2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കെ റെയില്‍; ‘നഷ്ടപരിഹാരം രണ്ടിരട്ടിക്കും മേലെ നല്‍കാന്‍ തയ്യാര്‍’, പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: കെ റെയില്‍ പദ്ധതിയില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടിരട്ടിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. അതിന് മുകളിലും നല്‍കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്‌ക്ലബ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് നാടിന്റെ വികസനത്തിന്റെ ആവശ്യകത ജനങ്ങളെ ബോധിപ്പിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി. നിക്ഷിപ്ത താല്‍പര്യക്കാരെ തുറന്ന് കാട്ടാന്‍ കഴിയുന്നില്ല. മുന്‍പ് വികസനോന്മുഖ പത്ര പ്രവര്‍ത്തനമായിരുന്നു.മുമ്പ് വികസനത്തിന് അനുകൂലമായിരുന്നു വാര്‍ത്തകള്‍. ഇന്ന് അതല്ല സ്ഥിതി. ഇന്ന് വികസനം മൂലമുള്ള ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് എല്ലാ പുനരധിവാസ പദ്ധതികളും ഉറപ്പാക്കിയിട്ടുണ്ട്. അതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും വികസന പത്ര പ്രവര്‍ത്തനം പത്ര പ്രവര്‍ത്തകര്‍ പാടെ ഉപേക്ഷിച്ച മട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കണം. സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുത്തിത്തിരിപ്പുകള്‍ക്ക് ഇട കൊടുക്കരുത്. വികസനം സ്തംഭിപ്പിക്കുന്നവരുടെ മെഗാ ഫോണ്‍ ആയി മാറരുത്. സ്വയം പരിശോധനയും തിരുത്തലിനും തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കുഞ്ഞിനെയും കൊണ്ട് വരുന്നവരെ മഹത്വ വല്‍ക്കരിക്കുന്നു. മുത്തങ്ങയില്‍ പാവപ്പെട്ട ആദിവാസികള്‍ക്ക് നേരെ നടന്ന വെടിവെപ്പ് അടിച്ചമര്‍ത്തലായി കാണാത്ത പത്രങ്ങളുണ്ട്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പക്ഷപാതിത്വം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.