധപൂര്‍വം ഉപയോഗിച്ചുകൊണ്ടായിരുന്നു അവതരണം. നേവിയുടെ ആയുധപ്പുര സ്‌ഫോടനം നടന്നിടത്തുനിന്ന് വെറും അഞ്ച് കിലോമീറ്റര്‍ ദൂരെയാണ്.

ആലുവ-മൂന്നാര്‍ റോഡ് വളരെ അടുത്താണ്. കണ്‍വെന്‍ഷന്‍ സെന്ററില്‍നിന്ന് പുറത്തേക്ക് പോകാന്‍ മൂന്ന് വഴികളുണ്ട്. അതുവഴി മാത്രമേ പരിപാടിയിലെത്തിയവര്‍ക്ക് പുറത്തുപോകാന്‍ കഴിയൂ- യുദ്ധതന്ത്രങ്ങള്‍ വിശദീകരിക്കുന്ന ഒരു സൈനികനെപ്പോലെ അവതാരകന്‍ സംസാരിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ കാണിച്ച കൊച്ചിയുടെ ഭൂപടം നാടകീയത വര്‍ധിപ്പിച്ചു.
കീഴടങ്ങലിനുശേഷം
മാര്‍ട്ടിനെതിരേ ചുമത്തിയത് യു.എ.പി.എയുടെ കീഴിലുള്ള ‘ജീവഹാനിക്കു കാരണമാകുന്ന ഭീകരപ്രവര്‍ത്തനം’ എന്ന വകുപ്പായിരുന്നുവെങ്കിലും പ്രതി മുസ്‌ലിമല്ലെന്ന് വ്യക്തമായതോടെ ‘ഭീകരത’, ‘ഭീകരപ്രവര്‍ത്തനം’, ‘രാജ്യദ്രോഹം’ തുടങ്ങിയ ആഖ്യാന മാതൃകകൾ വാര്‍ത്തകളില്‍നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി.

‘ഭീതി, ഭീകരം, ഉത്തരം’ എന്ന തലക്കെട്ടോടെ വാര്‍ത്ത അവതരിപ്പിച്ച മാതൃഭൂമിയുടെ പിറ്റേ ദിവസത്തെ പ്രിന്റ് എഡിഷനിലെ ആമുഖവാചകം ശ്രദ്ധേയമായിരുന്നു. ‘കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ കണ്‍വെന്‍ഷന്‍ നടന്ന സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്ഫോടനം. ആദ്യം ഭീകരാക്രമണമെന്ന വാര്‍ത്ത പടര്‍ന്നത് കേരളത്തെ ഭീതിയിലാഴ്ത്തി’യെന്നായിരുന്നു അത്. പുതിയ സാഹചര്യത്തില്‍ ‘ഭീകരത’ എന്ന ആഖ്യാന മാതൃക ഉപയോഗിക്കാനാവില്ലെന്നായിരുന്നു സൂചന.


മാര്‍ട്ടിന്റെ കീഴടങ്ങളിലിനു മുമ്പ് ഒരേ താല്‍പര്യത്തോടെ വാര്‍ത്ത ചെയ്ത മാധ്യമങ്ങള്‍ അതിനുശേഷം വിവിധ ദിശയില്‍ സഞ്ചരിച്ചു. മനോരമ മാര്‍ട്ടിന്‍ തനിച്ചാണെന്ന വസ്തുതയിലാണ് ഊന്നിയത്. (കൃത്യം ചെയ്തത് തനിച്ച്; ആരുടെയും സഹായമില്ലായിരുന്നു: പ്രതി ഡൊമിനിക്). മാത്രമല്ല, ബോംബ് സ്ഫോടനമെന്നതിനേക്കാള്‍ പൊട്ടിയത് ‘പടക്കം’ അല്ലെങ്കില്‍ ‘ഗുണ്ട്’, ആണെന്നും അത് പ്രാദേശികമായി വാങ്ങിയതാണെന്നുമുള്ള ആഖ്യാന മാതൃകയിൽ ഊന്നി. അന്താരാഷ്ട്ര ബന്ധം തള്ളി. മറ്റു മാധ്യമങ്ങളും പതുക്കെ ഇതേ ദിശയിലേക്ക് പിന്നീട് എത്തിച്ചേര്‍ന്നു.


വംശീയ ആഖ്യാന മാതൃകയിൽ അഭിരമിച്ച മാധ്യമങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാന ഭരണകൂടവും ഉന്നത പൊലിസ് അധികാരികളും വിഷയം ഭേദപ്പെട്ട രീതിയിലാണ് കൈകാര്യം ചെയ്തത്. പ്രതിയെ കണ്ടെത്തുന്നതിനു മുമ്പ് പുറത്തുവന്ന മിക്കവാറും ആഖ്യാന മാതൃകകള്‍ മാധ്യമങ്ങള്‍ സ്വന്തം നിലയില്‍ രൂപപ്പെടുത്തിയതാണെന്നാണ് ഇത് തെളിയിക്കുന്നത്. ഒരാക്രമണം നടന്നാല്‍ നടന്നാല്‍ മറിച്ച് തെളിവ് ലഭിക്കുംവരെ മുസ്‌ലിംകളെ സംശയിക്കുകയെന്ന മാധ്യമവല്‍കൃത ഇസ്‌ലാമോഫോബിയയുടെ വിവിധ മാതൃകകൾ പിന്തുടരുകയായിരുന്നു അവര്‍. ഇതിനിടയില്‍ ആലുവയില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തത് റിപ്പോര്‍ട്ട് ചെയ്ത മക്തൂബ് മീഡിയയിലെ എഡിറ്റര്‍ അസ്‌ലഹ് വടകര, മാധ്യമപ്രവര്‍ത്തകന്‍ റിജാസ് സഈദ് എന്നിവര്‍ക്കെതിരേ പൊലിസ് കേസെടുത്തു.

സ്‌ഫോടനം നടന്ന ദിവസം രാഷ്ട്രീയനേതൃത്വം പ്രദര്‍ശിപ്പിച്ച കൈയടക്കം ഇക്കാര്യത്തില്‍ ദൃശ്യമായിരുന്നില്ല. രാഷ്ട്രീയ ജാഗ്രത കുറയുന്ന മുറയ്ക്ക് ഭരണകൂട പ്രവര്‍ത്തനത്തിന്റെ സ്വാഭാവികരീതി ഇസ്‌ലാമോഫോബിയയിലേക്ക് വഴുതി മാറുന്നുവെന്നാണ് സൂചന.


(ബാബുരാജ് ഭഗവതി: സ്വതന്ത്ര
മാധ്യമപ്രവർത്തകനും ഗവേഷകനും ആണ്. കെ. അഷ്റഫ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് അഡ്വാൻസ് സ്റ്റഡീസിൽ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് ഫെല്ലോയും ഇംഗ്ലണ്ടിലെ വാർവിക്ക് യൂനിവേഴ്സിറ്റിയിൽ അധ്യാ

Content Highlights:Kalamasery and the media


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.