പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ സമർപ്പിച്ച വ്യാജരേഖ അഗളി പൊലിസ് കണ്ടെടുത്തു. മഹാരാജാസ് കോളേജിന്റെ പേരിൽ തയ്യാറാക്കിയ വ്യാജരേഖയുടെ പകർപ്പ് കൊച്ചി പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് കണ്ടെടുത്തത്. ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്ന് വിദ്യ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
പാലാരിവട്ടത്തെ ഇൻ്റർനെറ്റ് കഫേയിൽ നിന്നാണ് വിദ്യ വ്യാജരേഖയുടെ പ്രിൻ്റ് എടുത്തതെന്നും പൊലിസ് കണ്ടെത്തി. വിദ്യയുടെ ഫോൺ പരിശോധിച്ചപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവു ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാൽ മറ്റു വിവരങ്ങൾ കിട്ടിയില്ല. ഇതെ തുടർന്ന് ഗൂഗിളിന്റെ സഹായത്തോടെയാണ് പാലാരിവട്ടത്തെ കഫേയിൽ നിന്നും ഇത് സംബന്ധിക്കുന്ന വിവരങ്ങൾ കണ്ടെടുത്തത്. കഫേ ഉടമയുടെ മൊഴി പൊലിസ് രേഖപ്പെടുത്തി.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നേരത്തെ പൊലിസിന് മൊഴി നല്‍കിയിരുന്നു. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പൊലിസിനോട് സമ്മതിച്ചിരുന്നു. അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിൽ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്. അഭിമുഖം നടത്തിയ അധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെ തുടർന്നു മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ചു സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നു വിദ്യ പൊലിസിനോട് പറഞ്ഞു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം ലഭിക്കാന്‍ മുൻ എസ്എഫ്ഐ നേതാവായ കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
Comments are closed for this post.