കണ്ണൂര്‍: കോണ്‍ഗ്രസിനു മുന്നില്‍ നിബന്ധന വെക്കരുതെന്ന് എസ്.ആര്‍.പിയോട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുള്ളത് കേരളത്തില്‍ മാത്രമാണ്. കോണ്‍ഗ്രസ് ഇല്ലാതെ ഒരു മതേതര സഖ്യവും സാധ്യമല്ലെന്നും കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സിപിഎം പറയുന്നത് ബിജെപിയെ സഹായിക്കാനാണ്. പ്രതിപക്ഷസഖ്യം സംബന്ധിച്ച് കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കാന്‍ സി.പി.എം വളര്‍ന്നിട്ടില്ലെന്നും ആനയെ കല്യാണം ആലോചിക്കാന്‍ ഉറുമ്പ് പോയതുപോലെയാണ് സിപിഎമ്മിന്റെ നിലപാടെന്നും സുധാകരന്‍ പരിഹസിച്ചു.
സി.പി.എം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ. രാഷ്ട്രീയത്തില്‍ മുന്നണിയും ബന്ധങ്ങളുമൊക്കെ ഉണ്ടാകുന്നത് പ്രവര്‍ത്തനപരിപാടിയുടെ പശ്ചാത്തലത്തിലാണ്. സിപിഎം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങള്‍ അവരെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ എല്ലാവരെയും ബാധിക്കുന്നതാണ്. കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടായിസം കൊണ്ടും പണത്തിന്റെ ഹുങ്കും കാട്ടിയാണ് സിപിഎം കേരളത്തില്‍ പിടിച്ചു നില്‍ക്കുന്നത്. ആ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയം തീരുമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. കോടിയേരിയുടേയും എസ്ആര്‍പിയുടേയും അഭിപ്രായം സ്വീകരിച്ചുകൊണ്ട് മുന്നണിയുണ്ടാക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
Comments are closed for this post.