തിരുവനന്തപുരം: രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് സർവ്വിസുകളും നിർത്തുമെന്നുള്ള കെഎസ്ആർടിസി ഉത്തരവിൽ ഭേദഗതി. ഏതാണ്ട് 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പർ ഫാസ്റ്റുമുതൽ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സർവീസുകളിൽ മാത്രം ഇത് നടപ്പിലാക്കുവാൻ കെഎസ്ആർടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ എ.സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരിഗണിച്ചാണ് നടപടി.
ഇത്തരം സൂപ്പർ ക്ലാസ് ബസ്സുകൾ ആകെ ബസ്സുകളുടെ 5 ശതമാനത്തിൽ താഴെ മാത്രമാണ്. ബാക്കി 95% ബസുകളിലും സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ബസ്സുകൾ നിർത്തി നൽകുകയും ചെയ്യുന്നതാണെന്ന് കെഎസ്ആർടിസി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Comments are closed for this post.