2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കാവന്‍ ഇനി ഏകാന്തനല്ല; 35 വര്‍ഷത്തെ നരകതുല്യ ജീവിതത്തിന് വിട നല്‍കി അവന്‍ യാത്രമായി പുതിയ ചങ്ങാതിമാരുടെ ചാരത്തേക്ക്

35 വര്‍ഷത്തെ നരകതുല്യമായ ജീവിതത്തിനൊടുവില്‍ കാവന് ഇത് പുതുജന്മമാണ്. ക്രൂരമായ മൃഗശാലവാസത്തിനു ശേഷം കാവന്‍ പാകിസ്താനിലേക്ക് വിമാനം കയറി, തന്നെ കാത്തിരിക്കുന്ന കംബോഡിയയിലെ കുലന്‍ പ്രോംപ്‌ടെപ ആനസംരക്ഷണകേന്ദ്രത്തിലെ തന്റെ പുതിയ ചങ്ങാതിമാര്‍ക്കിടയിലേക്ക്…

കാവന്‍ 1985 ലാണ് ശ്രീലങ്കയിലെ പിന്നവാലയില്‍ നിന്നും പാകിസ്താനിലെ ഇസ്‌ലാമാബാദിലുള്ള മൃഗശാലയിലെത്തിയത്. മൃഗശാലയിലെ ഏക ഏഷ്യന്‍ ആന. മൃഗശാലയിലെത്തുന്നവര്‍ക്കെല്ലാം അവന്‍ പ്രിയങ്കരനായിരുന്നുവെങ്കിലും ഏറെ ക്രൂരമായ പീഡനങ്ങളാണ് മൃഗശാല ജീവനക്കാരില്‍ നിന്നും അവന് നേരിടേണ്ടി വന്നത്.

ഏകാകിയായി കാവന്‍ വളര്‍ന്നുവന്നു. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ആനയെന്ന വിളിപ്പേരും അവനു സ്വന്തമായി. എട്ടുവര്‍ഷത്തിനു മുന്നെ അവനു കൂട്ടാളിയായി സഹേലി എന്നൊരു പിടിയാന അവനരികിലെത്തിയെത്തിയെങ്കിലും ഹൃദയാഘാതത്തെത്തുടര്‍ന്ന 2012ല്‍ അവനെ വീണ്ടും ഒറ്റക്കാക്കി അവള്‍ പോയി.

ശേഷം അവന്റെ സ്ഥിതിഗതികള്‍ വളരെ മോശമായിത്തുടങ്ങി. ആരോടും അടുപ്പമില്ലാതെ എപ്പോഴും ഒറ്റയ്ക്കിരിപ്പായി.ചിലപ്പോള്‍ അവന്‍ വളരെ അക്രമകാരിയായും കാണപ്പെട്ടു. അപ്പോഴും അവന്‍ മൃഗശാല അധികൃതരുടെ ക്രൂരതയ്ക്കിരയായിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെയാണ്, പോപ് ഗായികയായ ഷെര്‍ലിന്‍ സക്കീസിയന്‍ കാവനെക്കുറിച്ചറിയുന്നത്. മൃഗസ്‌നേഹിയായ അവര്‍ കാവന്റെ മോചനത്തിനായി രംഗത്തെത്തിയതോടെ അവന്റെ ദുരന്തജീവിതം ലോകമറിഞ്ഞു.


കാവന്റെ മോചനമാവശ്യപ്പെട്ടുള്ള കേസ് ഇതിനിടെ ഇസ്‌ലാമബാദ് ഹൈക്കോടതിയിലെത്തി. മൃഗശാലയുടെ അവസ്ഥയില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി അത് അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും ചെയ്തു.

അങ്ങനെ കാവന്റെ മോചനത്തിനും വഴിതെളിഞ്ഞു. കാവനെ മോചിപ്പിക്കാനുള്ള തീരുമാനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്നാണ് ഷേര്‍ വിശേഷിപ്പിച്ചത്.

കാവന്റെ ഒറ്റപ്പെടല്‍ മാറ്റിയെടുക്കാനായി കാവനെ കംബോഡിയയിലെ കുലന്‍ പ്രോംപ്‌ടെംപ് എന്ന ആനസംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ കാവനെ വിമാനത്തില്‍ കയറ്റി കംബോഡിയയിലെത്തിക്കുക എന്നത് ശ്രമകരമായിരുന്നു.

കാവനെ മയപ്പെടുത്താനായുള്ള ദൗത്യം ഏറ്റെടുത്തത് ഡോ. അമീര്‍ ഖാലിന്‍ എന്ന ഈജിപ്തുകാരനായ ഒരു സന്നദ്ധപ്രവര്‍ത്തകനായിരുന്നു. ആഘാതം നേരിട്ട ആനകളെ തിരിച്ചുകൊണ്ടുവരാന്‍ മികച്ച പരിശീലനം ലഭിച്ച ഒരാളാണ് അമീര്‍. പതുക്കെ കാവനുമായി അമീര്‍ ബന്ധം വളര്‍ത്തിയെടുക്കുകയും അവന്റെ ഉത്സാഹം തിരിക്കെ കൊണ്ടുവരുകയും ചെയ്തു.

കാവന്‍ അമീറില്‍ ഒരു സുഹൃത്തിനെ കണ്ടെത്തുകയായിരുന്നു. ഒരു കൂട്ടില്ലാത്തതായിരുന്നു കാവന്റെ പ്രശ്‌നം അത് കംബോഡിയയിലെത്തുന്നതോടെ മാറുമെന്ന് ഉറപ്പായതോടെ അവനെ വിമാനത്തില്‍ അവിടെയെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കാവനെ മരുന്ന് നല്‍കി മയക്കി പ്രത്യേകമായി രൂപകല്‍പന ചെയ്ത കൂട്ടിലാക്കി ലോറിയില്‍ കയറ്റിയാണ് ഇസ് ലാമാബാദ് വിമാനത്താവളത്തില്‍ എത്തിച്ചത്. റഷ്യന്‍ യാത്രാവിമാനത്തിലാണ് കാവന്റെ കംബോഡിയയിലേക്കുള്ള യാത്ര. അവിടെ അവനായി സൗഹൃദങ്ങളുടെ ഒരു വലയം തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഇനി കാവന്‍ ഏകനല്ല…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.